പ്രതിപക്ഷ നേതാവ് ഇന്ദിരാഭവനില്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണം.
രാജ്ഭവനില്‍ ആര്‍.എസ്.എസ് നേതാവിനെ വിളിച്ചു വരുത്തി രാഷ്ട്രീയ പ്രസംഗം നടത്തിയത് അനുചിതം; ഗവര്‍ണറെ പ്രതിഷേധം അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണം; ക്രെഡിറ്റ് ഏറ്റെടുത്ത് ഫ്‌ളക്‌സ് വച്ചവര്‍ ദേശീയപാത തകര്‍ന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നില്ല; സമഗ്ര അന്വേഷണവും പരിശോധനയും നടത്തണമെന്ന് ആവശ്യപ്പെട്ട് നിതിന്‍ ഗഡ്ക്കരിക്ക് കത്ത് നല്‍കും; സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തില്‍ പരസ്യം അല്ലാതെ മന്ത്രിമാരുടെ പ്രമോഷന് വേണ്ടി മാധ്യമങ്ങള്‍ക്ക് പണം നല്‍കിയിട്ടുണ്ടെയെന്ന ചോദ്യത്തിന് മുഖ്യമന്ത്രി ഉത്തരം പറയണം; മന്ത്രിമാര്‍ തമ്മിലുള്ള തര്‍ക്കത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇനിയും പുറത്തുവരും.
തിരുവനന്തപുരം : ഓപ്പറേഷന്‍ സിന്ദൂറിന്റെ പേരില്‍ രാജ്ഭവന്‍ സംഘടിപ്പിച്ച പരിപാടിയില്‍ ആര്‍.എസ്.എസ് നേതാവായ ഗുരുമൂത്തിയെ പങ്കെടുപ്പിച്ചരിക്കുകയാണ്. മുന്‍ കേന്ദ്ര സര്‍ക്കാരുകളെയും മുന്‍ പ്രധാനമന്ത്രിമാരെയും കുറിച്ച് അധിക്ഷേപകരമായ പരാമര്‍ശങ്ങളാണ് ഗുരുമൂര്‍ത്തി അവിടെ നടത്തിയത്. ഇത്തരം രാഷ്ട്രീയ പ്രസംഗങ്ങള്‍ക്കുള്ള വേദിയല്ല രാജ്ഭവന്‍. രാജ്ഭവന്‍ ഗവര്‍ണറുടെ ആസ്ഥാനമാണ്. ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് പരിപാടി നടത്തുന്നതില്‍ ഞങ്ങള്‍ക്ക് ഒരു വിരോധവുമില്ല. മിലിട്ടറി എക്‌സ്പര്‍ട്ടുകളെയോ വിദേശകാര്യ വിദഗ്ധന്‍മാരെയോ കൊണ്ടുവന്നാണ് പ്രഭാഷണം നടത്തേണ്ടത്. രാജ്ഭവനില്‍ ഔദ്യോഗികമായി ഒരു ആര്‍.എസ്.എസ് നേതാവിനെ കൊണ്ടു വന്ന് പ്രസംഗിപ്പിക്കുകയും മുന്‍ സര്‍ക്കാരുകള്‍ക്കെതിരായി രാഷ്ട്രീയ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തത് ദൗര്‍ഭാഗ്യകരവും അനൗചിത്യവുമാണ്. ഇക്കാര്യത്തിലുള്ള പ്രതിഷേധം സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണറെ അറിയിക്കണം. രാജ്ഭവനില്‍ രാഷ്ട്രീയ പരിപാടി സംഘടിപ്പിച്ചതില്‍ പ്രതിപക്ഷം അതിശക്തിയായി പ്രതിഷേധിക്കുന്നു. സര്‍ക്കാരും മുഖ്യമന്ത്രിയും ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണം.
പരസ്യം അല്ലാതെ വേറെ ഏതെങ്കിലും വഴിയിലൂടെ മാധ്യമങ്ങള്‍ക്ക് പണം നല്‍കുന്നുണ്ടോയെന്ന ചോദ്യത്തിന് ഉത്തരം നല്‍കാതെ മുഖ്യമന്ത്രി ഒഴിഞ്ഞുമാറി. ഞാന്‍ മാധ്യമങ്ങള്‍ക്ക് എതിരെ പറഞ്ഞെന്നാണ് പറഞ്ഞത്. ഞാന്‍ മാധ്യമങ്ങള്‍ക്ക് എതിരെയല്ല മുഖ്യമന്ത്രിയോടാണ് ചോദിച്ചത്. വ്യവസായ മന്ത്രി പറഞ്ഞത് ഞാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് എതിരെ പറഞ്ഞെന്നാണ്. ഞാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് എതിരെയും പറഞ്ഞിട്ടില്ല. മാധ്യമങ്ങള്‍ക്ക് പരസ്യമല്ലാതെ പണം നല്‍കുന്നുണ്ടെങ്കില്‍ അത് നികുതി പണത്തില്‍ നിന്നാണ്. എന്തിനാണ് അങ്ങനെ പണം നല്‍കുന്നത്? അങ്ങനെ നല്‍കിയിട്ടുണ്ടെങ്കില്‍ എത്ര തുകയാണ് നല്‍കിയത്? സര്‍ക്കാരോ സര്‍ക്കാരിന് കീഴിലുള്ള ഏതെങ്കിലും ഏജന്‍സിയോ പണം നല്‍കിയിട്ടുണ്ടോ? അതാണ് വ്യക്തമാക്കേണ്ടത്. പ്രതിപക്ഷ നേതാവ് പരിഹാസ്യനാകുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പണം കൊടുത്ത് മാര്‍ക്ക് ഇടുകയും പ്രമോഷന്‍ നടത്തുകയും ചെയ്യുന്ന മുഖ്യമന്ത്രിയാണ് പരിഹാസ്യനാകേണ്ടത്. അതിനെ വിമര്‍ശിച്ച ഞാന്‍ എന്തിനാണ് പരിഹാസ്യനാകുന്നത്? മറുപടി പറയാതെ മുഖ്യമന്ത്രി ഒഴിഞ്ഞു മാറുകയാണ്. മറുപടി പറഞ്ഞേ മതിയാകൂ.
