മയക്കുമരുന്നില്‍ മുങ്ങിയ കേരളം
ലഹരി വലയില്‍പ്പെട്ട് ജീവിതം ഹോമിക്കുന്ന മകനെ ഭയന്നുകഴിയുന്ന അമ്മമാരുടെ നാടായി കേരളത്തെ മാറ്റി എന്നതു മാത്രമാണ് പിണറായി വിജയന്റെ ഒന്‍പത് വര്‍ഷത്തെ ഭരണ നേട്ടം കേരളത്തല്‍ എവിടെയുംലഹരിയും സുലഭമാണ്. മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ഏതു കൊലപാതകം എടുത്താലും അതില്‍ ലഹരിയുടെ പങ്ക് കാണാന്‍ സാധിക്കും. നിയമസഭയില്‍ ഈ വിഷയം ചൂണ്ടിക്കാട്ടിയപ്പോഴും കേസെടുത്തതിന്റെ കണക്കാണ് സര്‍ക്കാര്‍ പറഞ്ഞത്. വലിക്കുന്ന
ആളുകള്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. എവിടെ നിന്നാണ് ലഹരി മരുന്ന് എത്തുന്നത് എന്നത് കണ്ടെത്തണം. രണ്ട് ഐ.ജിമാരെ എന്‍ഫോഴ്സ്മെന്റിനായി നിയോഗിക്കണം. സപ്ലെ ചെയിന്‍ ബ്രേക്ക് ചെയ്യാതെ കേരളത്തെ രക്ഷിക്കാനാകില്ല. എക്സൈസിന്റെയും പൊലീസിന്റെയും ജോലിയല്ല ബോധവത്ക്കരണം. അത് സമൂഹിക സംഘടനകളും യുവജനസംഘടനകളുമൊക്കെ ചെയ്യും. മുഖ്യമന്ത്രി നടത്തിയ യോഗത്തിലും ബോധവത്ക്കരണത്തെ കുറിച്ചാണ് പറയുന്നത്. ലഹരിയുടെ ലഭ്യത ഇല്ലാതാക്കുകയാണ് വേണ്ടത്. വചകമടി കൊണ്ട് ഒന്നും നടക്കില്ല. ലഹരി മാഫിയകള്‍ക്കുള്ള രാഷ്ട്രീയരക്ഷകര്‍തൃത്വവും സി.പി.എം അവസാനിപ്പിക്കണം.
അഴിമതിയില്‍ മുങ്ങിക്കുളിച്ച കേരളം
ജനവിരുദ്ധ നിലപാടുകളും അഴിമതിയും; ഇതു തന്നെയാണ് നാലാം വര്‍ഷത്തില്‍ എത്തി നില്‍ക്കുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ മുഖമുദ്ര. ഈ സര്‍ക്കാരിന്റെ അഴിമതിയും പിടിപ്പുകേടും പിന്‍വാതില്‍ നിയമനങ്ങളും കേരളത്തെ സമാനതകളില്ലാത്ത കടക്കെണിയിലേക്ക് തള്ളിവിട്ടത്. എല്ലായിടത്തും അഴിമതിയും ധൂര്‍ത്തുമാണ്. ആശ വര്‍ക്കര്‍മാക്ക് പണം നല്‍കാനില്ലാത്തവരാണ് പി.എസ്.സി ചെയര്‍മാനും അംഗങ്ങള്‍ക്കും ശമ്പളം വര്‍ധിപ്പിച്ചു കൊടുത്തത്. വനിതാ സി.പി.ഒ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടികള്‍ സഹനസമരം ചെയ്തിട്ടും നിങ്ങള്‍ അവരെ കാണാനെങ്കിലും തയാറായോ? പണമില്ലെന്നു പറയുന്ന അതേ സര്‍ക്കാരാണ് ആരോപണ വിധേയനായ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം എബ്രഹാമിന് ആറര ലക്ഷം രൂപയാണ് ശമ്പളമായി നല്‍കുന്നത്.
