ഡാളസ് ബ്ലാസ്റ്റേഴ്സ് എഫ്.ഒ.ഡി ടി20 ക്രിക്കറ്റ് ലീഗ് ജേതാക്കൾ : ബാബു പി സൈമൺ, ഡാളസ്

Spread the love

ഡാളസ്: ഫ്രണ്ട്സ് ഓഫ് ഡാളസ് ക്രിക്കറ്റ് ടീം സംഘടിപ്പിച്ച ടി20 ക്രിക്കറ്റ് ലീഗ് മത്സരത്തിൽ ഡാളസ് ബ്ലാസ്റ്റേഴ്സ് ടീം ജേതാക്കളായി. കഴിഞ്ഞ ഞായറാഴ്ച (ജൂൺ 22) നടന്ന ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ ഡാളസ് വാരിയേഴ്സ് ക്രിക്കറ്റ് ടീമിനെ ഏഴ് വിക്കറ്റിനാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ വാരിയേഴ്സ് ടീം നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 146 റൺസ് നേടി മികച്ച സ്കോർ ഉയർത്തി. എന്നാൽ, മറുപടി ബാറ്റിംഗിനിറങ്ങിയ ബ്ലാസ്റ്റേഴ്സ് ടീം മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി പതിനെട്ടാം ഓവറിൽ തന്നെ വിജയലക്ഷ്യം മറികടന്നു.

ഫൈനൽ മത്സരത്തിൽ 67 റൺസും ഒരു വിക്കറ്റും നേടി മിന്നും പ്രകടനം കാഴ്ചവെച്ച ബ്ലാസ്റ്റേഴ്സ് ടീമിന്റെ ജസ്റ്റിൻ ജോസഫ് ഫൈനലിലെ മികച്ച കളിക്കാരനായി (മാൻ ഓഫ് ദി മാച്ച്) തിരഞ്ഞെടുക്കപ്പെട്ടു. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച വാരിയേഴ്സ് ടീമിലെ പ്രിൻസ് ജോസഫ് 136 റൺസുമായി ടൂർണമെന്റിലെ മികച്ച ബാറ്റ്സ്മാനായി തിരഞ്ഞെടുക്കപ്പെട്ടു. കൂടുതൽ വിക്കറ്റുകൾ നേടി വാരിയേഴ്സ് ടീമിലെ തന്നെ ഷിനു ജോൺ മികച്ച ബൗളർക്കുള്ള ട്രോഫിയും കരസ്ഥമാക്കി.

വിജയികളായ ബ്ലാസ്റ്റേഴ്സ് ടീമിന്റെ ക്യാപ്റ്റൻ അജു മാത്യു കാറൾട്ടൺ സിറ്റിയിലെ പ്രമുഖ ക്രിക്കറ്റ് ടീമായ സ്ട്രൈക്കേഴ്സ് ടീമിന്റെ ഉടമയും മാനേജരുമായ സജു ലൂക്കോസിൽ നിന്ന് ചാമ്പ്യൻ ട്രോഫി ഏറ്റുവാങ്ങി.

ഡാളസ്-ഫോർട്ട് വർത്ത് നഗരങ്ങളിൽ വളർന്നുവരുന്ന ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്തി അവർക്ക് പരിശീലനം നൽകുന്നതിന് ഫ്രണ്ട്സ് ഓഫ് ഡാളസ് ക്രിക്കറ്റ് ടീം കാണിക്കുന്ന താൽപ്പര്യങ്ങളെ അവാർഡ് ദാന ചടങ്ങിൽ പങ്കെടുത്ത വിവിധ കലാകായിക സാംസ്കാരിക പ്രമുഖർ അഭിനന്ദിച്ചു. മത്സരങ്ങളുടെ മെഗാ സ്പോൺസറായ ജസ്റ്റിൻ വർഗീസ് (ജസ്റ്റിൻ വർഗീസ് റിയൽറ്റർ), എയ്ഞ്ചൽവാലി ഹോസ്പിസ് ഉടമ ബിജു തോമസ് എന്നിവർ ടൂർണമെന്റ് വിജയത്തിനായി പ്രവർത്തിച്ച കമ്മിറ്റിയെ പ്രത്യേകം അനുമോദിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *