പന്നിക്കെണി കുട്ടിമരിച്ച സംഭവം : ഗൂഢാലോചന മന്ത്രി തെളിയിക്കണം, കഴിഞ്ഞില്ലെങ്കില്‍ രാജിവെയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ

Spread the love

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ കണ്ണൂര് മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണം (8.6.25)

വനംമന്ത്രിയുടെ പ്രസ്താവനയെ പുച്ഛിച്ചുതള്ളുന്നു.

പന്നിക്കെണിയില്‍ നിന്നും ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിക്കാനിടയാക്കിയ സംഭവത്തില്‍ ഗൂഢാലോചന ആരോപിച്ച വനംമന്ത്രിയുടെ പ്രസ്താവനയെ പുച്ഛിച്ചുതള്ളുന്നുവെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. മന്ത്രിയുടെ വാദം അടിസ്ഥാന രഹിതവും മനുഷ്യത്വ രഹിതവുമാണ്. ഒരു കുട്ടിയുടെ ദാരുണമായ മരണത്തില്‍ വേദനിക്കുകയാണ് കേരളത്തിലെ ജനങ്ങള്‍.അതിന് ഉത്തരവാദികള്‍ നിയമത്തിന് മുന്നില്‍ വരണമെന്ന് അവര്‍

ആഗ്രഹിക്കുന്നു. എന്ത് അടിസ്ഥാനത്തിലാണ് മന്ത്രി ഇത്തരം ഒരു പ്രസ്താവന നടത്തിയത്. മലപ്പുറം ജില്ലയുടെ ഭാഗമല്ലെ നിലമ്പൂര്‍? അപ്പോള്‍ നിലമ്പൂരിലെ വഴിക്കടവില്‍ ഇങ്ങനെയൊരു സംഭവം നടന്നാല്‍ സ്വാഭാവികമായും പ്രതിഷേധം ഉയരില്ലെ? മാധ്യമ വാര്‍ത്തകളിലൂടെ ജനം ഈ സംഭവം അറിഞ്ഞിട്ടും മന്ത്രിക്കുമാത്രം അറിയില്ല. മന്ത്രിയുടെ ന്യായത്തില്‍ യുക്തിയില്ല. വനം മന്ത്രിയുടെ അസത്യമായ വാദം തെളിയിക്കാന്‍ മന്ത്രിയോട് ആവശ്യപ്പെടുന്നെന്നും പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയാന്‍ തയ്യാറാകണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.

വനം മന്ത്രിയുടെ പ്രസ്താവനയെ സിപിഎം സംസ്ഥാന സെക്രട്ടറിക്ക് തള്ളാനും വിഴുങ്ങാനും കഴിയില്ല. ഏത് അന്വേഷണത്തേയും കോണ്‍ഗ്രസ് സ്വാഗതം ചെയ്യുന്നു. പക്ഷെ, മന്ത്രി എന്തടിസ്ഥാനത്തിലാണ് പറഞ്ഞതെന്ന് വ്യക്തമാക്കണം. ഒരു കുഞ്ഞു മരിക്കാനിടയാക്കിയ സംഭവത്തെ രാഷ്ട്രീയവത്കരിച്ചത് വനം മന്ത്രിയാണ്. അദ്ദേഹത്തിന്റെ വകുപ്പിന്റെ കെടുകാര്യസ്ഥതയാണ് കേരളം ഇന്നാകെ അനുഭവിക്കുന്നത്. കാട്ടില്‍ നിന്ന് വന്യമൃഗങ്ങള്‍ നാട്ടിലേക്ക് ഇറങ്ങുന്നതിനാലാണല്ലോ വൈദ്യുതി വേലികള്‍ സ്ഥാപിക്കാന്‍ ആളുകള്‍ നിര്‍ബന്ധിതരാക്കുന്നത്. ഇപ്പോള്‍ അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തി സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനാണെന്നാണ് തനിക്ക് മനസിലാക്കാന്‍ കഴിഞ്ഞത്.

വളരെ പരിതാപകരവും മ്ലേച്ചവുമാണ് മന്ത്രിയുടെ നിലപാട്. അതിനെ തള്ളാനും കൊള്ളാനും കഴിയാത്ത എംവി ഗോവിന്ദന്‍ മാസ്റ്ററുടെ നിലപാട് അദ്ദേഹം പുനഃപരിശോധിക്കണം. ഇതിന്റെ ഉത്തരവാദിത്തം കേരളത്തിലെ വനം വകുപ്പിനാണ്. വന്യമൃഗശല്യം വനാതിര്‍ത്തിയില്‍ മാത്രമല്ല,ജനവാസ മേഖലയില്‍ നിരവധി സ്ഥലങ്ങളിലുണ്ട്. വന്യമൃഗ ആക്രമണം തുടര്‍ക്കഥയാകുമ്പോള്‍ വനം മന്ത്രി ഉറങ്ങുകയാണ്.മയക്കുവെടിയേറ്റത് ആനയ്‌ക്കോ,കടുവയ്‌ക്കോ അല്ല കേരളത്തിലെ വനം മന്ത്രിക്കാണെന്ന് പൊതുവിമര്‍ശനമെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.

വനം മന്ത്രി ഉറക്കം നടിക്കുകയാണെന്ന് പറഞ്ഞ സണ്ണി ജോസഫ് ഇത്തരം പ്രസ്താവനകളിലൂടെ വനം മന്ത്രി ജനങ്ങളെ തെറ്റിധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും പറഞ്ഞു. അതുവിലപ്പോകില്ലെന്നും ഒരു പാവപ്പെട്ട കുട്ടി മരണപ്പെട്ടപ്പോള്‍ അതില്‍ ഗൂഢാലോചന ആരോപിക്കുന്ന മന്ത്രിയെ അത് തെളിയിക്കാന്‍ വെല്ലുവിളിക്കുന്നതായും സണ്ണി ജോസഫ് വ്യക്കമാക്കി. ആരോപണം തെളിയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വനം മന്ത്രി രാജിവെയ്ക്കണം. അല്ലെങ്കില്‍ മുഖ്യമന്ത്രി അദ്ദേഹത്തെ തിരുത്തണം. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് വന്യമൃഗശല്യവുമായി ബന്ധപ്പെട്ട് താന്‍ രണ്ടു അടിയന്തര പ്രമേയങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. സഭയില്‍ പത്തു തവണയെങ്കിലും ഈ വിഷയത്തില്‍ പ്രസംഗിച്ചിട്ടുണ്ട്. ടി.സിദ്ധിഖും മാത്യുകുഴല്‍ നാടനും സമാന അടിയന്തര പ്രമേയം കൊണ്ടുവന്നു. അടിയന്തര പ്രമേയം നിയമസഭയില്‍ ചര്‍ച്ച ചെയ്യുന്നതിനോ മുഖ്യമന്ത്രി ജന പ്രതിനിധികളുടെ യോഗം വിളിക്കണമെന്ന ആവശ്യം അംഗീകരിക്കുന്നതിനോ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. വനം വകുപ്പിന്റെ നിസംഗത കേരളത്തിലാകെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. വനം മന്ത്രി ഉറക്കം തൂങ്ങികയും ഒട്ടകപക്ഷിയെപ്പോലെ തല മണ്ണില്‍ പൂഴ്ത്തുകയുമാണ് ചെയ്യുന്നത്. സര്‍ക്കാര്‍ ഈ വിഷയം ഗൗരവമായി കണ്ടിരുന്നെങ്കില്‍ ചര്‍ച്ചചെയ്യാന്‍ സഭയില്‍ തയ്യാറാകുമായിരുന്നുവെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.

പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ ആക്ഷേപിക്കാന്‍ മന്ത്രി തയ്യാറായത് എന്തടിസ്ഥാനത്തിലാണ്. താന്‍ പഠിപ്പിച്ച കുട്ടിയാണ് ദാരുണമായി കൊല്ലപ്പെട്ടതെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വെളിപ്പെടുത്തല്‍ വേദനയോടെ കേരളം കണ്ടതാണ്. മന്ത്രിയ്ക്ക് മാന്യതയും സത്യസന്ധതയും അവശേഷിക്കുന്നുണ്ടെങ്കില്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണമെന്ന് സണ്ണി ജോസഫ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു.

 

Author

Leave a Reply

Your email address will not be published. Required fields are marked *