പ്രധാനമന്ത്രി മെയ് രണ്ടിന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കമ്മീഷൻ ചെയ്യും

Spread the love

ചരിത്ര നിമിഷത്തിനാണ് വിഴിഞ്ഞം സാക്ഷ്യം വഹിക്കാൻ പോകുന്നത് –  മന്ത്രി വി.എൻ. വാസവൻ

ചരിത്രത്തിൽ ഇടംനേടാനിരിക്കുന്ന ഒരവിസ്മരണീയ നിമിഷത്തിനാണ് മേയ് 2ന് നാട് സാക്ഷ്യം വഹിക്കാൻ പോകുന്നതെന്ന് തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ. മേയ് 2ന് നടക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കമ്മീഷനിങ്ങുമായി ബന്ധപെട്ടു വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

പ്രധാനമന്ത്രി നരേന്ദ്ര മോദി മെയ് രണ്ടിന് രാവിലെ 11ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കമ്മീഷൻ ചെയ്യും. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര ഷിപ്പിംഗ്-പോർട്സ് വകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ, സംസ്ഥാന മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ. അനിൽ, സജി ചെറിയാൻ, മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എംപിമാരായ ശശി തരൂർ, അടൂർ പ്രകാശ്, എ.എ. റഹീം, എം.എൽ.എ എം. വിൻസെന്റ്, അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി, മേയർ ആര്യ രാജേന്ദ്രൻ, അദാനി പോർട്‌സ് മാനേജിങ് ഡയറക്ടർ കരൺ അദാനി തുടങ്ങിയവർ പങ്കെടുക്കും.

2024 ജൂലൈയിൽ വിഴിഞ്ഞത്തിന്റെ ട്രയൽ റൺ ആരംഭിച്ചു. ഡിസംബർ മൂന്നിന് കമ്മീഷനിംഗ് സർട്ടിഫിക്കറ്റ് ലഭിച്ചു. 285 കപ്പലുകൾ ഇതുവരെയായി വിഴിഞ്ഞത്ത് എത്തി. ഇതുവരെ 5.93 ലക്ഷം TEU കൈകാര്യം ചെയ്യാൻ സാധിച്ചു. ഫെബ്രുവരി മാസത്തിലും മാർച്ച് മാസത്തലും വന്ന കപ്പലുകളും കണ്ടൈയിനറുകളും കണക്കിലെടുക്കുമ്പോൾ രാജ്യത്തെ തന്നെ ഒന്നാമത്തെ തുറമുഖമായി വിഴിഞ്ഞം മാറുന്നുവെന്നു കാണാം. 2028 ഓടെ തുടർന്നുള്ള ഘട്ടങ്ങൾ പൂർത്തിയാകുമെന്നും 2034 മുതൽ വരുമാനം ലഭിച്ചു തുടങ്ങുമെന്നും മന്ത്രി കൂട്ടിചേർത്തു.

സാൻ ഫെർണാണ്ടോ, എം.എസ്.സി തുർക്കി തുടങ്ങിയ കൂറ്റൻ കപ്പലുകൾക്ക് തുറമുഖത്ത് സുഗമമായി അടുക്കാൻ സാധിച്ചത് വിഴിഞ്ഞം തുറമുഖത്തിന്റെ പ്രകൃതിദത്ത സൗകര്യങ്ങൾ വിളിച്ചോതുന്നതാണ്. അസംസ്‌കൃത വസ്തുക്കളുടെ അഭാവം, ഓഘി, പ്രളയം, കോവിഡ് -19 എന്നിങ്ങനെ ഒട്ടനവധി തടസ്സങ്ങളെ അതിജീവിച്ചാണ് നിർമ്മാണം പൂർത്തിയാക്കുന്നത് എന്നും 2034 ഓടെ തുറമുഖത്തെ പൂർണ്ണ അർത്ഥത്തിലും ലക്ഷ്യത്തിലും വ്യപ്തിയിലും എത്തിക്കാൻ സാധിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

രണ്ടും മൂന്നും ഘട്ട വികസനത്തിന്റെ ഭാഗമായി കണ്ടെയ്നർ ടെർമിനൽ 1,200 മീറ്റർ നീളത്തിലേക്ക് വിപുലീകരിക്കും. ബ്രേക്ക് വാട്ടറിന്റെ നീളം 900 മീറ്റർ കൂടി വർധിപ്പിക്കും, കണ്ടെയ്നർ സംഭരണ യാർഡിന്റെയും, ബന്ധപ്പെട്ട അടിസ്ഥാനസൗകര്യങ്ങളുടെയും വികസനം, 1220 മീറ്റർ നീളമുള്ള മൾട്ടിപർപ്പസ് ബർത്തുകൾ, 250 മീറ്റർ നീളമുള്ള ലിക്വിഡ് ബർത്തുകൾ , ലിക്വിഡ് കാർഗോ സംഭരണ സൗകര്യങ്ങളുടെ വികസനം എന്നിവയ്ക്ക് ആവശ്യമുള്ള 77.17 ഹെക്ടർ വിസ്തൃതിയിലുള്ള ഭൂമിയാണ് ഡ്രജിങ്ങിലൂടെ കടൽ നികത്തി കണ്ടത്തുക. ഇതിനായി സ്വകാര്യ ഭൂമി ഏറ്റെടുക്കേണ്ടതില്ല.

AVPPL-ന്റെ ചുമതലയിൽ 2 കി.മീ അപ്രോച്ച് റോഡ് നിർമാണം പുരോഗമിക്കുന്നു. തലക്കോട് ജംഗ്ഷനിൽ NH 66-മായി ബന്ധിപ്പിക്കുന്ന ഡിസൈൻ NHAI അംഗീകരിച്ചെങ്കിലും, ചരക്കു നീക്കം കണക്കിലെടുത്ത് ക്ലോവർ ലീഫ് ഡിസൈൻ നിർദേശിച്ചു. ഇതിന് അധിക ഭൂമി ഏറ്റെടുക്കണം. ഭൂമി ഏറ്റെടുക്കലിന്റെ ചെലവും സമയബന്ധിത നടപടികളും സംസ്ഥാന സർക്കാർ NHAI-യുമായി ചർച്ച ചെയ്യുന്നു. കാലതാമസം ഒഴിവാക്കാൻ താൽക്കാലിക സംവിധാനങ്ങൾ NHAI അംഗീകരിക്കുകയും AVPPL നിർമാണം ആരംഭിക്കുമായും ചെയ്തിട്ടുണ്ട്.

 

Author

Leave a Reply

Your email address will not be published. Required fields are marked *