കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ നൂതന സി.ടി. സ്‌കാൻ കേന്ദ്രം പ്രവർത്തനം ആരംഭിച്ചു

Spread the love

പാലക്കാട് : കോട്ടത്തറ ഗവൺമെന്റ് ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ നൂതന സി.ടി. സ്‌കാൻ കേന്ദ്രം പ്രവർത്തനം ആരംഭിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള എച്ച്എൽഎൽ ലൈഫ്കെയർ ലിമിറ്റഡിന്റെ (എച്ച്എൽഎൽ) സഹകരണത്തോടുകൂടിയാണ് സി.ടി. സ്‌കാൻ കേന്ദ്രം പ്രവർത്തനക്ഷമമാക്കിയത്. സി.ടി. സ്‌കാൻ പ്രവർത്തിപ്പിക്കാൻ ആവശ്യമായ ജീവനക്കാരെയും മറ്റ് സാങ്കേതിക സഹായങ്ങളും എച്ച്എൽഎല്ലാണ് നൽകുന്നത്. 16 സ്ലൈസ് സി.ടി. സ്‌കാൻ മെഷീനാണ് ഈ കേന്ദ്രത്തിൽ സ്ഥാപിച്ചിട്ടുള്ളത്. 24 മണിക്കൂറും ഈ കേന്ദ്രത്തിന്റെ സേവനം ജനങ്ങൾക്ക് ലഭ്യമാകും. സി.ടി. സ്കാനിങിന് പുറമെ, അൾട്രാ സൗണ്ട് സ്കാനിങ് സേവനവും എച്ച്എൽഎൽ ഈ ആശുപത്രിയിൽ നൽകുന്നുണ്ട്.

സി.ടി. സ്‌കാൻ സേവനങ്ങൾ മിതമായ നിരക്കിൽ ലഭ്യമാകുക വഴി പ്രദേശവാസികൾക്ക് കോട്ടത്തറയിലെ സി ടി സ്കാൻ കേന്ദ്രം വലിയ ആശ്വാസമായിരിക്കുകയാണ്. ആരോഗ്യ കിരണം പദ്ധതി വഴി രോഗികൾക്ക് ഈ കേന്ദ്രത്തിൽ സൗജന്യമായും സി.ടി. സ്‌കാൻ ചെയ്യാൻ സാധിക്കും. പുറത്തുനിന്നും വരുന്ന രോഗികൾക്കും എച്ച്എൽഎൽ സി.ടി. സ്കാനിങിന്റെ സേവനം ലഭ്യമാണ്.

സ്വകാര്യ ആശുപത്രികളിലെ സി.ടി. സ്‌കാൻ നിരക്കുകൾ വളരെ കൂടുതലായതിനാൽ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയെയും പാലക്കാട് ജില്ലാ ആശുപത്രിയെയും ആണ് പ്രദേശവാസികൾ ഇതുവരെ ആശ്രയിച്ചിരുന്നത്. തമിഴ്നാട് അതിർത്തി പ്രദേശങ്ങളിലെ ജനങ്ങൾ കോയമ്പത്തൂർ വരെ യാത്ര ചെയ്ത് ഭീമമായ തുക നൽകി ആയിരുന്നു സി.ടി. സ്‌കാൻ ചെയ്തിരുന്നത്. കോട്ടത്തറ ഗവൺമെന്റ് ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ പുതിയ സി.ടി. സ്‌കാൻ കേന്ദ്രം ആരംഭിച്ചതോടെ, രോഗനിർണയത്തിനായി മണിക്കൂറുകളോളം യാത്ര ചെയ്യേണ്ടതും ഉയർന്ന തുക സ്കാനിങിനായി നൽകേണ്ടതുമായ ദുരിതം പ്രദേശവാസികൾക്ക് ഇല്ലാതാവുകയാണ്.

Divya Ra

 

Author

Leave a Reply

Your email address will not be published. Required fields are marked *