ഐസ്‌ക്രീം കാർട്ടുകളുടെ വിപണനോദ്ഘാടനവും താക്കോൽ കൈമാറ്റവും ജൂൺ 25ന്

Spread the love

കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡ് (KAL) മിൽമയ്ക്കുവേണ്ടി പ്രത്യേകം രൂപകൽപ്പന ചെയ്ത ഐസ്‌ക്രീം കാർട്ടുകളുടെ വിപണനോദ്ഘാടനവും താക്കോൽ കൈമാറ്റവും, പുതുതായി വികസിപ്പിച്ചെടുത്ത മൂന്ന് ഇലക്ട്രിക് വാഹനങ്ങളുടെ വിപണി ലോഞ്ചും വ്യവസായ, കയർ, നിയമ വകുപ്പ് മന്ത്രി പി. രാജീവ് നിർവഹിക്കും.ജൂൺ 25- വൈകുന്നേരം 3 മണിക്ക് കെ എ എൽ കമ്പനിയിൽ നടക്കുന്ന ചടങ്ങിൽ മൃഗസംരക്ഷണ,ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഐസ്‌ക്രീം കാർട്ടുകളുടെ താക്കോൽ സ്വീകരിച്ച് ഫ്ലാഗ് ഓഫ് ചെയ്യും. കെ. ആൻസലൻ എം.എൽ.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കെ എ എൽ ചെയർമാൻ പുല്ലുവിള സ്റ്റാൻലി സ്വാഗതം ആശംസിക്കും. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് മുഖ്യാതിഥിയായി പങ്കെടുക്കും. മിൽമ ചെയർമാൻ കെ എസ് മണി മുഖ്യ പ്രഭാഷണം നടത്തും.മിൽമയുടെ ആവശ്യാനുസരണം കെ എ എൽ രൂപകൽപ്പന ചെയ്ത് നിർമ്മിച്ചതാണ് മിൽമ മിലി കാർട്ട് എന്ന് പേരിട്ടിരിക്കുന്ന ഐസ്‌ക്രീം കാർട്ട്. ആദ്യ ബാച്ചിൽ തയാറാക്കിയ 30 യൂണിറ്റുകൾ മിൽമയുടെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് റീജിയണൽ കോഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയനുകൾക്ക് 10 എണ്ണം വീതം വിതരണം ചെയ്യാൻ ലക്ഷ്യമിടുന്നു. ഭാവിയിലും ആവശ്യമായ ഐസ്‌ക്രീം കാർട്ടുകൾ കെ എ എൽ വഴി നിർമ്മിക്കാനാണ് മിൽമ ഉദ്ദേശിക്കുന്നത്.പുതിയ വിപണികളിലേക്കും ഉപഭോക്താക്കളിലേക്കും എത്തുക എന്ന ലക്ഷ്യത്തോടെ മൂന്ന് പുതിയ ഇലക്ട്രിക് വാഹനങ്ങളും കെ എ എൽ വികസിപ്പിച്ചെടുത്തിട്ടുണ്ട്. 60 സെന്റീമീറ്റർ ട്രാക്ക് വീതിയുള്ളതും 150 കിലോ ഭാരം വഹിക്കാൻ കഴിയുന്നതുമായ മിനി ഇ-കാർട്ട് കാമ്പസുകൾക്കുള്ളിലെ ചരക്കുനീക്കത്തിനും കൃഷിയിടങ്ങളിലും നിർമ്മാണ സൈറ്റുകളിലും ഇടുങ്ങിയ വഴികളിലൂടെയുള്ള ചരക്കുനീക്കത്തിനും മാലിന്യ നീക്കത്തിനും അനുയോജ്യമാണ്.85 സെന്റീമീറ്റർ ട്രാക്ക് വീതിയുള്ളതും 310 കിലോ ഭാരം വഹിക്കാൻ കഴിയുന്നതുമായ മിനി ഇ-കാർട്ട് പ്ലസ് വാഹനം വിവിധ ആവശ്യങ്ങൾക്കുള്ള ചരക്കുനീക്കത്തിനായി ഉപയോഗിക്കാം. ഉപയോഗത്തിനനുസരിച്ച് കസ്റ്റമൈസ് ചെയ്യാവുന്ന കാരിയേജ് ബോക്‌സും ടിപ്പിംഗ് മെക്കാനിസവും ഇതിന്റെ പ്രത്യേകതകളാണ്. റോഡിലൂടെ ഓടിക്കാവുന്ന ഇത് മാലിന്യ നീക്കത്തിനും ഉപയോഗിക്കാം.