നാലാം വാര്‍ഷികത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് മാധ്യമ സ്ഥാപനങ്ങള്‍ക്കും അവരുമായി ബന്ധപ്പെട്ട ഓണ്‍ലൈനുകള്‍ക്കും പരസ്യം അല്ലാതെ പണം നല്‍കിയിട്ടുണ്ട്. പണം നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറയട്ടെ. പല മാധ്യമ സ്ഥാപനങ്ങളും പണം വാങ്ങി പ്രമോഷന്‍ ചെയ്തിട്ടുണ്ട്. മാധ്യമങ്ങള്‍ വഴി പരസ്യം നല്‍കുന്നതില്‍ ഒരു തെറ്റുമില്ല. പരസ്യ അല്ലാതെയാണ് ഇവിടെ പണം നല്‍കിയത്. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിന്റെ തലേ ദിവസം പ്രൈം ടൈംമില്‍ ഒരു മിനിട്ട് നല്‍കണമെന്നും ജില്ലകളില്‍ ഉദ്ഘാടനം നടക്കുന്നതിന്റെ അന്ന് പ്രൈം ടൈംമിലും നോണ്‍ പ്രൈം ടൈംമിലും സമയം നല്‍കണമെന്നും എക്‌സിബിഷനുകളിലെ ഡോക്യുമെന്ററികള്‍ പ്രദര്‍ശിപ്പിക്കണമെന്നും മന്ത്രിമാരെ പ്രമോട്ട് ചെയ്യണമെന്നും പറഞ്ഞാണ് പണം നല്‍കിയത്. പരസ്യം നല്‍കുമ്പോള്‍ അത് പരസ്യമാണെന്ന് പറഞ്ഞാണ് നല്‍കാറുള്ളത്. പരസ്യമാണെന്ന് അതിന് മുകളിലുണ്ടാകും. അല്ലാതെയാണ് പണം നല്‍കുന്നില്ലെന്ന്. ഇല്ലെന്ന് മുഖ്യമന്ത്രി പറയട്ടേ. നേരത്തെ കിഫ്ബിയും അവരുടെ പ്രമോഷന് വേണ്ടി പണം നല്‍കിയിട്ടുണ്ട്. ചില മാധ്യമ സ്ഥാപനങ്ങള്‍ അത് ചെയ്തിട്ടുമുണ്ട്. മാധ്യമ പ്രവര്‍ത്തകര്‍ പണം വാങ്ങി പരസ്യം ചെയ്തു എന്ന് ഞാന്‍ പറഞ്ഞിട്ടില്ല. മാധ്യമ സ്ഥാപനങ്ങള്‍ക്ക് പണം നല്‍കിയിട്ടുണ്ട്. അതേക്കുറിച്ച് പ്രതിപക്ഷം പറയും. അതില്‍ ഒരു ഭയവുമില്ല. ആരും ഭയപ്പെടുത്താനും വരേണ്ട. പണം നല്‍കി ചെയ്തിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്.
