ദേശീയ ക്ലീൻ കേരള കോൺക്ലേവ് ‘വൃത്തി 2025’ സമാപിച്ചു
കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ദേശീയ ക്ലീൻ കേരള കോൺക്ലേവ് ‘വൃത്തി 2025’ സമാപിച്ചു. കേരളം വികേന്ദ്രീകൃതവും ജനകീയവുമായ മാലിന്യസംസ്കരണ മോഡൽ സൃഷ്ടിക്കുകയാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് സമാപന സമ്മേളനത്തിൽ പറഞ്ഞു. മാലിന്യ സംസ്കരണത്തിൻ്റെ ഈ കേരള മോഡൽ ഇതിനകം മറ്റ് സംസ്ഥാനങ്ങളെ സ്വാധീനിക്കുന്നുണ്ട്. തമിഴ്നാട് സംസ്ഥാനം കേരള മാതൃകയിൽ ക്ലീൻ തമിഴ്‌നാട് മിഷൻ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. അടിത്തട്ട് മുതൽ തുടങ്ങി മുകൾതട്ട് വരെ എത്തിയ ഒരു ജനകീയ യത്നത്തിൻ്റെ അടുവിലാണ് വൃത്തി 2025 കോൺക്ലേവ് നടന്നത്.
വൃത്തി ക്ലീൻ കേരള കോൺക്ലേവ് 2025 ൽ നടന്ന ബിസിനസ് മീറ്റിൽ 2900 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചു. ജനങ്ങളെ മുഴുവൻ പങ്കാളികളാക്കുമ്പോഴാണ് പൂർണതോതിൽ വിജയിക്കാൻ കഴിയുകയെന്നും അദ്ദേഹം പറഞ്ഞു. ഒറ്റപ്പെട്ട മാതൃകകളിൽ നിന്ന് കേരളമാകെ വിജയകരമായ ഒരു മാതൃകയ്ക്ക് ഗതിവേഗം കൈവന്നിരിക്കുകയാണ്. ബ്രഹ്മപുരം മാലിന്യ പ്ലാൻ്റിൻ്റെ തീപിടിത്തത്തിന് ശേഷം ഈ അപകടത്തെ സർക്കാർ ദൃഢനിശ്ചയത്തോടെ അവസരമാക്കി മാറ്റുകയായിരുന്നു. അവിടെ നിന്ന് തുടങ്ങിയ മുന്നേറ്റം വലിയ വിജയത്തിലെത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. മാലിന്യ സംസ്കരണത്തിനുള്ള അത്യാധുനിക സാങ്കേതികവിദ്യകളെക്കുറിച്ചുള്ള ആകർഷകമായ അവതരണങ്ങൾ നടത്താനും കോൺക്ലേവിന് കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.
കേരളത്തിലെ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിഷന്‍ ഡോക്യുമെന്റ് ഗവര്‍ണര്‍ പ്രകാശനം ചെയ്തു. സമാപന സമ്മേളനത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് അധ്യക്ഷനായി. വി.കെ. പ്രശാന്ത് എം.എല്‍.എ, ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി അനുപമ ടി.വി. തുടങ്ങിയവര്‍ പങ്കെടുത്തു.