മുപ്പതാമത് ദേശീയ വായനാ മഹോത്സവം ഉദ്ഘാടനം ചെയ്തുവായനാ രംഗത്ത് കേരളം ലോകത്തിന് മാതൃകയാണെന്നും ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ പാരമ്പര്യം കേരളത്തെ കാലത്തിന് മുന്നേ നടത്തിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വായനാദിനാചരണങ്ങൾ ആധുനിക കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തെയും സമ്പന്നമായ പൈതൃകത്തെയും ഓർമ്മപ്പെടുത്തുന്നതായും മുഖ്യമന്ത്രി പറഞ്ഞു. പി.എൻ. പണിക്കർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ടാഗോർ തിയേറ്ററിൽ നടന്ന 30-ാം മത് ദേശീയ വായനാ മഹോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.മലയാളിയെ വായിക്കാൻ പഠിപ്പിച്ച പി.എൻ. പണിക്കർ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്നു. നീലംപേരൂരിൽ ഗ്രന്ഥശാല സ്ഥാപിച്ചുകൊണ്ട് പൊതുരംഗത്തേക്ക് കടന്നുവന്ന പി. എൻ. പണിക്കർ ഗ്രന്ഥശാലകളുടെ കൂട്ടായ്മക്കായി പ്രവർത്തിച്ചു. ഇതിന്റെ തുടർച്ചയായി രൂപീകൃതമായ കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ആദ്യ ജനറൽ സെക്രട്ടറിയായും അദ്ദേഹം സേവനമനുഷ്ഠിച്ചതായി മുഖ്യമന്ത്രി അനുസ്മരിച്ചു.
മനുഷ്യൻ പൂർണനാവുന്നത് വായനയിലൂടെയാണെന്ന് മനസിലാക്കി കുട്ടികൾ വായനയ്ക്ക് പ്രാധാന്യം നൽകണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. വായനക്ക് 10 മാർക്ക് ഗ്രേസ് മാർക്കായി നൽകുന്നത് പരിഗണനയിലാണെന്നും ഇക്കൊല്ലം തന്നെ അത് നടപ്പിലാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി കൂട്ടിച്ചർത്തു.ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ ടി വി സുഭാഷ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റ് ഡയറക്ടർ കെ ജയകുമാർ, ടി കെ എ നായർ, കുമ്മനം രാജശേഖരൻ, എം. വിജയകുമാർ, പാലോട് രവി, പി എൻ പണിക്കർ ഫൗണ്ടേഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ, നാഷണൽ സർവീസ് സ്‌കീം സ്റ്റേറ്റ് ഓഫീസർ അൻസർ ആർ എൻ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി.