മയാമിയില്‍ മലയാളി കത്തോലിക്ക പുരോഹിതരുടെ മഹാസംഗമം : ജോയി കുറ്റിയാനി

Spread the love

മയാമി: മയാമി നഗരാതിര്‍ത്തിയില്‍ മലയാളികള്‍ക്കായി തലയെടുപ്പോടുകൂടി ഉയര്‍ന്നു നില്‍ക്കുന്ന ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് കാത്തലിക് ഫോറോനാ ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍; ചിക്കാഗോ സീറോ മലബാര്‍ രൂപതയുടെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് ഈ അത്യാപൂര്‍വ്വമായ വൈദിക സംഗമം 2025 നവംബര്‍ 18, 19 തീയതികളില്‍ സംഘടിപ്പിക്കുന്നത്.

ചിക്കാഗോ സീറോ മലബാര്‍ രൂപതയില്‍ സേവനം ചെയ്യുന്ന നൂറോളം വരുന്ന വൈദിക കൂട്ടായ്മയല്ല ഈ സംഗമം ശ്രദ്ധേയമാക്കു ന്നത്. മറിച്ച് അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലായി സീറോ മലബാര്‍; സീറോ മലങ്കര; ലത്തീന്‍ റീത്തുകളിലും; എല്ലാ കോണ്‍ഗ്രിഗേഷനിലും; സന്യാസസഭകളിലും ഉള്‍പ്പെട്ട മലയാളി കത്തോലിക്ക പുരോഹിതരുടെ ഇദംപ്രഥമമായ ഒരു ഒത്തുചേരലാണ് ഇവിടെ വിഭാവനം ചെയ്തിരിക്കുന്നത്.

അമേരിക്കയിലെമ്പാടും വിവിധ മേഖലകളില്‍ സേവനം ചെയ്യുന്ന മലയാളി കത്തോലിക്ക പുരോഹിതര്‍ അഞ്ഞൂറിലധികം വരുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

വിവിധ അമേരിക്കന്‍ രൂപതകളില്‍ ഉയര്‍ന്ന സ്ഥാനം അലങ്കരിക്കുന്ന അനേകം സീനിയര്‍ വൈദികര്‍ മുതല്‍, അമേരിക്കന്‍ പാരീഷുകളില്‍, മിഷന്‍ സ്റ്റേഷനുകളില്‍, അമേരിക്കന്‍ യൂണി
വേഴ്‌സിറ്റികളില്‍ അദ്ധ്യാപകര്‍, ഗവേഷണ വിദ്യാര്‍ത്ഥികള്‍, ഒട്ടനവധി ഹോസ്പിറ്റലുകളില്‍ ചാപ്ലിന്‍മാര്‍ മുതല്‍ അഡ്മിനിസ്‌ട്രേറ്റീവ് വൈസ് പ്രസിഡന്റുമാര്‍ വരെ, അനവധി നിരവധി കര്‍മ്മ മേഖലകളില്‍ സമര്‍പ്പിതരായി നേതൃത്വവും; നൈപുണ്യവും തെളിയിച്ച മലയാളി പുരോഹിതര്‍ ഈ രാജ്യത്ത് സേവനം ചെയ്യുന്നു.

”മലയാളി പ്രീസ്റ്റ് കോയ്‌നോനിയ” (Malayalee Priests’ Koinonia) എന്ന പേരാണ് ഈ വൈദിക സംഗമത്തിന് നല്‍കിയിരിക്കുന്നത്. ‘കോയ്‌നോനിയ’ എന്ന ഗ്രീക്കുപദം അര്‍ത്ഥമാക്കുന്നത്: ഒരുമ, കൂട്ടായ ഐക്യം, സൗഹൃദം പങ്കിടല്‍.

പുരോഹിതര്‍ക്ക് അവരുടെ ദൗത്യത്തെ വീണ്ടും ഉറപ്പാക്കുവാനും, ചിന്തകളില്‍ പുതുമ സൃഷ്ടിക്കുവാനും, ബന്ധങ്ങളില്‍ കൂടുതല്‍ ഉണര്‍വ്വും ഊഷ്മളതയും ലഭിക്കുവാനും, അതുവഴി പുതിയ തലമുറയ്ക്ക് പ്രചോദനം നല്‍കി ഭാവിയിലേക്ക് ഒരുമിച്ച് മുന്നേറുന്നതിനുള്ള ഒരുചാലകമായും ഈ സംഗമം സാക്ഷിയാകും.

ചിക്കാഗോ സീറോ മലബാര്‍ രൂപതയുടെ 25 വര്‍ഷം പൂര്‍ത്തീകരിക്കുന്ന ഈ ജൂബിലിവര്‍ഷത്തില്‍ സംഘടിപ്പിക്കുന്ന ഈ പുതുമയാര്‍ന്ന വൈദിക സംഗമത്തിന്റെ വികിരണങ്ങള്‍ അമേരിക്കയിലുടനീളമുള്ള മലയാളി കത്തോലിക്ക സമൂഹങ്ങളിലേക്ക് വ്യാപിച്ച് അതിന്റെ അടിത്തറകളെ ശക്തിപ്പെടുത്തുകയും, കൂടുതല്‍ ആത്മീയ ഐക്യത്തിനും, നവീകരണത്തിന്റെ ആഴമേറിയ ക്രൈസ്തവ സാക്ഷ്യത്തിനും, സുവിശേഷവത്കരണത്തിനും വിശ്വാസമൂല്യങ്ങളെ പ്രോജ്ജ്വോലിപ്പിച്ച് ആരാധനാ അനുഷ്ഠാനങ്ങളില്‍ സജീവ പങ്കാളിത്വത്തിനും ഈ ചരിത്രപരമായ മഹാ
സംഗമം ഇടയാക്കുമെന്നാണ് ചിക്കാഗോ രൂപത വിഭാവനം ചെയ്തിരിക്കുന്നത്.

ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ചിക്കാഗോ രൂപതയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളിലെ അത്യാപൂര്‍വ്വമായ ഈ മഹാസംഗമത്തിന് വേദിയാകുന്നത് അറബിക്കടലിന്റെ താരാട്ട് പാട്ട് കേട്ട് ഉറങ്ങുന്ന കേരളം പോലെ അത്‌ലാന്റിക് മഹാസമുദ്രം തഴുകി താലോലിക്കുന്ന അമേരിക്ക യിലെ കേരളം എന്നു വിശേഷിപ്പിക്കുന്ന സൗത്ത് ഫ്‌ളോറിഡായിലെ മയാമി നഗരത്തിലാണെന്നുള്ളതും ഏറ്റം ശ്രദ്ധേയമാണ്.

ചിക്കാഗോ രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ട് രക്ഷാധികാരിയും, വികാരി ജനറാള്‍ റവ. ഫാ. ജോണ്‍ മേലേപ്പുറം സഹ രക്ഷാധികാരിയും, ഇടവക വികാരി റവ. ഫാ. ജോഷി
ഇളംബാശ്ശേരി ചെയര്‍മാനും, ജോഷി ജോസഫ് ജനറല്‍ കണ്‍വീനറുമായി മുപ്പതിലധികം വിവിധ കമ്മിറ്റി ചെയര്‍മാന്മാരും, കൈക്കാരന്മാരും, വിവിധ കമ്മിറ്റി അംഗങ്ങളുമായി ഇടവക ഒന്നായി അമേരിക്കയിലെ കത്തോലിക്കാ ആത്മീയ നേതാക്കന്മാരുടെ ഒത്തുചേരലിനായിയുള്ള വിവിധ പരിപാടികള്‍ ക്രമീകരിക്കുന്നു.

നവംബറില്‍ മയാമിയില്‍ നടക്കുന്ന സമാനതകളില്ലാത്ത ഈ ഒത്തുചേരലില്‍ അമേരിക്കയിലെ മലയാളി കത്തോലിക്കര്‍ക്ക് അഭിമാനം പകരുന്ന പുതുമയേറിയ സ്മരണയ്ക്ക് ഈ സംഗമം സാക്ഷിയാകും.
നൂറുകണക്കിന് മലയാളി വൈദികര്‍ ചേര്‍ന്ന് സമര്‍പ്പിക്കുന്ന കൃതജ്ഞതാബലി അതില്‍ സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ്, അമേരിക്കന്‍ ബിഷപ്പ് കൗണ്‍സില്‍ അംഗങ്ങള്‍, മയാമി ആര്‍ച്ച് ബിഷപ്പ്, പാംബീച്ച് ബിഷപ്പ് തുടങ്ങിയവര്‍ കാര്‍മ്മികത്വം വഹിക്കും.

തുടര്‍ന്ന് നടക്കുന്ന അത്താഴവിരുന്നിലും, പൊതുസമ്മേളനത്തിലും, കള്‍ച്ചറല്‍ പ്രോഗ്രാമുകളിലും, ഫ്‌ളോറിഡ സംസ്ഥാന ഭരണാധികാരികള്‍, സെനറ്റര്‍മാര്‍, കോണ്‍ഗ്രസ്മാന്മാര്‍, മേയര്‍മാര്‍, പ്രാദേശിക ഭരണാധികാരികള്‍, തുടങ്ങിയവര്‍ പങ്കെടുക്കും.

ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്ന വൈദികര്‍ക്ക് സൗജന്യ രജിസ്‌ട്രേഷനും, താമസ സൗകര്യവും മയാമിയുടെ സൗന്ദര്യം ആസ്വദിച്ചുകൊണ്ടുള്ള ബോട്ട് ടൂറും ക്രമീകരിച്ചിട്ടുണ്ട്.
ഇതോടനുബന്ധിച്ച് ചേര്‍ത്തിരിക്കുന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ സാധിക്കും.

ഈ അപൂര്‍വ്വമായ സമാഗമത്തിന്റെ സുവര്‍ണ്ണാവസരം ഫലപ്രദമായി വിനിയോഗിക്കുവാന്‍ അമേരിക്കയിലുള്ള എല്ലാ മലയാളി കത്തോലിക്കാ വൈദികരെ സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി ചിക്കാഗോ രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ടും ബിഷപ്പ് എമിരറ്റസ് മാര്‍ ജേക്കബ് അങ്ങാടിയത്തും ആഘോഷകമ്മിറ്റിയും ചേര്‍ന്ന് അറിയിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *