തിരുവനന്തപുരം : വരാനിരിക്കുന്ന തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ സംഘപരിവാറുമായി കൈകോര്‍ക്കാനുള്ള ആദ്യഘട്ട ദൗത്യം മാത്രമാണ് എം.വി. ഗോവിന്ദന്‍ നടത്തിയ പ്രസ്താവനയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി . ആര്‍എസ്എസ് പിന്തുണയോടെ മത്സരിച്ച് ജയിച്ചാണ്
പിണറായി വിജയന്‍ ആദ്യമായി നിയമസഭയിലെത്തിയതെന്നും കെ.സി വേണുഗോപാല്‍ തന്റെ ഫെയ്‌സ്ബുക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു. ‘ബഹുമാനപ്പെട്ട കേരളാ മുഖ്യമന്ത്രിക്ക്’ എന്നു തുടങ്ങിയുള്ള തുറന്ന കത്താണ് കെ.സി. ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
ബഹുമാനപ്പെട്ട കേരളാ മുഖ്യമന്ത്രിക്ക്,
ആര്‍എസ്എസുമായി ഒരു സഹകരണവും ഉണ്ടായിട്ടില്ലെന്ന് അങ്ങ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതുകേട്ടു. കൂടുതല്‍ ചോദ്യങ്ങളും ചരിത്ര വസ്തുതകള്‍ ചൂണ്ടിക്കാട്ടലും ഉണ്ടാകാത്തതിനാല്‍ ഒരിക്കല്‍ക്കൂടി മാധ്യമങ്ങളെ അങ്ങ് കബളിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷേ, ചരിത്രം കണ്ടില്ലെന്ന് വെയ്ക്കാനോ, അത് തമസ്‌കരിക്കാനോ അത് ബോധ്യമുള്ളവര്‍ക്കാവില്ലല്ലോ. സിപിഎമ്മിന്റെ ആദ്യ ജനറല്‍ സെക്രട്ടറി പി.സുന്ദരയ്യയെ അങ്ങേയ്ക്ക് ഓര്‍മയുണ്ടാവും എന്ന് തന്നെ
വിശ്വസിക്കുന്നു. ആ ജനറല്‍ സെക്രട്ടറി സ്ഥാനവും പി.ബി. അംഗത്വവും രാജിവെച്ചുകൊണ്ട് സുന്ദരയ്യ 102 പേജ് വരുന്ന രാജിക്കത്ത്, 1975 സെപ്റ്റംബര്‍ 28ന് പാര്‍ട്ടിക്ക് നല്‍കിയിട്ടുണ്ട്. അതില്‍ അദ്ദേഹം പാര്‍ട്ടി സ്ഥാനമാനങ്ങള്‍ രാജിവെയ്ക്കുന്നതിന് 10 കാരണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതില്‍ ആദ്യത്തേത് അങ്ങ് മറന്നെങ്കില്‍, ഒരിക്കല്‍ക്കൂടി ഓര്‍മ്മപ്പെടുത്തുന്നു.
‘അടിയന്തരാവസ്ഥയെ നേരിടുന്നു എന്നതിന്റെ പേരില്‍ സാമ്രാജ്യത്വപക്ഷപാതിയായ ജനസംഘവുമായും ഫാഷിസ്റ്റ് സംഘടനയായ ആര്‍എസ്എസുമായും കൂട്ടുചേരുന്നതിനെ കേന്ദ്ര കമ്മിറ്റിയിലെ ഭൂരിഭാഗം അംഗങ്ങളും അനുകൂലിച്ചിരിക്കുന്നു. ഇത് നമ്മുടെ പാര്‍ട്ടിക്ക് വലിയ ദോഷമുണ്ടാക്കും. നമ്മുടെ രാജ്യത്തെയും പുറത്തെയും ജനാധിപത്യ സമൂഹങ്ങളില്‍, സാമ്രാജ്യത്വവിരുദ്ധ, സോഷ്യലിസ്റ്റ് ശക്തികള്‍ക്കിടയില്‍ നമ്മള്‍ ഒറ്റപ്പെടും.’
