നിലയ്ക്കലില്‍ അത്യാധുനിക സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ : മന്ത്രി വീണാ ജോര്‍ജ്

Spread the love

ശബരിമല തീര്‍ത്ഥാടന കാലത്ത് അധിക സേവനങ്ങള്‍.

തിരുവനന്തപുരം: പത്തനംതിട്ട നിലയ്ക്കലില്‍ അത്യാധുനിക സംവിധാനങ്ങളുള്ള സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ നിര്‍മ്മിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നാട്ടുകാര്‍ക്കും ശബരിമല തീര്‍ത്ഥാടകര്‍ക്കും പ്രയോജനം വരത്തക്ക രീതിയിലാണ് സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ വിഭാവനം ചെയ്തിരിക്കുന്നത്. നിലയ്ക്കലില്‍ ദേവസ്വം ബോര്‍ഡ് അനുവദിച്ച ഭൂമിയിലാണ് ആശുപത്രി നിര്‍മ്മിക്കുന്നത്. 9 കോടി രൂപയോളം ചെലവഴിച്ചാണ് സ്‌പെഷ്യാലിറ്റി ആശുപത്രി സജ്ജമാക്കുന്നത്. അധിക ഫണ്ട് ആവശ്യമെങ്കില്‍ അനുവദിക്കാന്‍ കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. മോഡേണ്‍ മെഡിസിനോടൊപ്പം ആയുഷിനും പ്രാധാന്യം നല്‍കും. തീര്‍ത്ഥാടന കാലത്ത് വിപുലമായ സ്‌പെഷ്യാലിറ്റി സേവനങ്ങളൊരുക്കും. നടപടിക്രമങ്ങള്‍ പാലിച്ച് എത്രയും വേഗം നിര്‍മ്മാണം ആരംഭിച്ച് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.

3 നിലകളില്‍ അത്യാധുനിക സംവിധാനങ്ങളോടെയുള്ള സ്‌പെഷ്യാലിറ്റി ആശുപത്രിയാണ് സജ്ജമാക്കുക. ഒന്നാം നിലയില്‍ 12 കിടക്കകളുള്ള കാഷ്യാലിറ്റി സംവിധാനം, ഒപി വിഭാഗങ്ങള്‍, 7 കിടക്കകളുള്ള ഒബ്‌സര്‍വേഷന്‍ വാര്‍ഡ്, റിസപ്ഷന്‍, ലാബ്, സാമ്പിള്‍ കളക്ഷന്‍ സെന്റര്‍, നഴ്‌സസ് സ്റ്റേഷന്‍, ഇന്‍ജക്ഷന്‍ റൂം, ഇസിജി റൂം, ഡ്രെസിംഗ് റൂം, പ്ലാസ്റ്റര്‍ റൂം, ഫാര്‍മസി, സ്റ്റോര്‍, പോലീസ് ഹെല്‍പ് ഡെസ്‌ക്, ലിഫ്റ്റുകള്‍, അറ്റാച്ച്ഡ് ശുചിമുറികള്‍ എന്നീ സൗകര്യങ്ങളാണ് ഉണ്ടാകുക.

രണ്ടാം നിലയില്‍ 8 കിടക്കകളുള്ള ഐസിയു, നഴ്‌സസ് സ്റ്റേഷന്‍, എല്ലാവിധ സൗകര്യങ്ങളുള്ള മൈനര്‍ ഓപ്പറേഷന്‍ തീയറ്റര്‍, എക്‌സ്‌റേ റൂം, 13 കിടക്കകളുള്ള വാര്‍ഡ്, ഡോക്ടര്‍മാരുടേയും നഴ്‌സുമാരുടേയും മുറികള്‍, കോണ്‍ഫറന്‍സ് ഹാള്‍, ഓഫീസ്, ശുചിമുറികള്‍ എന്നിവയാണ് ഒരുക്കുന്നത്. മൂന്നാം നിലയില്‍ 50 കിടക്കകളുള്ള ഡോര്‍മിറ്ററി സംവിധാനമാണൊരുക്കുക.

നിലയ്ക്കലില്‍ സ്‌പെഷ്യാലിറ്റി ആശുപത്രി വരുന്നത് നാട്ടുകാര്‍ക്കും ശബരിമല തീര്‍ത്ഥാടകര്‍ക്കും ഒരുപോലെ പ്രയോജനകരമാകും. ശബരിമല തീര്‍ത്ഥാടനത്തിലെ പ്രധാന കേന്ദ്രമായ നിലയ്ക്കലില്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയെന്ന ദീര്‍ഘകാല സ്വപ്നമാണ് സാക്ഷാത്ക്കരിക്കുന്നത്.

Author

Leave a Reply

Your email address will not be published. Required fields are marked *