കനത്ത മഴ തുടരുന്നു: ജില്ലകളിൽ വ്യാപക നാശം, ദുരന്തനിവാരണ നടപടികൾ ഊർജ്ജിതം

Spread the love

കേരളത്തിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. വീടുകൾ തകർന്നതിന് പുറമേ പലയിടങ്ങളിലും കൃഷിയിടങ്ങൾ വെള്ളത്തിനടിയിലായി. ദുരിതബാധിതരെ മാറ്റി പാർപ്പിക്കാൻ നിരവധി ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. മത്സ്യത്തൊഴിലാളികൾ കാണാതായ സംഭവങ്ങളും അപകടമരണങ്ങളും റിപ്പോർട്ട് ചെയ്തു. സർക്കാർ ദുരന്തനിവാരണ നടപടികൾ ഊർജിതമാക്കിയിട്ടുണ്ട്.

തിരുവനന്തപുരത്ത് കനത്ത മഴയിൽ കൃഷിനാശവും വീടുകൾക്ക് കേടുപാടുകളും സംഭവിച്ചു. പെരുങ്കടവിള, അതിയന്നൂർ, വാമനപുരം ബ്ലോക്കുകളിലായി 5.02 ഹെക്ടർ കൃഷിഭൂമി നശിച്ചു. 116 കർഷകർക്ക് 22.3 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. തിരുവനന്തപുരം, നെയ്യാറ്റിൻകര താലൂക്കുകളിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ഈഞ്ചയ്ക്കൽ, പൊഴിയൂർ ഗവ. യു.പി.എസുകളിൽ 34 കുടുംബങ്ങളിലെ 79 പേർ കഴിയുന്നു. വിഴിഞ്ഞത്ത് മത്സ്യബന്ധനത്തിനിടെ കാണാതായ ഒമ്പത് തൊഴിലാളികളിൽ എട്ടുപേരെ സംബന്ധിച്ച് വിവരം ലഭിച്ചു. തീരത്ത് അടിഞ്ഞ മണൽ നീക്കാൻ ഡ്രഡ്ജിംഗ് നടത്തുന്നതിന് സാങ്കേതിക വിദഗ്ധരുമായി ചർച്ച നടത്തുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.

എറണാകുളത്ത് മഴക്കെടുതിയിൽ ഇതുവരെ 230 വീടുകൾക്ക് നാശനഷ്ടമുണ്ടായി. മൂന്ന് വീടുകൾ പൂർണമായും 227 വീടുകൾ ഭാഗികമായും തകർന്നു. കൊച്ചി, കണയന്നൂർ താലൂക്കുകളിൽ ഞാറക്കൽ, തുതിയൂർ ഗവ. സ്‌കൂളുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു. 12 കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി. വീരൻപുഴയിൽ വഞ്ചി മറിഞ്ഞ് കാണാതായ നിഖിൽ മുരളിയുടെ മൃതദേഹം കോവിലകത്തുംകടവിന് സമീപം കണ്ടെത്തി. മുനമ്പം പോലീസ് നടപടികൾ പൂർത്തിയാക്കി.

ഇടുക്കിയിൽ കനത്ത മഴയിൽ ഇതിനോടകം 148 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. 10 വീടുകൾ പൂർണമായും 138 വീടുകൾ ഭാഗികമായും തകർന്നു. 350.8 ഹെക്ടർ കൃഷിഭൂമി നശിച്ചതിനാൽ 3218 കർഷകർക്ക് 5.48 കോടി രൂപയുടെ നഷ്ടമുണ്ടായി. ഇതിനോടകം മൂന്ന് മരണവും മൂന്ന് പേർക്ക് പരിക്കും റിപ്പോർട്ട് ചെയ്തു. 14 ദുരിതാശ്വാസ ക്യാമ്പുകളിൽ 78 കുടുംബങ്ങളിലെ 240 പേർ കഴിയുന്നു. ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകളിലെ ജലനിരപ്പ് ആശങ്കയില്ലാത്ത നിലയിലാണ്
തൃശൂരിൽ കനത്ത മഴയെ തുടർന്ന് അഞ്ച് ദുരിതാശ്വാസ ക്യാമ്പുകൾ കൂടി തുറന്നു. ആകെ 12 ക്യാമ്പുകളിൽ 60 കുടുംബങ്ങളിലെ 170 പേർ താമസിക്കുന്നു.

കൊല്ലത്ത് ശനിയാഴ്ച മാത്രം 24 വീടുകൾ ഭാഗികമായി തകർന്നു. ആദിച്ചനല്ലൂർ പഞ്ചായത്തിൽ ഒരു ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്നു. 210 ഹെക്ടർ കൃഷിഭൂമി നശിച്ചതിനാൽ 16.58 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. ജില്ലയിലെ മൊത്തം നാശനഷ്ടം 23.78 ലക്ഷം രൂപയാണ്.

കാസർകോട്ട് അതിതീവ്ര മഴയിൽ വീടുകൾക്കും കടകൾക്കും കൃഷിയിടങ്ങൾക്കും വ്യാപക നാശനഷ്ടമുണ്ടായി. മടിക്കൈ പഞ്ചായത്തിൽ നേന്ത്രവാഴ കൃഷി നശിച്ചു. മഞ്ചേശ്വരത്ത് വെള്ളം കയറിയതിനാൽ കടകൾക്ക് നഷ്ടമുണ്ടായി.

Author

Leave a Reply

Your email address will not be published. Required fields are marked *