മലപ്പുറം ചതിയന്‍മാരുടെ മണ്ണാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമത്തിലൂടെ മുഖ്യമന്ത്രി അവിടത്തെ ജനത്തെ വീണ്ടും അപമാനിക്കുകയും വഞ്ചിക്കുകയും ചെയ്‌തെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍.
വാര്യംകുന്നത്ത് ഹാജിയെ ചതിയിലൂടെ പിടികൂടിയത് പോലുള്ള വഞ്ചനയുടെ ഫലമാണ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പുണ്ടായതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.ദ ഹിന്ദു ദിനപത്രത്തിലെ ലേഖനത്തിലെ മലപ്പുറം വിരുദ്ധ പരാമര്‍ശത്തില്‍ പരസ്യമായി ഖേദംപ്രകടിപ്പിക്കാന്‍ പോലും മുഖ്യമന്ത്രി തയ്യാറായിട്ടില്ല. 150 കിലോ സ്വര്‍ണ്ണവും 123 കോടി ഹവാലപ്പണവും സംസ്ഥാന പോലീസ് പിടികൂടിയത് മലപ്പുറത്തു നിന്നുമാണെന്നും അത് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിയതാണെന്നുമെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം അവിടത്തെ ഭൂരിപക്ഷ മുസ്ലീം സമുദായത്തെ മാത്രം ഉന്നംവെച്ചതായിരുന്നു. അത് ജനം ഇതുവരെ മറന്നിട്ടില്ല.വോട്ടിനായി കപട സ്നേഹം നടിക്കുകയും പിന്നീട് അവഹേളിച്ച് അപമാനിക്കുകയും ചെയ്തതുതന്നെയാണ് മുഖ്യമന്ത്രി നടത്തിയ ഏറ്റവും വലിയ ചതിയെന്നും ഹസന്‍ പറഞ്ഞു.
ജില്ലയില്‍ ഭൂരിഭാഗം മുസ്ലീം വിഭാഗത്തില്‍ നിന്നുള്ളതായതിനാല്‍ അതിനെ തെറ്റായി ചിത്രീകരിക്കുകയാണ് സിപിഎം. ബിജെപിയുടെ മുസ്ലീം വിരുദ്ധത അതുപോലെ കടമെടുത്താണ് സിപിഎം മലപ്പുറത്തിനെതിരെയും അവിടെത്തെ ജനങ്ങള്‍ക്കെതിരെയും തിരിഞ്ഞത്. മതേതര വിശ്വാസികളാണ് അവിടത്തെ ജനങ്ങള്‍. ബാബറി മസ്ജീദ് തകര്‍ക്കപ്പെട്ടപ്പോള്‍ പോലും മതസൗഹാര്‍ദം തകരാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തിയവരാണ് മലപ്പുറത്തുകാരെന്ന് മുഖ്യമന്ത്രി മറക്കരുത്.മലപ്പുറം ജില്ലയെ കള്ളക്കടത്തിന്റെ കേന്ദ്രമായി ചിത്രീകരിച്ചതിലൂടെ മുഖ്യമന്ത്രി ബിജെപിയുടെ രാഷ്ട്രീയ താല്‍പ്പര്യം സംരക്ഷിക്കുയായിരുന്നു.
കള്ളക്കടത്തുകാര്‍ക്ക് എല്ലാ സംരക്ഷണവും നല്‍കുന്നത് സിപിഎമ്മിന്റെ നേതാക്കള്‍ തന്നെയായിരുന്നു. സ്വര്‍ണ്ണം പൊട്ടിക്കുന്നതില്‍ പങ്കുപറ്റിയ എഡിജിപി ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണം ഭരണകക്ഷി എംഎല്‍എ ഉന്നയിച്ചിട്ട് പോലും അത് അന്വേഷിക്കാന്‍ തയ്യാറാകാതെ ആരോപണ വിധേയരെ കണ്ണും പൂട്ടി സംരക്ഷിച്ച മുഖ്യമന്ത്രി പിണറായി വിജയനാണ് ചതിയുടെ പാരമ്പര്യത്തെ കുറിച്ച് പറയുന്നത്.