ന്യൂഡല്‍ഹിയിലെ ഇന്ത്യ പബ്ലിഷേഴ്സ് ആന്‍ഡ് ഡിസ്ട്രിബ്യൂട്ടേഴ്സ് പ്രസിദ്ധീകരിച്ച ഈ കത്ത് ഇന്നും പൊതുവിടങ്ങളില്‍ ലഭ്യമാണ്. ചോദ്യങ്ങള്‍ ഉയര്‍ന്നില്ലെന്നതിന്റെ പേരില്‍ ചരിത്രം കണ്ണടച്ചാല്‍ ഇല്ലാതാകുന്നതല്ലെന്ന് കേരളത്തിന്റെ മുഖ്യമന്ത്രി ഓര്‍ക്കണം. സ്വയം ആര്‍എസ്എസ് വിരുദ്ധ മുഖമുണ്ടക്കാന്‍ ശ്രമിച്ചാല്‍ അത് കേവലം മുഖംമൂടി മാത്രമാകുമെന്ന് താങ്കള്‍ക്ക് തന്നെ ധാരണയുണ്ടാവും. 1977ല്‍ ആര്‍എസ്എസ് പിന്തുണയോടെ മത്സരിച്ച് ജയിച്ച് ആദ്യമായി പിണറായി വിജയനെന്ന സിപിഎം നേതാവ് നിയമസഭയില്‍ കയറിയതിന്റെ ഓര്‍മ അത്ര പെട്ടെന്നൊന്നും നഷ്ടപ്പെടുന്നതല്ലല്ലോ. അന്ന് ഉദുമയിലെ സിപിഎം- ആര്‍എസ്എസ്
സംയുക്ത സ്ഥാനാര്‍ത്ഥിയായിരുന്ന ആര്‍എസ്എസ് നേതാവ് കെ.ജി.മാരാര്‍ ഇ.എം.എസിന് ബാഡ്ജ് കുത്തിക്കൊടുക്കുന്ന ചിത്രം ആവശ്യമെങ്കില്‍ ഹാജരാക്കാം. പാലക്കാട്ട് മത്സരിച്ച സിപിഎം സ്ഥാനാര്‍ത്ഥി ശിവദാസമേനോന്റെ പ്രചരണ പരിപാടിയില്‍ മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ.അദ്വാനി പങ്കെടുത്തത് ഇനിയുമെന്ത് തെളിവുകള്‍ നിരത്തിയാലാണ് അങ്ങ് അംഗീകരിക്കുക? അന്ന് സിപിഎമ്മുമായി സഹകരിക്കാന്‍ ആര്‍എസ്എസ് തീരുമാനിച്ച വിവരം ദേശാഭിമാനിയില്‍പ്പോയി പി.ഗോവിന്ദപ്പിള്ളയെ അറിയിച്ചെന്നും അതീവ സന്തോഷത്തോടെ സിപിഎം അത് സ്വീകരിച്ചെന്നുമുള്ള വിവരം ബിജെപി മുന്‍ അധ്യക്ഷന്‍ കെ.രാമന്‍ പിള്ള, പഴയ ജനതാ പാര്‍ട്ടി നേതാവ് പറഞ്ഞത് സാക്ഷ്യപത്രമാണല്ലോ. 1989ല്‍ കോണ്‍ഗ്രസിനെ അട്ടിമറിക്കാന്‍ സിപിഎം നേതാക്കള്‍ വി.പി.സിംഗിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചത് ചരിത്രമല്ലേ? അന്ന് വി.പി.സിംഗിന് പിന്തുണ നല്‍കിക്കൊണ്ട് സിപിഎം നേതാക്കളായ ഇ.എം.എസും ജോതിബസുവും അദ്വാനിക്കും വാജ്പേയിക്കും ഒപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ ഇന്നും ചരിത്ര പുസ്തകങ്ങളില്‍ പൊടി പിടിക്കാതെ കിടപ്പുണ്ട്. എല്ലാം വിട്ടേക്കൂ. നാല് വര്‍ഷം മുന്‍പല്ലേ, 2021ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ സിപിഎം- ബിജെപി സഖ്യം കേരളത്തില്‍ ഉണ്ടായിരുന്നെന്ന വെളിപ്പെടുത്തല്‍, സീറ്റുകള്‍ അടക്കം ചൂണ്ടിക്കാട്ടി നടത്തിയത് ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറിന്റെ മുന്‍ എഡിറ്റര്‍ ബാലശങ്കറല്ലേ. മുന്‍പൊരിക്കല്‍ താങ്കള്‍ തന്നെ മനോരമ ന്യൂസില്‍ കൊടുത്ത അഭിമുഖത്തില്‍ സമ്മതിച്ച വസ്തുതകള്‍ കേരളത്തിന് മുന്‍പിലുണ്ടെന്ന് ഓര്‍മ്മിപ്പിക്കുന്നു.
