നിലമ്പുരിൽ പരാജയ ഭീതി മൂലം സത്യങ്ങൾ വളച്ചൊടിക്കാൻ സി പി എം ശ്രമിക്കുകയാണെന്ന് കെ പി സി സി രാഷ്ട്രീയ കാര്യ സമിതി അംഗം കെ സി ജോസഫ് കുറ്റപ്പെടുത്തി. പെൻഷൻ മനഃപൂർവം കുടിശിഖ വരുത്തുകയും തെരഞ്ഞെടുപ്പിന് തൊട്ടു മുൻപ് കുടിശിഖ നൽകുകയും ചെയ്യുന്ന രീതിയാണ് കഴിഞ്ഞ നിയമസഭാ – ലോക്സഭാ തെരഞ്ഞുടുപ്പുകളിൽ പിണറായി സർക്കാർ സ്വീകരിച്ചത് . ഇത് ചൂണ്ടിക്കാണിച്ച ശ്രീ കെ സി വേണുഗോപാലിന്റെ വാക്കുകളെ വളച്ചൊടിക്കുന്ന സി പി എം നേതാക്കൾ ആടിനെ പട്ടിയാക്കാനാണ് ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് മാത്രം പെൻഷൻ കുടിശിഖ നൽകുന്നത് ദുരുദ്ദേശത്തോടെ തന്നെയാണ് .മന്ത്രിമാരുടെയും സർക്കാർ ജീവനക്കാരുടെയും ശമ്പളം എല്ലാ മാസവും കൃത്യമായി നൽകുന്ന പിണറായി സർക്കാർ എന്ത് കൊണ്ടാണ് പാവങ്ങളുടെ പെൻഷൻ മാത്രം കുടിശിഖ വരുത്തുന്നതെന്ന് ധനമന്ത്രി ബാലഗോപാൽ വ്യക്തമാക്കണം . കേരളത്തിൽ ആദ്യമായി ക്ഷേമ പെൻഷൻ ഏർപ്പെടുത്തിയത് ശ്രീ ആർ ശങ്കർ നയിച്ച കോൺഗ്രസ് സർക്കാരാണെന്ന് കാര്യം സി പി എം വിസ്മരിക്കരുതെന്ന് കെ സി ജോസഫ് പറഞ്ഞു