ഡ്രൈവർക്ക് പുറമെ 4 യാത്രക്കാർക്ക് സഞ്ചരിക്കാൻ കഴിയുന്ന ഇലക്ട്രിക് ബഗ്ഗി 1.0 എന്ന വാഹനത്തിന്റെ ട്രാക്ക് വീതി 85 സെന്റീമീറ്ററാണ്. കാമ്പസുകൾ, കോളേജുകൾ, റിസോർട്ടുകൾ, ആശുപത്രികൾ എന്നിവിടങ്ങളിലെ ഗതാഗതത്തിന് ഇത് അനുയോജ്യമാണ്.വി എസ് എസ് സി, ഐ എസ് ആർ ഒ, ബ്രഹ്‌മോസ്, എൽ പി എസ് സി തുടങ്ങിയ എയ്‌റോസ്‌പേസ്,ഡിഫൻസ് സ്ഥാപനങ്ങൾക്ക് ഹൈ പ്രിസിഷൻ കമ്പോണന്റുകൾ നൽകാൻ ശേഷിയുള്ള ഒരു ആധുനിക മെഷീൻ ഷോപ്പ് കെ എ എല്ലിൽ പ്രവർത്തിക്കുന്നുണ്ട്. 5 വി എം സി, 3 സി എൻ സി ടേണിംഗ് സെന്ററുകൾ, ഇ ഡി എം, വയർ കട്ടിംഗ് മെഷീൻ, ബ്രോച്ചിംഗ് മെഷീൻ തുടങ്ങിയ ആധുനിക യന്ത്രങ്ങൾ ഈ മെഷീൻ ഷോപ്പിൽ ഉൾപ്പെടുന്നു.മുംബൈ ആസ്ഥാനമായുള്ള ലോർഡ്‌സ് ഓട്ടോമേറ്റീവ് പ്രൈവറ്റ് ലിമിറ്റഡുമായി ചേർന്ന് ജോയിന്റ് വെഞ്ചർ കമ്പനി രൂപീകരിച്ചിട്ടുണ്ട്. ഇലക്ട്രിക് സ്‌കൂട്ടറുകളുടെ നിർമ്മാണവും വിപണനവും ഉടൻ ആരംഭിക്കും. ഗാർബേജ് കാർട്ടുകളുടെ വിപണനം അയൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാനും ഇ-കാർട്ട് കസ്റ്റമൈസ് ചെയ്ത് മൊബൈൽ ഫുഡ് കാർട്ട് നിർമ്മിക്കാനും കെ എ എൽ പദ്ധതിയിടുന്നു. ഇലക്ട്രിക് ഓട്ടോ ഉത്തരേന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്യാനും കൂടുതൽ മൈലേജും യാത്രാസുഖവുമുള്ള പുതിയ മോഡൽ ഇലക്ട്രിക് ഓട്ടോയും 500 കിലോയിൽ കൂടുതൽ ഭാരം താങ്ങാൻ കഴിയുന്ന ഇലക്ട്രിക് പിക്ക് അപ്പും വികസിപ്പിക്കാനും കെ എ എൽ ലക്ഷ്യമിടുന്നു. വിപണന ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി കൂടുതൽ ഡീലർമാരെ നിയമിക്കാനും എല്ലാ ജില്ലകളിലും അംഗീകൃത സർവീസ് സെന്ററുകൾ ആരംഭിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്.

Author

Leave a Reply

Your email address will not be published. Required fields are marked *