സയൻസ് സിറ്റിയുടെ ഒന്നാംഘട്ടമായ സയൻസ് സെന്റർ യാഥാർത്ഥ്യമാകുന്നു

Spread the love

മേയ് 29ന് മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കും.

ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക മ്യൂസിയത്തിന്റെ ആഭിമുഖ്യത്തിൽ സ്ഥാപിക്കപ്പെടുന്ന സയൻസ് സിറ്റിയുടെ ഒന്നാംഘട്ടമായ സയൻസ് സെന്റർ യാഥാർത്ഥ്യമായിരിക്കുകയാണ്. കോട്ടയം കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിലെ കോഴയിൽ ആരംഭിക്കുന്ന സയൻസ് സിറ്റിയിലെ സയൻസ് സെന്റർ മുഖ്യമന്ത്രി പിണറായി വിജയൻ മേയ് 29ന് വൈകിട്ട് അഞ്ചു മണിക്ക് ഉദ്ഘാടനം ചെയ്യും.

സംസ്ഥാന സർക്കാർ അനുവദിച്ച മുപ്പത് ഏക്കർ ഭൂമിയിലാണ് കോട്ടയത്ത് സയൻസ് സിറ്റി ഉയരുന്നത്. ശാസ്ത്രഗാലറികൾ, ത്രിമാനപ്രദർശന തിയേറ്റർ, ശാസ്ത്ര പാർക്ക്, സെമിനാർ ഹാൾ, ഇന്നോവഷൻ ഹബ് എന്നിവ ഉൾക്കൊള്ളൂന്ന സയൻസ് സെന്ററാണ് ഇതിലെ പ്രധാന ഭാഗം. പ്ലാനേറ്റേറിയം, മോഷൻ സിമുലേറ്റർ, ഓഗ്മെന്റഡ് റിയാലിറ്റി / വിർച്വൽ റിയാലിറ്റി തിയേറ്ററുകൾ, സംഗീത ജലധാര, പ്രകാശ ശബ്ദ സമന്വയ പ്രദർശനം, വാന നിരീക്ഷണ സംവിധാനം, പൂന്തോട്ടങ്ങൾ, സന്ദർശകർക്കുള്ള സൗകര്യങ്ങൾ, പ്രവേശനകവാടം, അനുബന്ധ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയാണ് സയൻസ് സിറ്റി പദ്ധതിയിൽ വിഭാവനം ചെയ്തിരിക്കുന്നത്.

47,147 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമ്മിച്ചിരിക്കുന്ന സയൻസ് സെന്റർ കെട്ടിടത്തിൽ ഫൺ സയൻസ്, മറൈൻ ലൈഫ് ആൻഡ് സയൻസ്, എമേർജിങ്ങ് ടെക്‌നോളജി എന്നീ ശാസ്ത്ര ഗാലറികളും, ത്രീ-ഡി തിയേറ്റർ, ടെമ്പററി എക്‌സിബിഷൻ ഏരിയ, ആക്റ്റിവിറ്റി സെന്റർ, സെമിനാർ ഹാൾ, കോൺഫറൻസ് ഹാൾ, വർക്ക് ഷോപ്പുകൾ എന്നിവ സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ സയൻസ് സെന്ററിന് ചുറ്റുമായി സയൻസ് പാർക്കും ദിനോസർ എൻക്ലേവും സ്ഥാപിച്ചിട്ടുണ്ട്. വാന നിരീക്ഷണ സംവിധാനത്തിനായി ടെലസ്‌കോപ്പും ഒരുക്കിയിട്ടുണ്ട്.

Author

Leave a Reply

Your email address will not be published. Required fields are marked *