തിരുവനന്തപുരം: മരക്കൊമ്പ് ഒടിഞ്ഞുവീണ് പരിക്കേറ്റ പരവൂര്‍ സ്വദേശി സുനിലിന് സൗജന്യ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിന് നിര്‍ദേശം നല്‍കി. ആശുപത്രി ക്യാമ്പസിന് പുറത്ത് വച്ചാണ് സുനിലിന് പരിക്കേറ്റതെങ്കിലും അദ്ദേഹത്തിന്റെ കുഞ്ഞ് എസ്എടി ആശുപത്രിയില്‍ ചികിത്സയിലുള്ള സാഹചര്യത്തിലും കുടുംബത്തിന്റെ ബുദ്ധിമുട്ട് മനസിലാക്കിയുമാണ് സൗജന്യ വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കിയത്. ഓപ്പറേഷനും ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും സൗജന്യമായി തന്നെ നല്‍കാനും നിര്‍ദേശം നല്‍കി.