മുഖ്യമന്ത്രിയുടെ ആദ്യത്തെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിലില്‍ പോയി. രണ്ടാമത്തെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് എതിരെ ഗുരുതര ആരോപണമാണ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് ഉപജാപകസംഘമായി മാറി. അവരാണ് പൊലീസിനെ നിയന്ത്രിക്കുന്നത്. കേരളം ലഹരി മരുന്നിന്റെ ഹബ്ബായി മാറിയിരിക്കുകയാണ്. ലഹരി മാഫിയകള്‍ക്ക് സി.പി.എം രാഷ്ട്രീയരക്ഷാകര്‍തൃത്വം നല്‍കിക്കൊണ്ടിരിക്കുകയാണ സംസ്ഥാനങ്ങളുടെ സാമ്പത്തികനില വിലയിരുത്താനായി നിതി ആയോഗ് 2025 ല്‍ പുറത്തിറക്കിയ 2023 വര്‍ഷത്തെ പ്രഥമ സാമ്പത്തിക ഭദ്രതാ സൂചികയുണ്ട് (ഫിസ്‌കല്‍ ഹെല്‍ത്ത് ഇന്‍ഡക്‌സ്). ഇതില്‍ 18 പ്രധാന സംസ്ഥാനങ്ങളുടെ നിരയില്‍ കേരളം പതിനഞ്ചാമതാണ്. ധന വിനിയോഗത്തിലെ കാര്യക്ഷമത, വരുമാന സമാഹരണം, സാമ്പത്തിക അച്ചടക്കം, വായ്പയും സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പാദനവും (ജി.എസ്.ഡി.പി) തമ്മിലുള്ള അനുപാതം (ഡെറ്റ് ഇന്‍ഡക്സ്), കടം താങ്ങാനുള്ള പരിധി തുടങ്ങിയവ പരിഗണിച്ചാണ് സ്‌കോര്‍.
വന്‍കിട പദ്ധതികള്‍ ഒന്നുമില്ലാത്ത 9 വര്‍ഷം
വിഴിഞ്ഞവും മെട്രോയും ഉള്‍പ്പെടെ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നടപ്പാക്കിയത് അല്ലാതെ എന്ത് വികസന പ്രവര്‍ത്തനങ്ങളാണ് ഒന്‍പതു വര്‍ഷത്തിനിടെ ഈ സര്‍ക്കാര്‍ നടപ്പാക്കിയത്. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഉള്‍പ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും പ്രതിസന്ധിയിലാക്കിയ ഈ സര്‍ക്കാരാണ് ഖജനാവില്‍ നിന്നും പൊതുപണമെടുത്ത് വര്‍ഷികം ആഘോഷിക്കുന്നത്. അതിനുള്ള ഒരു അവകാശവും ഇവര്‍ക്കില്ല.
ധനപ്രതിസന്ധി
ചരിത്രത്തില്‍ ഇന്നുവരെ ഉണ്ടായിട്ടില്ലാത്ത ധനപ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നത്. അടിസ്ഥാന വര്‍ഗങ്ങളെ പൂര്‍ണമായും അവഗണിച്ചു. ആരോഗ്യ കാര്‍ഷിക വിദ്യാഭ്യാസ രംഗങ്ങള്‍ അനിശ്ചിതത്വത്തിലായി. മലയോര ജനത വന്യജീവി ആക്രമണത്തില്‍ കഷ്ടപ്പെടുമ്പോള്‍ ഈ സര്‍ക്കാര്‍ തിരിഞ്ഞു
നോക്കുന്നില്ല. തീരപ്രദേശവും വറുതിയിലും പട്ടിണിയിലുമാണ്. ജനങ്ങള്‍ കഷ്ടപ്പെടുമ്പോള്‍ ക്ഷേമ- വികസന പദ്ധതികള്‍ പൂര്‍ണമായു നിര്‍ത്തിവയ്ക്കുന്ന സ്ഥിതിയിലേക്ക് കേരളം കൂപ്പു കുത്തിയിരിക്കുകയാണ്. ഖജനാവില്‍ പണമില്ല. ആറു ലക്ഷം കോടി രൂപയുടെ കടക്കെണിയിലേക്ക് സംസ്ഥാനം എത്തിയിരിക്കുകയാണ്. കരാറുകാര്‍ക്ക് കോടിക്കണക്കിന് രൂപയാണ് നല്‍കാനുള്ളത്. ധനപ്രതിസന്ധി പരിഹരിക്കാനുള്ള ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല.
സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ പല തവണ മുടങ്ങി. ക്ഷേമനിധി ബോര്‍ഡുകളും തകര്‍ച്ചയുടെ വക്കിലാണ്. പാവപ്പെട്ട തൊഴിലാളികള്‍ അവരുടെ ജീവിതകാലം മുഴുവന്‍ അധ്വാനിച്ച പണം അംശാദായമായി കൊടുത്ത് ക്ഷേമനിധികളില്‍ നിന്നു പോലും പെന്‍ഷനോ മറ്റ് ആനുകൂല്യങ്ങളോ നല്‍കുന്നില്ല. കെട്ടിട നിര്‍മ്മാണ് ക്ഷേമനിധി ബോര്‍ഡുകളില്‍ ഉള്‍പ്പെടെ പെന്‍ഷന്‍ മുടങ്ങിയിട്ട് 16 മാസമായി. അംഗന്‍വാടി ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നില്ല. ആശ വര്‍ക്കര്‍മാരോടും അംഗന്‍വാടി ജീവനക്കാരോടും ദയാരഹിതമായാണ് പൊലീസ് പെരുമാറുന്നത്. വേതന വര്‍ധനവിന് വേണ്ടി സമരം ചെയ്യുന്നവരെ കോര്‍പറേറ്റ് മുതലാളിമാരെപ്പോലെയാണ് മന്ത്രിമാര്‍ അപഹസിക്കുന്നത്. സമരം ചെയ്യുന്നവരെ കളിയാക്കുന്ന തീവ്രവലതുപക്ഷ സര്‍ക്കാരായി ഇവര്‍ മാറി. കോര്‍പറേറ്റ് മുതലാളിത്തത്തിന്റെ എല്ലാ ജാഡകളുമുള്ള സര്‍ക്കാരും മന്ത്രിമാരുമാണ് കേരളത്തിലുള്ളത്.
സര്‍ക്കാര്‍ ഇല്ലായ്മയാണ് കേരളം അനുഭവിക്കുന്നത്. ആശുപത്രികളില്‍ മരുന്നുകളില്ല. കാരുണ്യ പദ്ധതി പൂര്‍ണമായും മുടങ്ങി. റബറിന് 250 രൂപ തറവിലയാക്കുമെന്ന് പ്രകടനപത്രികയില്‍ പറഞ്ഞവര്‍ ആ വാഗ്ദാനം നടപ്പാക്കിയില്ല. എല്ലാ കാര്‍ഷിക ഉല്‍പന്നങ്ങളുടെയും വില ഇടിഞ്ഞു. നാളികേര സംഭരണം നടക്കുന്നില്ല. നെല്ലു സംഭരണം പൂര്‍ണമായും പാളിപ്പോയി. മില്ലുടമകളുമായി ചേര്‍ന്ന് കര്‍ഷകരെ കബളിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. വന്യജീവി ആക്രമണത്തിലും ഒരു നടപടിയുമില്ല. നാലു മാസത്തിനിടെ 18 പേരെയാണ് ആന ചവിട്ടിക്കൊന്നത്. കഴിഞ്ഞ ദിവസവും മൂന്നു പേര്‍ കൊല്ലപ്പെട്ടു. എന്നിട്ടും സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. തീരപ്രദേശത്ത് മണല്‍ ഖനനം നടത്തുമ്പോഴും സര്‍ക്കാര്‍ മിണ്ടാതിരിക്കുന്നു. മണ്ണെണ്ണ സംബ്സിഡി വര്‍ധിപ്പിക്കുന്നില്ല. തീരദേശ ഇതുതന്നെയാണ് കേരളത്തിന്റെ എല്ലാ മേഖലകളിലും നിലനില്‍ക്കുന്നത്.
എസ് സി എസ് ടി പ്ലാന്‍ ഫണ്ട് (എസ് സി പി, ടി എസ് പി) കഴിഞ്ഞ മൂന്ന് വര്‍ഷമായി വര്‍ധിപ്പിച്ചിട്ടില്ല. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ എസ്.സി ഫണ്ടില്‍ 500 കോടിയും, എസ് ടി ഫണ്ടില്‍ 120 കോടിയും വെട്ടിക്കുറച്ചു. കെ.എസ്.ഇ.ബിയും സപ്ലൈകോ കെ.എസ്.ആര്‍.ടി, വാട്ടര്‍ അതോറിട്ടി ഉള്‍പ്പെടെ എല്ലാത്തിനോടും അവഗണനയാണ്. വാട്ടര്‍ അതോറിട്ടിയില്‍ 4500 കോടിയാണ് ജല്‍ജീവന്‍ പദ്ധതിയിലെ കരാറുകാര്‍ക്ക് നല്‍കാനുള്ളത്. ജല്‍ജീവന്‍ മിഷന്‍ പദ്ധതി നടത്തിപ്പില്‍ കേരളം ദേശീയ ശരാശരിയെക്കാള്‍ പിന്നിലാണ്. 31.03.2025 വരെയുള്ള കണക്കനുസരിച്ച് ജല്‍ജീവന്‍ മിഷന്‍ പദ്ധതി വഴി രാജ്യത്ത് 80 ശതമാനം ഗ്രാമീണ വീടുകളില്‍ പൈപ്പ് വഴിയുള്ള കുടിവെള്ളം എത്തിയപ്പോള്‍ കേരളത്തില്‍ ഇത് 54 ശതമാനം മാത്രമാണ്. രാജ്യത്ത് ഗ്രാമീണ മേഖലയിലാകെയുള്ള 19.36 കോടി വീടുകളില്‍ 15.57 കോടി വീടുകളിലാണ് വെള്ളം എത്തിക്കാന്‍ കഴിഞ്ഞത്. കേരളത്തില്‍ ഗ്രാമീണ മേഖലയിലുള്ള 70.77 ലക്ഷം വീടുകളില്‍ 38.56 ലക്ഷം വീടുകളിലാണ് ഇതുവരെ ജല്‍ജീവന്‍ മിഷന്‍ വഴി കുടിവെള്ളം ലഭ്യമാക്കാന്‍ കഴിഞ്ഞിട്ടുള്ളത്.
കേന്ദ്ര സര്‍ക്കാര്‍ നല്‍കാനുള്ള പണത്തില്‍ സംസ്ഥാന വിഹിതം നല്‍കാന്‍ പറ്റുന്നില്ല. കരാറുകാര്‍ ആത്മഹത്യാ മുനമ്പിലാണ്. സംസ്ഥാനത്തെ ഏറ്റവും ദുരിതപൂര്‍ണമാക്കി കടത്തിന്റെ കാണാക്കയത്തിലേക്ക് തള്ളിയിട്ട സര്‍ക്കാര്‍ എന്നാകും ഈ സര്‍ക്കാരിനെ ചരിത്രം രേഖപ്പെടുത്താന്‍ പോകുന്നത്. 1996-2001ല്‍ നായനാര്‍ ഭരണകാലത്ത് ഉണ്ടായതിനേക്കാള്‍ രൂക്ഷമായ ധനപ്രതിസന്ധിയാണ് ഈ സര്‍ക്കാര്‍ സംസ്ഥാനത്തിന് ഉണ്ടാക്കിയത്.
ജനങ്ങള്‍ ബുദ്ധിമുട്ടുമ്പോഴും കോടികള്‍ മുടക്കിയാണ് സര്‍ക്കാര്‍ പരസ്യം ചെയ്യുന്നത്. പെന്‍ഷന്‍ നല്‍കാന്‍ പണം ഇല്ലാത്തപ്പോഴും മുഖ്യമന്ത്രിയുടെ ഹോള്‍ഡിങ് വയ്ക്കാന്‍ മാത്രം പതിനഞ്ച് കോടി രൂപ മുടക്കുന്ന ഈ സര്‍ക്കാരിന് നാണമുണ്ടോ? ഐക്യജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ നാലാം വാര്‍ഷികം പൂര്‍ണമായും ബഹിക്കരിക്കും. നിയോജക മണ്ഡലങ്ങളില്‍ നടക്കുന്ന വികസനപദ്ധതികളുടെ ഉദ്ഘാടന ചടങ്ങുകളില്‍ എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കും തദ്ദേശ ജനപ്രതിനിധികളും പങ്കെടുക്കും. കാരണം അത് അവരുടെ കൂടി അധ്വാനത്തിന്റെ ഫലമാണ്. അല്ലാതെയുള്ള എല്ലാ ആഘോഷ പരിപാടികളും യു.ഡി.എഫ് പൂര്‍ണമായും ബഹിഷ്‌ക്കരിക്കും. സര്‍ക്കാരിന്റെ ജനവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുറന്നു കാട്ടുന്നതിനു വേണ്ടിയുള്ള ബദല്‍ പ്രചരണ പരിപാടികളും യു.ഡി.എഫ് സംഘടിപ്പിക്കും.
സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയം
സംഘ്പരിവാര്‍ നേതാക്കളെയും നാണിപ്പിക്കുന്ന രീതിയിലുള്ള ഗാന്ധി നിന്ദയാണ് കണ്ണൂരിലെ സി.പി.എം നേതാക്കള്‍ നടത്തുന്നത്. മലപ്പട്ടം അടുവാപുറത്ത് ഗാന്ധി സ്തൂപം നിര്‍മ്മിക്കാന്‍ അനുവദിക്കില്ലെന്നാണ് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.വി ഗോപിനാഥിന്റെ ഭീഷണി. ഗാന്ധി നിന്ദ നടത്തുകയും പരസ്യമായി ഭീഷണിപ്പെടുത്തുകയും ചെയ്ത ഇയാള്‍ക്കെതിരെ കേസെടുക്കാന്‍ പോലീസ് തയാറാകണം.
യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി സനീഷിന്റെ പേരെടുത്ത് പറഞ്ഞാണ് സി.പി.എം നേതാവായ ഈ ക്രിമിനല്‍ ഭീഷണിപ്പെടുത്തിയത്. സനീഷിന്റെ വീടിന് മുന്നിലൊ വീടിന്റെ അടുക്കളയിലൊ ഗാന്ധി സ്തൂപം നിര്‍മ്മിച്ചാല്‍ തകര്‍ക്കുമെന്നാണ് ഇയാളുടെ ഭീഷണി. ഇതേ ഭാഷ തന്നെയായിരുന്നു സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടേതും. കൊലപാതകവും ഗുണ്ടായിസവും കൊട്ടേഷന്‍ പ്രവര്‍ത്തനങ്ങളുമൊക്കെയാണ് സി.പി.എം എന്ന പാര്‍ട്ടിയുടെ പൊതുപരിപാടിയെന്നാണ് ഈ നേതാക്കള്‍ വ്യക്തമാക്കുന്നത്.
മലപ്പട്ടം അടുവാപുറത്ത് ഗാന്ധി സ്തൂപം നിര്‍മ്മിക്കുമെന്നു തന്നെയാണ് സി.പി.എം ക്രിമിനല്‍ സംഘങ്ങളോട് പറയാനുള്ളത്. ആരൊക്കെ ഏതൊക്കെ രീതിയില്‍ ഭീഷണിപ്പെടുത്തിയാലും നിങ്ങള്‍ പാര്‍ട്ടി ഗ്രാമങ്ങളെന്ന് അവകാശപ്പെടുന്ന ഇടങ്ങളിലേയ്‌ക്കെല്ലാം കോണ്‍ഗ്രസ് കടന്നു വരും.
തെരുവ്നായ ആക്രമണം
2024 വര്‍ഷം നായ കടിയേറ്റ് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികില്‍സ തേടിയവര്‍ 3, 16, 793 പേരാണെന്നും എം.ബി രാജേഷ് നിയമസഭയില്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ആശുപത്രിയില്‍ മാത്രം ചികില്‍സ തേടിയവരുടെ കണക്കാണിത്. സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയവരുടെ എണ്ണം കൂടി പുറത്ത് വന്നാല്‍ നായ കടിയേറ്റ് ചികില്‍സ തേടിയവരുടെ എണ്ണം ഇരട്ടിയിലധികമായി ഉയരും.
നായ കടിയേറ്റ് ചികില്‍സ തേടിയവരില്‍ മുന്നില്‍ തിരുവനന്തപുരം ജില്ലയാണ്. 50870 പേരാണ് തിരുവനന്തപുരത്ത് നായ കടിയേറ്റ് ചികില്‍സ തേടിയത്. കൊല്ലം, എറണാകുളം, പാലക്കാട് ജില്ലകളാണ് തൊട്ട് പിറകില്‍.
ജില്ല തിരിച്ച് നായകടിയേറ്റ് ചികില്‍സ തേടിയവരുടെ എണ്ണം ചുവടെ: തിരുവനന്തപുരം 50870, കൊല്ലം 37618, പത്തനംതിട്ട 15460, ആലപ്പുഴ -27726, കോട്ടയം 23360, ഇടുക്കി -10003, എറണാകുളം 32086, തൃശൂര്‍ 29363, പാലക്കാട് 31303, മലപ്പുറം 11143, കോഴിക്കോട് 18472, വയനാട്-5719, കണ്ണൂര്‍ 15418, കാസര്‍ഗോഡ് 8252 എന്നിങ്ങനെയാണെന്നും അടൂര്‍ പ്രകാശ് ചൂണ്ടിക്കാട്ടി.