കനത്ത മഴ: താലൂക്കുകളിൽ കൺട്രോൾ റൂം

Spread the love

തിരുവനന്തപുരത്തെ സാഹചര്യം മന്ത്രിമാരുടെ നേതൃത്വത്തിൽ വിലയിരുത്തി.

കനത്ത മഴയുടെ പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലയിലെ എല്ലാ താലൂക്കുകളിലും കൺട്രോൾ റൂമുകൾ പ്രവർത്തിക്കും. ജില്ലാ കളക്ടറേറ്റിലും തിരുവനന്തപുരം കോർപറേഷനിലും പ്രധാന കൺട്രോൾ റൂമുകൾ സജ്ജമാക്കും. പൊതുമരാമത്ത് വകുപ്പിന്റെ കൺട്രോൾ റൂം കെ.എസ്.ടി.പി. ഓഫീസിൽ ഉടൻ ആരംഭിക്കും.

തിരുവനന്തപുരം ജില്ലയിൽ മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ. അനിൽ, പി.എ. മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തിൽ ജില്ലാതല അവലോകന യോഗം ചേർന്നു. മഴക്കെടുതിയും ജില്ലയിലെ സ്ഥിതിഗതികളും വിലയിരുത്തിയ യോഗത്തിൽ അടിയന്തര നടപടികൾ ആസൂത്രണം ചെയ്തു.

അടിയന്തര ആവശ്യങ്ങൾക്കായി ഓരോ താലൂക്കിനും അഞ്ച് ലക്ഷം രൂപയും ഓരോ വില്ലേജിനും 25,000 രൂപയും സർക്കാർ അനുവദിച്ചിട്ടുണ്ട്. തിരുവനന്തപുരം കോർപറേഷൻ ഓരോ വാർഡിനും ഒരു ലക്ഷം രൂപ ആദ്യഘട്ടത്തിൽ നൽകും. ആവശ്യമെങ്കിൽ അടിയന്തര ഘട്ടങ്ങളിൽ കൂടുതൽ സഹായം ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കടപുഴകി വീഴുന്ന മരങ്ങളും വെള്ളക്കെട്ടും നീക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും യോഗം തീരുമാനിച്ചു. റാപ്പിഡ് റെസ്‌പോൺസ് ടീം, സിവിൽ ഡിഫെൻസ് വോളന്റിയർമാർ, എമർജൻസി വോളന്റിയർമാർ എന്നിവർ ഏത് സാഹചര്യവും നേരിടാൻ സജ്ജരാണെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഓടകൾ വൃത്തിയാക്കുന്നതിന് തിരുവനന്തപുരം കോർപറേഷൻ, പൊതുമരാമത്ത് വകുപ്പ്, മേജർ ഇറിഗേഷൻ, മൈനർ ഇറിഗേഷൻ വകുപ്പുകൾ എന്നിവയുടെ നേതൃത്വത്തിൽ നടപടികൾ പുരോഗമിക്കുന്നു. തിരുവനന്തപുരം കോർപറേഷൻ 975 പ്രവൃത്തികൾ ഇതിനകം പൂർത്തിയാക്കി.

മന്ത്രിമാരുടെയും എം.എൽ.എമാരുടെയും തിരുവനന്തപുരം കോർപറേഷന്റെയും മാതൃകാപരമായ ഇടപെടലുകൾ ദീർഘകാല പ്രശ്‌നങ്ങൾ പരിഹരിക്കാൻ സഹായിച്ചിട്ടുണ്ടെന്ന് പൊതുമരാമത്ത് മന്ത്രി പി. എ. മുഹമ്മദ് റിയാസ് പറഞ്ഞു. തമ്പാനൂരിലെ വെള്ളക്കെട്ട് പരിഹരിച്ചത് ഇതിന് ഉദാഹരണമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫുട്പാത്ത് സ്ലാബുകളുടെ സുരക്ഷ, പാച്ച് വർക്കുകൾ, ഓടകളിലെ മണ്ണ് നീക്കം ചെയ്യൽ, റോഡരികിലെ മരശിഖരങ്ങൾ വെട്ടൽ, കുഴികൾ നികത്തൽ എന്നീ പ്രവൃത്തികൾ പരിശോധിക്കും. വെള്ളക്കെട്ട് സാധ്യതയുള്ള സ്ഥലങ്ങളിൽ പ്രത്യേക നിരീക്ഷണവും നടത്തുന്നുണ്ട്.

കനത്ത മഴ കാരണം വലിയ തോതിൽ കൃഷിനാശം ഉണ്ടായിട്ടുണ്ടെന്ന് ഭക്ഷ്യ-പൊതുവിതരണ മന്ത്രി ജി. ആർ. അനിൽ വ്യക്തമാക്കി. പ്രാഥമിക കണക്കുകൾ പ്രകാരം 2,500-ലധികം കർഷകർക്ക് 15 കോടി രൂപയിലധികം നഷ്ടം സംഭവിച്ചു. നെയ്യാറ്റിൻകര താലൂക്കിൽ ഒരു വീട് പൂർണമായും, ജില്ലയിൽ ആകെ 27 വീടുകൾ ഭാഗികമായും തകർന്നു. വൈദ്യുതി സംവിധാനങ്ങളും പലയിടത്തും തകരാറിലാണ്. വൈദ്യുതി പുനഃസ്ഥാപിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകി.

Author

Leave a Reply

Your email address will not be published. Required fields are marked *