വായിലെ കാന്‍സര്‍ നേരത്തെ കണ്ടെത്തി ചികിത്സ ഉറപ്പാക്കണം : മന്ത്രി വീണാ ജോര്‍ജ്

Spread the love

ആരോഗ്യം ആനന്ദം: വദനാര്‍ബുദം കണ്ടെത്താന്‍ സ്‌ക്രീനിംഗ്.

മേയ് 31 ലോക പുകയില വിരുദ്ധ ദിനം.

തിരുവനന്തപുരം: മറ്റ് കാന്‍സറുകളെ പോലെ വായിലെ കാന്‍സറും (വദനാര്‍ബുദം) നേരത്തെ കണ്ടെത്തി ചികിത്സിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പ് നടത്തിയ ആര്‍ദ്രം ആരോഗ്യം ജീവിതശൈലി രോഗനിര്‍ണയ സ്‌ക്രീനിംഗിന്റെ ഭാഗമായി ഒന്നാം ഘട്ടത്തില്‍ 1.55 കോടി വ്യക്തികളുടേയും രണ്ടാം ഘട്ടത്തില്‍ 1.28 കോടി വ്യക്തികളുടേയും സ്‌ക്രീനിംഗ് നടത്തിയിരുന്നു. ആകെ 9,13,484 പേര്‍ക്ക് കാന്‍സര്‍ സംശയിച്ചു. അതില്‍ ഏറ്റവും കൂടുതല്‍ സ്തനാര്‍ബുദവും, ഗര്‍ഭാശയ ഗളാര്‍ബുദവുമാണ് കണ്ടെത്തിയത്. സ്‌ക്രീനിംഗില്‍ 41,660 പേര്‍ക്കാണ് വദനാര്‍ബുദ സാധ്യത കണ്ടെത്തിയത്. ഇത് കൂടി മുന്നില്‍ കണ്ടാണ് ആരോഗ്യ വകുപ്പ് ആരോഗ്യം ആനന്ദം അകറ്റാം അര്‍ബുദം എന്ന ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിന്‍ ആരംഭിച്ചത്. ആദ്യഘട്ടത്തില്‍ സ്ത്രീകള്‍ക്കായിരുന്നു പ്രാധാന്യം നല്‍കിയത്. രണ്ടാം ഘട്ടത്തില്‍ വദനാര്‍ബുദം ഉള്‍പ്പെടെ പുരുഷന്‍മാരെ കൂടി ബാധിക്കുന്ന കാന്‍സറുകള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. എല്ലാവരും തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തിലെത്തി കാന്‍സര്‍ സ്‌ക്രീനിംഗ് നടത്തണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

മേയ് 31 ലോക പുകയില വിരുദ്ധ ദിനത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് വദനാര്‍ബുദം പ്രതിരോധിക്കാന്‍ ശക്തമായ നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്. ആര്‍ദ്രം ആരോഗ്യം ജീവിതശൈലീ രോഗനിര്‍ണയ ക്യാമ്പയിനില്‍ രോഗ സാധ്യത കണ്ടെത്തിയവരുടെ വീടുകള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ച് വദനാര്‍ബുദ സ്‌ക്രീനിഗ് നടത്താന്‍ വാര്‍ഡ് തലത്തില്‍ നടപടികള്‍ സ്വീകരിക്കും. ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, പ്രധാന ആശുപത്രികള്‍ എന്നിവിടങ്ങളില്‍ വദനാര്‍ബുദ സ്‌ക്രീനിംഗ് സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. കാന്‍സര്‍ ലക്ഷണങ്ങള്‍, കാന്‍സര്‍ മുന്നോടിയായുള്ള ലക്ഷണങ്ങള്‍ എന്നിവ കണ്ടെത്തുന്നവരെ വിദഗ്ധ പരിശോധനകള്‍ക്ക് വിധേയരാക്കി ചികിത്സ ഉറപ്പാക്കും.

ലഹരിയുടെ വ്യാപനം ഒരു ഗുരുതരമായ ആഗോള പ്രശ്‌നമായി മാറിയിരിക്കുന്നു. എല്ലാത്തരം ലഹരിയിലേക്കുമുള്ള പ്രവേശന കവാടമാണ് പുകയില. കൗമാരക്കാലത്ത് ആരംഭിക്കുന്ന പുകയില ശീലമാണ് പലപ്പോഴും ഭാവിയില്‍ മറ്റു ലഹരികളിലേക്ക് വ്യാപിക്കുന്നത്. അതിനാല്‍തന്നെ മയക്കുമരുന്നിനോളം ഗുരുതരമായ ആരോഗ്യ, സാമൂഹ്യ പ്രശ്‌നമായാണ് പുകയിലയെ വിലയിരുത്തുന്നത്.

പുകയിലയ്‌ക്കെതിരെ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. മേയ് 31 മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചും പൊതുവായ ബോധവത്കരണം ശക്തമാക്കും. അതിനോടൊപ്പം പരമ്പരാഗത തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ തൊഴിലിനിടയില്‍ പുകയില പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്ന രീതികള്‍ക്കെതിരെയും ബോധവത്കരണം നടത്തും. സംസ്ഥാനത്തെ വിദ്യാലയങ്ങളെ പുകയിലരഹിതമാക്കുക എന്ന ലക്ഷ്യമിട്ട്. ‘പുകയിലരഹിതം ലഹരിമുക്തം എന്റെ വിദ്യാലയം’ എന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ട് വിദ്യാലയങ്ങളുമായി ചേര്‍ന്ന് നടപടികള്‍ ഏകോപിപ്പിക്കും. പുകയിലരഹിത വിദ്യാലയ മാനദണ്ഡങ്ങള്‍ പ്രകാരമുള്ള നടപടികള്‍ പൂര്‍ത്തീകരിച്ച് സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളും പുകയിലരഹിതമായി പ്രഖ്യാപിക്കുകയാണ് ലക്ഷ്യമിടുന്നത്.

ജില്ലാ, താലൂക്ക് ആശുപത്രികളില്‍ പുകയില ഉപഭോഗം നിര്‍ത്താന്‍ പ്രേരിപ്പിക്കുന്ന കൗണ്‍സിലിംഗ് സെഷനുകള്‍ ശക്തമാക്കും. ക്ഷയരോഗ നിവാരണ പദ്ധതി, വിമുക്തി, മാനസിക ആരോഗ്യ പദ്ധതി എന്നിവയുടെക്കൂടി സഹകരണത്തോടെ ഇപ്പോള്‍ ജില്ലകളിലുള്ള ഒരു ടുബാക്കോ സെസ്സെഷന്‍ ക്ലിനിക്ക് സംവിധാനം എല്ലാ താലൂക്കുകളിലും വ്യാപിപ്പിക്കും.

ലോക പുകയില വിരുദ്ധ ദിനം സംസ്ഥാനതല ഉദ്ഘാടനം മേയ് 31 രാവിലെ 10 മണിക്ക് തിരുവനന്തപുരം തൈക്കാട് ആരോഗ്യ കുടുംബക്ഷേമ പരിശീലന കേന്ദ്രത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.

Author

Leave a Reply

Your email address will not be published. Required fields are marked *