നഴ്‌സുമാര്‍ നടത്തുന്നത് സമാനതകളില്ലാത്ത ആതുര സേവനം : മന്ത്രി വീണാ ജോര്‍ജ്

Spread the love

നഴ്‌സിംഗ് മേഖലയില്‍ ഉണ്ടായത് ചരിത്ര മുന്നേറ്റം.

മേയ് 12 അന്താരാഷ്ട്ര നഴ്‌സസ് ദിനം.

തിരുവനന്തപുരം: നഴ്‌സുമാര്‍ നടത്തുന്നത് സമാനതകളില്ലാത്ത ആതുര സേവനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നഴ്‌സിംഗ് മേഖലയുടെ പുരോഗതിയ്ക്കായി സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. ഇതോടൊപ്പം നഴ്‌സിംഗ് വിദ്യാഭാസത്തിന് മികച്ച പ്രോത്സാഹനവും പിന്തുണയുമാണ് നല്‍കിവരുന്നത്. സര്‍ക്കാര്‍ മേഖലയില്‍ കാസര്‍ഗോഡ്, വയനാട്, ഇടുക്കി, പാലക്കാട്, കൊല്ലം, മഞ്ചേരി പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലും എന്നിവിടങ്ങളിലും സിമെറ്റിന്റെ കീഴില്‍ നെയ്യാറ്റിന്‍കര, വര്‍ക്കല, നൂറനാട്, കോന്നി, താനൂര്‍, ധര്‍മ്മടം, തളിപ്പറമ്പ് എന്നിവിടങ്ങളും ഉള്‍പ്പെടെ 15 നഴ്‌സിംഗ് കോളേജുകള്‍ ആരംഭിച്ചു. ഇതിലൂടെ സര്‍ക്കാര്‍, സര്‍ക്കാര്‍ അനുബന്ധ മേഖലകളില്‍ മാത്രം കഴിഞ്ഞ വര്‍ഷം 1020 ബി.എസ്.സി. നഴ്സിംഗ് സീറ്റുകള്‍ വര്‍ധിപ്പിച്ചു. സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലായി ബി.എസ്.സി. നഴ്‌സിംഗ് സീറ്റുകളുടെ എണ്ണം 9821 സീറ്റുകളാക്കി വര്‍ധിപ്പിച്ചു. തിരുവനന്തപുരത്തും ആലപ്പുഴയിലും എറണാകുളത്തും എം.എസ്.സി. മെന്റല്‍ ഹെല്‍ത്ത് നഴ്‌സിംഗ് കോഴ്‌സ് ആരംഭിച്ചു. ജനറല്‍ നഴ്‌സിങ്ങിന് 100 സീറ്റുകള്‍ വര്‍ധിപ്പിച്ചു. ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് നഴ്‌സിംഗ് മേഖലയില്‍ സംവരണം അനുവദിച്ചു.

ആതുരസേവന രംഗത്തെ പ്രൊഫഷണലുകളുടെ ഏറ്റവും വലിയ ഗ്രൂപ്പാണ് നഴ്‌സിംഗ്. നമ്മുടെ നഴ്സുമാരുടെ സേവന സന്നദ്ധതയും കഴിവും പ്രാഗത്ഭ്യവും മൂലം ആഗോള തലത്തില്‍ മലയാളി നഴ്സുമാര്‍ക്ക് വലിയ സ്വീകാര്യതയാണുള്ളത്. അത് മുന്നില്‍ കണ്ട് വലിയ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തി വരുന്നത്. വിദേശ രാജ്യങ്ങളില്‍ നഴ്സുമാര്‍ക്ക് മികച്ച അവസരങ്ങള്‍ ലഭ്യമാക്കാനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഉള്‍പ്പെടെയുള്ള സംഘം ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിന്റെ ഫലമായി വിദേശ രാജ്യങ്ങളില്‍ നഴ്‌സുമാര്‍ക്ക് വലിയ അവസരങ്ങളാണ് ലഭ്യമായത്.

ആധുനിക നഴ്‌സിങ്ങിന്റെ മാതാവായ ഫ്‌ളോറന്‍സ് നൈറ്റിംഗേലിന്റെ ജന്മദിനമായ മേയ് 12 ആണ് അന്താരാഷ്ട്ര നഴ്‌സസ് ദിനമായി ആചരിക്കുന്നത്. ഈ വര്‍ഷത്തെ നഴ്‌സസ് ദിന സന്ദേശം ‘നമ്മുടെ നഴ്‌സുമാര്‍, നമ്മുടെ ഭാവി- നഴ്‌സുമാരുടെ ക്ഷേമം ഉറപ്പാക്കുന്നത് സമ്പദ് വ്യവസ്ഥ ശക്തമാക്കുന്നു’ (Our nurses our future: caring for nurses strengthens economies) എന്നതാണ്. മെയ് 12ന് വൈകുന്നേരം 4 മണിക്ക് എ.കെ.ജി ഹാളില്‍ വച്ച് നടക്കുന്ന സംസ്ഥാന നഴ്‌സസ് ദിനാഘോഷം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി മുഖ്യ പ്രഭാഷണം നടത്തും. ചടങ്ങില്‍ ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയാകും. സമ്മേളന ഹാളില്‍ ലഹരി വിരുദ്ധ ദീപം തെളിയിക്കും. വിവിധ കലാപരിപാടികളോട് കൂടി ഈ വര്‍ഷത്തെ നഴ്‌സസ് ദിനാഘോഷം സമാപിക്കും.

Author

Leave a Reply

Your email address will not be published. Required fields are marked *