ഒരോ കാര്യങ്ങളും സര്‍ക്കാര്‍ പ്രമോട്ട് ചെയ്യുകയാണ്. നേരത്തെ ഹൈവെ പ്രമോട്ട് ചെയ്തിട്ട് ഇപ്പോള്‍ എന്തായി. ചെറിയ മഴ പെയ്തപ്പോള്‍ തന്നെ സംസ്ഥാന വ്യാപകമായി ദേശീയപാതയില്‍ വിള്ളലാണ്. അശാസ്ത്രീയമായാണ് ദേശീയപാത പണിയുന്നതെന്ന് പ്രതിപക്ഷം നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. അന്ന് നിയമസഭയില്‍ ഭരണപക്ഷം പരിഹസിച്ചു. ഹൈവെയ്ക്ക് എതിരെ നിലപാട് എടുത്താല്‍ വിവരം അറിയുമെന്നാണ് പറഞ്ഞത്. ഒരു ഡസന്‍ എം.എല്‍.എമാരാണ് അന്ന് എനിക്കെതിരെ സംസാരിച്ചത്. അശാസ്ത്രീയമായാണ് നിര്‍മ്മാണം. പല സ്ഥലത്തും ബൈപാസുകളില്ല, മഴ പെയ്താല്‍ ഇടിഞ്ഞു വീഴുകയാണ്. മണ്ണ് പിരശോധന പോലും നടത്താതെയാണ് പില്ലറുകള്‍ വാര്‍ത്തിരിക്കുന്നത്. ക്രെഡിറ്റ് ഏറ്റെടുത്ത് ഫ്‌ളക്‌സ് വച്ച ആരെയും ഇപ്പോള്‍ കാണുന്നില്ല. വലിയ മഴ വന്നാല്‍ പല സ്ഥലങ്ങളിലും വെള്ളക്കെട്ടുണ്ടാകും. തോടുകളും കാനകളുമൊക്കെ മൂടിയാണ് നിര്‍മ്മാണം നടത്തിയത്. കേന്ദ്ര സര്‍ക്കാര്‍ നിര്‍മ്മിച്ച ദേശീയ പാതയുടെ ക്രെഡിറ്റ് ഏറ്റെടുത്തത് അല്ലാതെ ഒരു ഏകോപനവും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല. ഇതേക്കുറിച്ച് ഇനിയും പ്രതിപക്ഷം പറയും.
റോഡ് തകര്‍ന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ആരും ഇല്ലാത്ത സ്ഥിതിയാണ്. നിരീക്ഷണം നടത്തി പരിശോധിച്ച് ക്രെഡിറ്റ് ഏറ്റെടുത്ത് ഫ്‌ളക്‌സ് വച്ച ആരും ഇപ്പോഴില്ല. പാലാരിവട്ടം പാലത്തിന്റെ നിര്‍മ്മണത്തില്‍ അപാകത ഉണ്ടെന്ന റിപ്പോര്‍ട്ട് മാത്രമാണ് പുറത്തു വന്നത്. അല്ലാതെ പാലം ഇടിഞ്ഞു വീണില്ല. അന്ന് പഞ്ചവടി പാലമാണെന്ന തരത്തിലായിരുന്നല്ലോ സി.പി.എമ്മിന്റെ പ്രചരണം. ഇപ്പോള്‍ സി.പി.എം കേന്ദ്ര സര്‍ക്കാരിനോ ദേശീയപാത അതോറിട്ടിക്കോ എതിരെ ഒരു പ്രചരണവും നടത്തുന്നില്ലല്ലോ. ക്രെഡിറ്റ് എടുത്തവര്‍ക്കും പൂര്‍ണ ഉത്തരവാദിത്തമുണ്ട്. ഇപ്പോള്‍ വ്യാപകമായി സര്‍വീസ് റോഡുകള്‍ തകര്‍ന്നു വീഴുകയാണ്. വലിയ മഴ കൂടി വരുമ്പോള്‍ എന്താണ് സംഭവിക്കുന്നതെന്ന് കണ്ടറിയാം. ദേശീയ പാത നിര്‍മ്മാണം സംബന്ധിച്ച് സമഗ്രമായ അന്വേഷണവും പരിശോധനയും നടത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ക്കരിക്ക് കത്ത് നല്‍കും. എന്‍ജിനീയറിങ് സൂപ്പര്‍വിഷന്‍ കാര്യമായി ഉണ്ടായിട്ടില്ല. നാലാം വാര്‍ഷികത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കൊട്ടിഘോഷിച്ചു കൊണ്ടു വന്ന ഹൈവെ ഇപ്പോള്‍ നിലത്ത് കിടക്കുകയാണ്.
സ്മാര്‍ട് സിറ്റി റോഡുകള്‍ സംബന്ധിച്ച് മന്ത്രിമാര്‍ തമ്മിലുള്ള തര്‍ക്കത്തെ കുറിച്ച് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. ഇതു സംബന്ധിച്ച് നിരവധി കാര്യങ്ങള്‍ അറിയാം. അതൊക്കെ പുറത്തേക്ക് വരട്ടേ. കുറച്ചുകൂടി പുറത്തേക്ക് വരാനുണ്ട്. ഇപ്പോള്‍ ഞാന്‍ പറഞ്ഞാല്‍ അതൊന്നും പുറത്തേക്ക് വരില്ല. ഇതൊന്നും ഒരു പ്രമോഷന്‍ കാമ്പയിനും തടുത്ത് നിര്‍ത്താന്‍ പറ്റില്ല. നാലാം വാര്‍ഷികത്തില്‍ തിരുവനന്തപുരത്ത് ഒരു ദളിത് യുവതിക്ക് നേരിടേണ്ടി വന്ന പീഡനം എന്താണ് കേരളത്തിലെ പൊലീസ് ചെയ്യുന്നത് എന്നതിന്റെ പ്രതീകമാണ്.