ഇനിയില്ല ആ സൗമ്യ മുഖം, ആദർശത്തിന്റെ ആൾരൂപം, തെന്നല : ജെയിംസ് കൂടൽ

Spread the love

തെന്നല ബാലകൃഷ്ണൻ വിടവാങ്ങി.

നഷ്ടമായത് കോൺഗ്രസിന്റെ, നാടിന്റെ നല്ലൊരു നേതാവിനെ.സമ്പത്തിനും സ്ഥാനമാനങ്ങൾക്കുമായി കലഹിക്കുന്ന രാഷ്ട്രീയ രീതികൾക്കിടയിൽ പ്രതീക്ഷയുടെ കിരണമായിരുന്നു തെന്നല. കൊല്ലം ശൂരനാട്ടെ അതിസമ്പന്ന കുടുംബത്തിൽ നിന്നാണ് അദ്ദേഹം കോൺഗ്രസിന്റെ പ്രാദേശീക ഘടകത്തിൽ എത്തുന്നത്. ശൂരനാട് തെന്നല വീട്ടിൽ എൻ.ഗോപാല പിള്ളയുടേയും ഈശ്വരി അമ്മയുടെയും പുത്രനായി 1931 മാർച്ച് 11ന് കുംഭമാസത്തിലെ പൂരാടം നക്ഷത്രത്തിലായിരുന്നു ജനനം. 12 ഏക്കറോളം പാരമ്പര്യസ്വത്തുണ്ടായിരുന്ന തെന്നല സംഘടനാ പ്രവർത്തനങ്ങൾക്കായി അതിൽ ഭൂരിഭാഗവും വിറ്റഴിച്ചു. അവസാനക്കാലത്ത് 11 സെന്റ് ഭൂമി മാത്രമാണ് അവശേഷിക്കുന്നത്. ആരെയും വെറുപ്പിക്കാത്ത നേതാവായിരുന്നു തെന്നല. കോൺഗ്രസിന്റെ സൗമ്യമുഖം, രാഷ്ട്രീയ എതിരാളികൾക്ക് പോലും പിണങ്ങാനാകാത്ത വ്യക്തി. തികഞ്ഞ ഗാന്ധിയൻ. ഇതെല്ലാമായിരുന്നു തെന്നല ബാലകൃഷ്ണപിള്ള. രാഷ്ട്രീയപരിവേഷങ്ങളിൽ നിന്ന് ഒതുങ്ങിമാറി തിരുവനന്തപുരം നെട്ടയം മക്കോല യമുനാ നഗറിലെ ‘അമ്പാടി’ വീട്ടിൽ ഭാര്യയ്ക്കും മകൾക്കും മരുമകൻ ഡോ.രാജേന്ദ്രൻ നായർക്കും പേരക്കുട്ടികൾക്കുമൊപ്പം ആ കുടുംബനാഥൻ പരാതികളോ പരിഭവങ്ങളോ ഒന്നുമില്ലാതെ ജീവിതം സന്തോഷപൂർവം തുടർന്നതും വേറിട്ട കാഴ്ചയായി. യോജിച്ചുനിന്ന് മന്നേറുക എന്നതായിരുന്നു പുതുതലമുറയിലെ കോൺഗ്രസ് പ്രവർത്തകരോട് അദ്ദേഹം നൽകിയ ഉപദേശം. 1998 ലും 2004 ലും കെപിസിസി പ്രസിഡന്റും മൂന്നു തവണ രാജ്യസഭാംഗവുമായി. 1977 ലും 1982 ലും അടൂർ മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിച്ചിരുന്നു.
കോൺഗ്രസിൽ കെ.കരുണാകരനും എ.കെ.ആന്റണിയും തമ്മിലുള്ള ഗ്രൂപ്പ് പോര് കടുത്തപ്പോഴൊക്കെ അനുനയത്തിന്റെ വഴി തെളിച്ചതും തെന്നലയായിരുന്നു. 2001ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ യു.ഡി.എഫ് വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമ്പോൾ തെന്നലയായിരുന്നു കെ.പി.സി.സി പ്രസിഡണ്ട്. പാർട്ടിയെ വിജയത്തിലേക്കു നയിച്ച നേതാവിന്റെ ചാരിതാർത്ഥ്യത്തിൽ നിൽക്കുമ്പോൾ ഹൈക്കമാൻഡ് അദ്ദേഹത്തിനു നൽകിയ ‘സമ്മാനം’ ആ പദവിയിൽ നിന്നുള്ള രാജിയായിരുന്നു. ആരെ അനുനയിപ്പിക്കാൻ ശ്രമിച്ചോ, ആ ഗ്രൂപ്പു രാഷ്ട്രീയത്തിന്റെ ഇരയായി തെന്നല മാറുകയായിരുന്നു. പക്ഷേ നിർമ്മലമായ ഒരു ചിരിയോടെ തെന്നല ഇന്ദിരാഭവന്റെ പടിയിറങ്ങുകയായിരുന്നു. നല്ലൊരു നേതാവിന്റെ വിയോഗത്തിലും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും പാർട്ടി പ്രവർത്തകരുടെ ദുഖ:ത്തിലും നമുക്കും പങ്കുചേരാം.

Author

Leave a Reply

Your email address will not be published. Required fields are marked *