മലപ്പുറത്തെ ജനങ്ങളോട് പണ്ടും സിപിഎം ഇതേ സമീപനമാണ് സ്വീകരിച്ചത്.എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നതവിജയം നേടിയ കുട്ടികളെ അഭിനന്ദിക്കുന്നതിന് പകരം അവര്‍ ക്രമക്കേട് നടത്തിയാണ് വിജയിച്ചതെന്ന നിന്ദ്യമായ പ്രസ്താവന നടത്തിയും സിപിഎമ്മിന്റെ നേതാക്കളായിരുന്നു. പി ജയരാജന്‍ പുസ്തകത്തിലും മുസ്ലീം വിഭാഗത്തിന് തീവ്രവര്‍ഗീയ നിലപാടെന്നാണ് പറഞ്ഞിരുന്നത്. പിണറായി സര്‍ക്കാരിന്റെ ജനവിരുദ്ധത ചര്‍ച്ചയ്ക്ക് വരാതിരിക്കാനാണ് വര്‍ഗീയതയെ കൂട്ടിപിടിച്ചുള്ള പ്രചരണം സിപിഎം നടത്തുന്നത്. എന്നാല്‍ നിലമ്പൂര്‍ ജനത ഈ സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരായ ജനവിധിയാണ് രേഖപ്പെടുത്താന്‍ പോകുന്നതെന്നും ഹസന്‍ പറഞ്ഞു.
എല്‍ഡിഎഫിലെ രണ്ടാമത്തെ കക്ഷിയായ സിപി ഐയുടെ സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തി തൃശ്ശൂര്‍ ലോക്സഭാ സീറ്റ് ബിജെപിക്ക് തങ്കത്തളികയില്‍ സമ്മാനിച്ചത് മുഖ്യമന്ത്രിയാണ്. അതിനായി തൃശ്ശൂര്‍പൂരം വരെ കലക്കി. അതില്‍ ആരോപണവിധേയനായ എഡിജിപി ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരെ സംരക്ഷിച്ച് ബിജെപിയോടുള്ള കടപ്പാട് പ്രകടിപ്പിച്ച വ്യക്തിയാണ് മുഖ്യമന്ത്രി.കേരളത്തില്‍ ബിജെപിക്ക് അക്കൗണ്ട് തുറന്ന് കൊടുക്കാന്‍ പിണറായി വിജയനെപ്പോലെ ഇത്രയേറെ അധ്വാനിച്ച സിപിഎം നേതാവ് വേറെയില്ല. അതിനെയാണ് കഴിഞ്ഞ ദിവസം എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ വിമര്‍ശിച്ചത്. എന്നാല്‍ കെ.സി.വേണുഗോപാലിനെ വ്യക്തിപരമായി ആക്രമിച്ച് ബിജെപിയുടെ മലപ്പുറം വിരുദ്ധ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുകയാണ് സിപിഎം.എന്‍ഡിഎ സഖ്യത്തിലെ ഘടകകക്ഷിയുടെ അംഗത്തെ ഇപ്പോഴും മന്ത്രിസഭയില്‍ ചുമക്കുന്ന മുഖ്യമന്ത്രിയാണ് ചതിയെ കുറിച്ച് പറയുന്നത്. ബിജെപിക്കെതിരായ പോരാട്ടത്തില്‍ കെ.സി.വേണുഗോപാലിന് സിപിഎം നേതാക്കളുടെ സര്‍ട്ടിഫിക്കറ്റ് വേണ്ട.ബിജെപിയെ കേരളത്തില്‍ വളര്‍ത്താനുള്ള പണിയാണ് സിപി എം എടുക്കുന്നതെന്നും ഹസന്‍ പറഞ്ഞു.