കെസിഎ പിങ്ക് ടൂർണ്ണമെൻ്റ് : പേൾസിനും സാഫയറിനും വിജയം

Spread the love

തിരുവനന്തപുരം : കെസിഎ സംഘടിപ്പിക്കുന്ന പിങ്ക് ടി 20 ചലഞ്ചേഴ്സ് വനിതാ ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ പേൾസിനും സാഫയറിനും വിജയം. പേൾസ് 18 റൺസിന് ആംബറിനെ തോല്പിച്ചപ്പോൾ റൂബിക്കെതിരെ അഞ്ച് വിക്കറ്റിനായിരുന്നു സാഫയറിൻ്റെ വിജയം.

ആംബറിനെതിരെ ആദ്യം ബാറ്റ് ചെയ്ത പേൾസ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 114 റൺസെടുത്തു. ക്യാപ്റ്റൻ ഷാനിയുടെ ഇന്നിങ്സാണ് പേൾസിന് കരുത്ത് പകർന്നത്. ഷാനി 45 പന്തുകളിൽ നിന്ന് 37 റൺസെടുത്തു.ദിവ്യ ഗണേഷ് 19ഉം കീർത്തി ജെയിംസ് 15ഉം റൺസ് നേടി. രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തിയ ദർശന മോഹനനും അക്സയുമാണ് ആംബർ ബൌളിങ് നിരയിൽ തിളങ്ങിയത് . മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ആംബറിന് വേണ്ടി ശീതളും ശ്രുതി ശിവദാസനും മാത്രമാണ് അല്പമെങ്കിലും പിടിച്ചു നിന്നത്. ശീതൾ 28ഉം ശ്രുതി 18ഉം റൺസെടുത്തു. മറ്റുള്ളവർ കാര്യമായ സംഭാവനകളില്ലാതെ മടങ്ങിയതോടെ 19.3 ഓവറിൽ 96 റൺസിന് ആംബർ ഓൾ ഔട്ടായി.മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആര്യനന്ദയും രണ്ട് വിക്കറ്റ് വീഴ്ത്തിയ സ്റ്റെഫി സ്റ്റാൻലിയുമാണ് പേൾസിന് വേണ്ടി മികച്ച ബൌളിങ് കാഴ്ച വച്ചത്.

രണ്ടാം മല്സരത്തിൽ സാഫയറിനെതിരെ ആദ്യം ബാറ്റ് ചെയ്ത റൂബിക്ക് 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 66 റൺസ് മാത്രമാണ് നേടാനായത്. ബാറ്റിങ് നിരെ ആകെ തകർന്നടിഞ്ഞപ്പോൾ 20 റൺസെടുത്ത അബിന എം മാത്രമാണ് രണ്ടക്കം കടന്നത് . സാഫയറിന് വേണ്ടി അലീന ഷിബു മൂന്നും ശ്രേയ റോയ് രണ്ട് വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സാഫയറിന് ക്യാപ്റ്റ്ൻ അക്ഷയ സദാനന്ദൻ മികച്ച തുടക്കം നല്കി. 29 റൺസെടുത്ത അക്ഷയ പുറത്തായതോടെ തുടരെ മൂന്ന് വിക്കറ്റുകൾ കൂടി സാഫയറിന് നഷ്ടമായി. എന്നാൽ ഐശ്വര്യയും അനുശ്രീയും ചേർന്ന് 34 പന്തുകൾ ബാക്കി നില്ക്കെ ടീമിനെ ലക്ഷ്യത്തിലെത്തിച്ചു. റൂബിക്ക് വേണ്ടി വിനയ സുരേന്ദ്രൻ മൂന്ന് വിക്കറ്റ് വീഴ്ത്തി. വിജയത്തോടെ സാഫയർ പോയിൻ്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തി. മറുവശത്ത് കളിച്ച എട്ട് മല്സരങ്ങളും തോറ്റാണ് ടീം റൂബിയുടെ മടക്കം.

PGS Sooraj

 

Author

Leave a Reply

Your email address will not be published. Required fields are marked *