ചരിത്രം താങ്കളുടെ മറവിയിലേക്ക് പോയെങ്കില്‍, ഈ ദിവസങ്ങള്‍ ഓര്‍മിപ്പിക്കാം. സംഘപരിവാര്‍ നിലപാടുമായി ഭാരതാംബ ചിത്രം ഉയര്‍ത്തി, മതേതര നിലപാടുകളെ മുറിവേല്‍പ്പിച്ച കേരളത്തിന്റെ ഗവര്‍ണര്‍ക്ക് നേരെ രാഷ്ട്രീയ വിമര്‍ശനം ഉയര്‍ത്തിയ സിപിഐ, മറ്റൊരര്‍ത്ഥത്തില്‍പ്പറഞ്ഞാല്‍ അങ്ങയുടെ ഘടകകക്ഷി എത്ര ദിവസമാണ് ഒറ്റപ്പെടല്‍ അനുഭവിച്ചത്. ആര്‍ എസ് എസ് കാര്യാലയമായി രാജ്ഭവനെ മാറ്റിയിരിക്കുകയാണ് ഗവര്‍ണര്‍. ഒരു വാക്ക് കൊണ്ടോ നോക്കുകൊണ്ടോ പോലും ഗവര്‍ണറെയോ സംഘപരിവാറിയോ വേദനിപ്പിക്കാന്‍ അങ്ങ് തയ്യാറായില്ലല്ലോ. ഒടുവില്‍ തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കുന്നത് കൊണ്ട് ഇന്ന് വാര്‍ത്താസമ്മേളനം നടത്തി സംഘപരിവാര്‍ വിരുദ്ധ മുഖം സ്വയം അവരോധിക്കാന്‍ നിര്‍ബന്ധിതനാവുകയായിരുന്നല്ലോ താങ്കള്‍. ഗതികേടിന്റെ മുഖമായിരുന്നു ഇന്ന് താങ്കള്‍ക്ക് വാര്‍ത്താസമ്മേളനത്തിലുടനീളം. ചിരി കൊണ്ടോ, പിആര്‍ മിനുക്കലുകള്‍ കൊണ്ടോ മായ്ച്ചാല്‍ മറയുന്നതല്ല അതെന്ന് അങ്ങ് മനസ്സിലാക്കണം. ആര്‍ എസ് എസ്സുമായി നേരത്തെ കച്ചവടമുറപ്പിച്ച്, ഗോവിന്ദന്‍ മാഷ് പറഞ്ഞ സത്യം വിവാദമായപ്പോള്‍ തിരഞ്ഞെടുപ്പിന്റെ തലേദിവസം തലയില്‍ മുണ്ടിടാനുള്ള ശ്രമമാണ് അങ്ങ് നടത്തിയത്. ഇനിയും ചരിത്രം അംഗീകരിക്കാന്‍ തയ്യാറല്ലെങ്കില്‍, അറിയിച്ചാല്‍ മതി. തെളിവുകള്‍ കൂടി പുറത്തുവിടാം.
പാര്‍ട്ടി സെക്രട്ടറിക്ക് നാക്ക് പിഴ വന്നെന്നോ, വൈകാരികതയിലോ ആവേശത്തിലോ സംഭവിച്ചതെന്ന് കരുതാന്‍ വയ്യ. മറിച്ച്, വരാന്‍ പോകുന്ന തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സംഘപരിവാറുമായി കൈകോര്‍ക്കാനും ആ വോട്ടുകള്‍ പ്രീണിപ്പിക്കാനുമുള്ള ആദ്യഘട്ട ദൗത്യം മാത്രമാണ് എം.വി.ഗോവിന്ദന്‍ നടത്തിയത്. ആര്‍ എസ് എസ് ഉള്‍പ്പെടെയുള്ള വര്‍ഗീയ ശക്തികളോടുള്ള സമീപനവും, ഇസ്രായേല്‍ വിരോധവുമെല്ലാം ഇത്തരത്തില്‍ തിരഞ്ഞെടുപ്പ് അടുക്കുമ്പോഴുള്ള അടവ് നയങ്ങള്‍ മാത്രമാണ് നിങ്ങള്‍ക്ക്. കേരളത്തിന്റെ മതേതര മനസ്സില്‍ നിന്ന് വിമര്‍ശനമുണ്ടായപ്പോള്‍ തിരുത്തുന്നതില്‍ ഒട്ടുമേ സത്യസന്ധതയുണ്ടായിരുന്നില്ല. ഇന്നലെയും ഇന്നും നാളെയും നിങ്ങള്‍ സഖ്യത്തിലാണ്, സംഘപരിവാറുമായി, ആര്‍എസ്എസുമായി. ഇനിയുമത് ഉറക്കെ വിളിച്ചുപറയും.