ബാലവേല വിമുക്ത സംസ്ഥാനമാക്കാന്‍ നിര്‍ണായക ഇടപെടലുമായി വനിത ശിശുവികസന വകുപ്പ്

Spread the love

140 ഹോട്ട് സ്പോട്ടുകള്‍ കണ്ടെത്തി, 56 കുട്ടികളെ രക്ഷപ്പെടുത്തി

തിരുവനന്തപുരം: കേരളത്തെ ബാലവേല വിമുക്ത സംസ്ഥാനമാക്കാന്‍ വനിതാ ശിശുവികസന വകുപ്പ് ശക്തമായ നടപടികള്‍ സ്വീകരിച്ചു വരുന്നതായി ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ബാലവേലയില്‍ എര്‍പ്പെട്ടിരിക്കുന്ന കുട്ടികളെ കണ്ടെത്തുന്നതിനും പുനരധിവസിപ്പിക്കുന്നതിനുമായി വനിത ശിശുവികസന വകുപ്പ് നടപ്പിലാക്കിയ ശരണബാല്യം പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ സാമ്പത്തിക വര്‍ഷം 704 റെസ്‌ക്യൂ ഡ്രൈവുകള്‍ സംഘടിപ്പിച്ചു. ബാലവേലയില്‍ ഏര്‍പ്പെടുവാന്‍ സാധ്യതയുള്ള 56 കുട്ടികളെ കണ്ടെത്തി പുനരധിവാസം നല്‍കാനായി. ഇതിന്റെ ഭാഗമായി 2025ല്‍ ബാലവേല, ബാല ഭിക്ഷാടനം എന്നിവ കണ്ടെത്തുന്നതിനായി എല്ലാ ജില്ലകളിലും സര്‍വേ നടത്തി. 140 ഹോട്ട് സ്പോട്ടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇത്തരം ഹോട്ട് സ്പോട്ടുകള്‍ കേന്ദ്രീകരിച്ച് തൊഴില്‍ വകുപ്പ്, പോലീസ് എന്നിവരുടെ സഹകരണത്തോടെ പ്രവര്‍ത്തനം ശക്തമാക്കി അടുത്ത വര്‍ഷത്തോടെ ബാലവേല പൂര്‍ണമായും ഒഴിവാക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ഏറ്റവും കൂടുതല്‍ ഹോട്ട് സ്പോട്ട് കണ്ടെത്തിയത് (30) എറണാകുളം ജില്ലയിലാണ്. തിരുവനന്തപുരം 12, കൊല്ലം 11, പത്തനംതിട്ട 6, ആലപ്പുഴ 10, കോട്ടയം 7, ഇടുക്കി 13, തൃശൂര്‍ 9, പാലക്കാട് 4, മലപ്പുറം 9, കോഴിക്കോട് 4, വയനാട് 8, കണ്ണൂര്‍ 10, കാസര്‍ഗോഡ് 7 എന്നിങ്ങനെയാണ് മറ്റുള്ള ജില്ലകളിലെ ഹോട്ട് സ്പോട്ടുകള്‍. ഉത്സവ സ്ഥലങ്ങള്‍, കമ്പനികള്‍, തോട്ടങ്ങള്‍ തുടങ്ങിയ മേഖലകളിലാണ് ഹോട്ടസ്‌പോട്ടുകള്‍ കണ്ടെത്തിയിട്ടുള്ളത്. അതിനാല്‍ തന്നെ അത്തരം സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

ശരണബാല്യം പദ്ധതിയെ കാവല്‍ പ്ലസ് പദ്ധതിയുമായി ബന്ധിപ്പിച്ച് ദീര്‍ഘനാള്‍ സേവനങ്ങള്‍ നല്‍കി കുട്ടികളെ പുനരധിവസിപ്പിച്ചു വരുന്നു. ഇത്തരത്തില്‍ രക്ഷിച്ചെടുക്കുന്ന കുട്ടികളെ സി.ഡബ്ല്യു.സി.യുടെ മുമ്പാകെ എത്തിക്കുന്നു. മറ്റ് സംസ്ഥാനങ്ങളിലുള്ള കുട്ടികളാണെങ്കില്‍ അവരുടെ സംസ്ഥാനങ്ങളിലെ സി.ഡബ്ല്യു.സി.കളിലേക്ക് തിരികെ അയയ്ക്കുന്നു. അതിന് കഴിയാത്ത കുട്ടികളുടെ സംരക്ഷണം വനിത ശിശുവികസന വകുപ്പ് ഏറ്റെടുത്ത് അവരെ പുനരധിവസിപ്പിക്കുന്നു.

ഏതെങ്കിലും സ്ഥലത്ത് ബാലവേല നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ 1098 എന്ന നമ്പറില്‍ അറിയിക്കുകയോ 82818 99479 എന്ന വാട്‌സാപ്പ് നമ്പറില്‍ സന്ദേശം അയക്കുകയോ ചെയ്യാവുന്നതാണ്.

Author

Leave a Reply

Your email address will not be published. Required fields are marked *