സുസ്ഥിര വളർച്ചക്കും സാമൂഹിക നീതിയിലധിഷ്ഠിതമായ വികസനത്തിനും ശാസ്ത്രാവബോധവും സാങ്കേതിക അറിവുകളും വ്യാപകമാക്കേണ്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രൊഫഷണലുകളുമായുള്ള സംവാദ പരിപാടിയായ പ്രൊഫഷണൽ കണക്ട് 2025 ൽ ആമുഖ പ്രസംഗം നടത്തുകയായിരുന്നു മുഖ്യമന്ത്രി.
വർഷങ്ങൾക്കപ്പുറം നവോത്ഥാന നായകന്മാരുടെ നേതൃത്വത്തിലും തുടർന്നും ഇല്ലാതാക്കിയ അന്ധവിശ്വാസങ്ങൾ തിരികെ വരുന്ന, വ്യാപകമാകുന്ന കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. ഗവേഷണ പിന്തുണയിലും ഉന്നത വിദ്യാഭ്യാസ മേഖലയിലും പല ദേശീയ ഗ്രാൻഡുകളും ഇല്ലാതാകുകയോ വെട്ടിക്കുറയ്ക്കുകയോ ചെയ്തിട്ടുണ്ട്.
ഗവേഷണ മേഖലക്കായി സംസ്ഥാനം കൈരളി ഗവേഷണ പുരസ്‌കാരം, നവകേരള സൃഷ്ടിക്കനുയോജ്യമായ മുഖ്യമന്ത്രിയുടെ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ്, ഉന്നത വിദ്യാഭ്യാസ മേഖലയിൽ 30 മികവിന്റെ കേന്ദ്രങ്ങൾ, സർവകലാശാലകൾ കേന്ദ്രീകരിച്ച് ട്രാൻസ്ലേഷണൽ ലാബുകൾ എന്നിവ ആരംഭിച്ചു. ഡിജിറ്റൽ സയൻസ് പാർക്കുകളും എഐ ഹബ്ബുകളും ഉൾപ്പെടെയുള്ള പുതിയ സംരംഭങ്ങളിലൂടെ ശാസ്ത്ര മനോഭാവം വളർത്തുന്നതിനുള്ള പ്രവർത്തനങ്ങളുമായി കേരളം മുന്നോട്ട് പോവുകയാണ്. മൂന്ന് ഡിജിറ്റൽ സയൻസ് പാർക്കുകൾക്കായി സംസ്ഥാനം 600 കോടി രൂപയാണ് ചെലവഴിക്കുന്നത്.