കൊല്ലം : ലോക ലഹരി വിരുദ്ധ ദിനമായി ആചരിക്കുന്ന നാളെ (26) രാവിലെ ആറിന് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ കൊല്ലത്ത് ലഹരി വിരുദ്ധ സമൂഹ നടത്തം സംഘടിപ്പിക്കുന്നു.
ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കു വേണ്ടി രാഷ്ട്രീയ വ്യത്യാസമില്ലാതെ പ്രവർത്തിക്കുന്ന പ്രൗഡ് കേരള എന്ന സംഘടനയുടെ നേതൃത്വത്തിൽ കേരളത്തിൽ സംഘടിപ്പിക്കുന്ന മൂന്നാമത്തെ ലഹരി വിരുദ്ധ സമൂഹ നടത്തമാണ് ഇത്.
യുവാക്കൾക്കിടയിൽ പടർന്നു പന്തലിക്കുന്ന ലഹരിമരുന്നു ഉപയോഗത്തിനെതിരെ കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവിഭാഗത്തിൽപ്പെട്ട ജനവിഭാഗങ്ങളെയും അണിനിരത്തി ജനകീയ പ്രതിരോധം തീർക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് രമേശ് ചെന്നിത്തല നേതൃത്വം നൽകുന്ന ഈ സംഘടന ഈ പരിപാടി പരിപാടി നടത്തുന്നത്.
നേരത്തെ കോഴിക്കോട് ബീച്ചിലും തിരുവനന്തപുരം മാനവിയം വീഥിയിലും ലഹരിവിരുദ്ധ സമൂഹ നടത്തം സംഘടിപ്പിച്ചിരുന്നു
കൊല്ലത്ത് ആശ്രമം മൈതാനത്തുനിന്ന് രാവിലെ ആറുമണിക്ക് ആരംഭിക്കുന്ന ലഹരി വിരുദ്ധ സമൂഹ നടത്തം ചിന്നക്കടയിൽ സമാപിക്കും. അവിടെ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി പിരിയും.
അന്നു നടക്കുന്ന ലഹരിവിരുദ്ധ പ്രചാരണത്തിൽ വിദ്യാർഥികൾ, യുവജനങ്ങൾ, സന്നദ്ധ സംഘടനകൾ, മദ്യവിരുദ്ധ- ലഹരിവിരുദ്ധ സംഘടനകളുടെ പ്രതിനിധികൾ, സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളിലെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കുമെന്ന് പ്രൗഡ് കേരള ചെയർമാൻ മലയിൻകീഴ് വേണുഗോപാൽ അറിയിച്ചു.
ലഹരിമരുന്നിനെതിരയുള്ള ബോധവൽക്കരണത്തിനായി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ രൂപം കൊണ്ട രാഷ്ട്രീയ രഹിത ജനമുന്നേറ്റമാണ് പ്രൗഡ് കേരള മൂവ്‌മെന്റ്.
സമൂഹത്തിന്റെ നാനാതുറയിൽപെട്ടവർ ഈ പരിപാടിയിൽ പങ്കു ചേരുമെന്ന് സംഘാടകർ അറിയിച്ചു.