ജില്ലയിലെ സ്കൂൾ വാഹനങ്ങളുടെ സുരക്ഷ മുൻനിർത്തി ആലപ്പുഴ ആർ.ടി.ഒയുടെ നേതൃത്വത്തിൽ വാഹന പരിശോധന

Spread the love

ജില്ലയിലെ സ്കൂൾ വാഹനങ്ങളുടെ സുരക്ഷ മുൻനിർത്തി ആലപ്പുഴ ആർ.ടി.ഒയുടെ നേതൃത്വത്തിൽ റിക്രിയേഷൻ ഗ്രൗണ്ടിൽ സ്കൂൾ വാഹനങ്ങളുടെ പരിശോധന നടത്തി. സ്കൂൾ തുടങ്ങുന്നതിന് മുന്നോടിയായി അമ്പലപ്പുഴ താലൂക്കിലെ വാഹനങ്ങളുടെ സുരക്ഷാ പരിശോധനയാണ് നടന്നത്. 150 വാഹനങ്ങൾ പരിശോധനയ്ക്കായെത്തി. ഇതിൽ 90 വാഹനങ്ങൾ ഫിറ്റ്നസ് ടെസ്റ്റ്‌ പാസ്സായി. ചെറിയ അപാകതകളുള്ള 60 വാഹനങ്ങൾ ടെസ്റ്റ്‌ പാസ്സായില്ല. ഇവയുടെ അപാകം തീർത്ത് അടുത്ത ദിവസം ഫിറ്റ്നെസ്സിന് ഹാജരാകാൻ നിർദേശിച്ചു. പാസ്സായ വാഹനങ്ങൾക്ക് മുൻ വശത്തെ വിൻഡ് ഷീൽഡ് ഗ്ലാസ്സിൽ മോട്ടോർ വാഹന വകുപ്പിന്റെ സ്റ്റിക്കർ പതിച്ചു നൽകി.

ആർ.ടി.ഒ. എ കെ ദിലുവിൻ്റെ നിർദ്ദേശാനുസരണം എംവിഐമാരായ കെ ആർ തമ്പി, എ കെ അനിൽ കുമാർ, രാംജി കെ കരൺ, രാജേഷ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി. സുരക്ഷാ ബോധവൽക്കരണത്തിന്റെ ഭാഗമായി വാഹനത്തിൽ തീപിടുത്തമുണ്ടായാൽ സ്വീകരിക്കേണ്ട പ്രാഥമിക സുരക്ഷാ മാർഗ്ഗങ്ങളെക്കുറിച്ച് സ്കൂൾ ബസ് ഡ്രൈവർമാർക്ക് ഫയർ ടെക്ക് എഞ്ചിനീയറിംഗ് സ്ഥാപനത്തിൽ നിന്നുള്ള ജയേഷ്, രാഹുൽ എന്നിവരുടെ നേതൃതത്തിൽ ക്ലാസ് നൽകി. എഎംവിഐമാരായ എസ് ബിജോയ്, വി ബിജോയ്, ടി ബി റാക്‌സൺ, ജോബിൻ എം ജേക്കബ്, സജിംഷാ തുടങ്ങിയവർ പങ്കെടുത്തു. സുരക്ഷാ പരിശോധനയ്ക്ക് മുന്നോടിയായി കഴിഞ്ഞ ദിവസം ആലപ്പുഴ എസ് ഡി കോളേജിൽ ഡ്രൈവർമാർക്കായി പരിശീലന പരിപാടിയും സംഘടിപ്പിച്ചിരുന്നു. വരുംദിവസങ്ങളിൽ മറ്റു താലൂക്കുകളിലെ സ്കൂൾ വാഹനങ്ങൾക്കും പരിശോധന നടത്തും.

 

Author

Leave a Reply

Your email address will not be published. Required fields are marked *