ഡാളസ് : കൊപ്പേല്‍ സെന്‍റ് അല്‍ഫോന്‍സാ സീറോ മലബാര്‍ കാത്തോലിക്കാ ദേവാലയത്തില്‍ മെയ് 11ാം തീയതി ഞായറാഴ്ച അമ്മമാരെ ആദരിക്കുകയുണ്ടായി. ആനാ ജാര്‍വീസ് എന്ന പേരുള്ള വനിതയാണ് മദേഴ്സ് ഡേ യുടെ സ്ഥാപക. 1908 മെയ് 12 ന് പ്രഥമ മദേഴ്സ് ഡേ ദേവാലയത്തില്‍ ഒരുമിച്ചു കൂടി ഈ ആഘോഷത്തിന് തുടക്കം കുറിച്ചു. തുടര്‍ന്നുള്ള എല്ലാം വര്‍ഷവും മെയ് മാസത്തിന്‍റെ രണ്ടാമത്തെ ഞായറാഴ്ച ലോകമെമ്പാടും മദേഴ്സ് ഡേ ആഘോഷിച്ചു വരുന്നു.
മെയ് 11 ഞായറാഴ്ച കുര്‍ബാനയുടെ മധ്യേയുള്ള വായന ഇപ്രകാരം ആയിരുന്നു. മുലകുടിക്കുന്ന കുഞ്ഞിനെ അമ്മക്കു മറക്കാനാവുമോ? പുത്രനോടു പെറ്റമ്മ കരുണ കാണിക്കാതിരിക്കുമോ? അവള്‍ മറന്നാലും ഞാന്‍ നിന്നെ മറക്കുകയില്ല. ( എശയ്യ 49: 15 ) തുടര്‍ന്നുള്ള സുവിശേഷ വായനയും അമ്മമാരെ അനുസ്മരിക്കുന്നതായിരുന്നു. ڇസ്ത്രിക്ക് പ്രസവ വേദന ആരംഭിക്കുമ്പോള്‍ അവളുടെ സമയം വന്നതു കൊണ്ട് അവള്‍ക്ക് ദു:ഖം ഉണ്ടാകുന്നു. എന്നാല്‍ ശിശുവിനെ പ്രസവിച്ചു കഴിയുമ്പോള്‍ ഒരു മനുഷ്യന്‍ ലോകത്തില്‍ ജനിച്ചതുകൊണ്ടുള്ള സന്തോഷം നിമിത്തം ആ വേദന പിന്നീട് ഒരിക്കലും അവള്‍ ഓര്‍മിക്കുന്നില്ല, അതുപോലെ നിങ്ങള്‍ ദു:ഖിതരാണ്. എന്നാല്‍ ഞാന്‍ വീണ്ടും നിങ്ങളെ കാണും. അപ്പോള്‍ നിങ്ങളുടെ ഹ്യദയം സന്തോഷിക്കും. നിങ്ങളുടെ സന്തോഷം ആരും നിങ്ങളില്‍ നിന്നും എടുത്തു കളയുകയില്ല (യോഹ 16: 21 22 )
ഇടവക വികാരി ഫാ ജിമ്മി ഇടക്കുളത്തില്‍ അമ്മമാരെ അഭിനന്ദിക്കുകയും വായിച്ച വചന ഭാഗത്തിന്‍റെ വിശദികരണവും നല്‍കുകയും ചെയ്തു. ദൈവത്തിന്‍റെ വിശ്വാസത്തില്‍ വളരുവാനും വിശ്വാസത്തില്‍ വളര്‍ത്തുവാനും പരിശുദ്ധാമാവിനെ അയച്ച് ശക്തി നല്‍കണമേയെന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്തു. ഗായക സംഘം അമ്മമാര്‍ക്കു വേണ്ടി ഗാനമാലപിച്ചു അതൊടൊപ്പം എല്ലാം അമ്മമാര്‍ക്കും റോസാ പൂവ് കൊടുത്ത് കൊണ്ട് ആദരിക്കുകയും ചെയ്തു. പിന്നീട് എല്ലാം അമ്മമാരും ഓഡിറ്റോറിയത്തില്‍ ഒത്തുകൂടുകയും ഗ്രൂപ്പ് ഫോട്ടോയും ചെറിയ ഗ്രൂപ്പായും ഫോട്ടോ എടുത്ത് തങ്ങളുടെ സന്തോഷം പങ്കു വച്ച് അമ്മമാരുടെ ദിനം ആഘോഷമാക്കി.
കൈക്കാരമ്മാരായ ജോഷി കുര്യാക്കോസ്, രജ്ജിത്ത് തലക്കോട്ടൂര്‍ റോബിന്‍ ജേക്കബ്, റോബിന്‍ കുര്യന്‍ എന്നീവര്‍ മദേഴ്സ് ഡേ ആഘോഷങ്ങള്‍ക്ക് നേത്യത്ത്വം നല്‍കി.
റിപ്പോര്‍ട്ട് : ലാലി ജോസഫ്