കെപിസിസി രാഷ്ട്രീയകാര്യ സമിതിയോഗത്തിന് ശേഷം കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ കെപിസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനം.
ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും സോഷ്യലിസവും മതേതരത്വവും നീക്കണമെന്ന ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹൊസബളേയുടെ പ്രസ്താവന ഇന്ത്യയുടെ ആത്മാവിനെ ഇല്ലാതാക്കാനാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിന് ശേഷം കെപിസിസി ആസ്ഥാനത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുക ആയിരുന്നു അദ്ദേഹം.
ആര്‍എസ്എസിന് ഇന്ത്യന്‍ ഭരണഘടനയുടെ രൂപീകരണത്തില്‍ ഒരു പങ്കുമില്ല.നെഹ്‌റുവും അംബേദ്ക്കറും ഉള്‍പ്പെടെയുള്ള നേതാക്കളിലൂടെ കോണ്‍ഗ്രസാണ് ഭരണഘടനയ്ക്ക് രൂപം നല്‍കിയത്. ലോകരാജ്യങ്ങളുടെ ഭരണഘടന പഠിച്ച് വിശദമായ ചര്‍ച്ചകള്‍ നടത്തിയാണ് അതിന് രൂപം നല്‍കിയത്. മതേതരത്വവും സോഷ്യലിസവും ഇന്ദിരാഗാന്ധി പ്രധാനമന്ത്രി ആയിരുന്ന കാലഘട്ടത്തിലാണ് ഭരണഘടനയുടെ ആമുഖത്തില്‍ കൂട്ടിച്ചേര്‍ത്തത്. അത് ഇന്ത്യന്‍ ഭരണഘടനയുടെ ഹൃദയമാണ്. ജനാധിപത്യം,മതേതരത്വം, സോഷ്യലിസം, പരമാധികാരം എന്നിവ ഇല്ലാതാക്കാന്‍ ആരുശ്രമിച്ചാലും കോണ്‍ഗ്രസ് അതിനെ എതിര്‍ത്ത് പരാജയപ്പെടുത്തുമെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി. അതിന് എല്ലാ മതേതര വിശ്വാസികളുടെയും പൂർണപിന്തുണ അഭ്യര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
രാജ്ഭവനെ രാഷ്ട്രീയ വേദിയാക്കി മാറ്റാനുള്ള ഗവര്‍ണ്ണറുടെ കുത്സിത ശ്രമങ്ങള്‍ അപലപനീയമാണ്. ഭരണഘടനാ സ്ഥാപനത്തെ രാഷ്ട്രീയ വേദിയാക്കാനുള്ള എല്ലാ നീക്കങ്ങളും അവസാനിപ്പിക്കണമെന്ന് ശക്തമായ ഭാഷയില്‍ കെപിസിസി ആവശ്യപ്പെടുന്നു.
ദേശീയപാത നിര്‍മ്മാണത്തിലെ അഴിമതിയും ക്രമക്കേടും അന്വേഷിച്ച് കണ്ടെത്തണമെന്ന് രാഷ്ട്രീയകാര്യ സമിതി ആവശ്യപ്പെട്ടു. ഈ ക്രമക്കേടിലെ അന്വേഷണത്തെ എന്തുകൊണ്ട് സര്‍ക്കാര്‍ നിരസ്സിക്കുന്നുവെന്ന് സര്‍ക്കാര്‍ മറുപടി പറയണം.അഴിമതിക്കാരെ സംരക്ഷിക്കുന്ന നടപടിയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കുന്നത്. പാര്‍ലമെന്റ് അക്കൗണ്ട്‌സ് കമ്മിറ്റി ചെയര്‍മാന്‍ എന്നനിലയില്‍ ഈ ക്രമക്കേട് പുറത്തുകൊണ്ടുവരാന്‍ കെ സി വേണുഗോപാൽ എംപി നടത്തിയ ഇടപെടലുകളെ രാഷ്ട്രീയകാര്യ സമിതി അഭിനന്ദിച്ചു. ദേശീയപാത നിര്‍മ്മാണത്തിലെ അഴിമതി ഭരണകക്ഷി എംപിമാര്‍ക്ക് പോലും ബോധ്യം വന്നിട്ടുണ്ട്. രാഷ്ട്രീയ നേതൃത്വത്തിന്റെ ഒത്താശയോടെയാണ് ആയിരക്കണക്കിന് കോടിയുടെ അഴിമതി ദേശീയപാത നിര്‍മ്മാണത്തില്‍ നടന്നതെന്നും സണ്ണി ജോസഫ് പറഞ്ഞു.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് വിജയം കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും ടീം വര്‍ക്കിനും പ്രവര്‍ത്തകര്‍ക്കും കിട്ടിയ അംഗീകാരമാണ്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഉജ്വലവിജയം യുഡിഎഫിന് സമ്മാനിച്ച വോട്ടര്‍മാരെ ഹൃദയത്തിന്റെ ഭാഷയില്‍ അഭിനന്ദിക്കുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ ജനവിധി ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. വരാന്‍ പോകുന്ന തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകളിലേക്കുള്ള ചൂണ്ടുപലകയാണ് നിലമ്പൂര്‍ തിരഞ്ഞെടുപ്പ് ഫലം.യുഡിഎഫിന്റെ ശാക്തീകരണത്തിനും മടങ്ങിവരവിനും ഈ ഫലം കരുത്തുപകരും. യുഡിഎഫിന്റെ വിജയത്തിനായി ഐക്യത്തോടെ പ്രവര്‍ത്തിച്ച നേതാക്കളെയും പ്രവര്‍ത്തകരെയും കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം പ്രത്യേകം അഭിനന്ദിച്ചതായും സണ്ണി ജോസഫ് വ്യക്തമാക്കി.
നിലമ്പൂരിലെ പരാജയം എല്‍ഡിഎഫിന് കനത്ത തിരിച്ചടി നല്‍കി. അവരെയത് കടുത്ത അനൈക്യത്തിലും ആശയക്കുഴപ്പത്തിലുമാക്കി. ആര്‍എസ്എസ് ബന്ധത്തെ കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി തുറന്ന് സമ്മതിക്കുകയും മുഖ്യമന്ത്രി നിഷേധിക്കുകയും ചെയ്തെങ്കിലും അതുവിജയിച്ചില്ല. സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ അതിലുള്ള അഭിപ്രായ വ്യത്യാസം പ്രകടമായിരുന്നു. നിലമ്പൂരിലെ ജനവിധി സര്‍ക്കാരിനെതിരായ വികാരമാണെന്നാണ് സിപി ഐയും വിലയിരുത്തിയത്. സര്‍ക്കാര്‍ തെറ്റുതിരുത്തണമെന്നാണ് അവരും അഭിപ്രായപ്പെട്ടത്.യുഡിഫിന്റെ സമ്പൂര്‍ണ്ണമായ വിജയം ജനങ്ങളുടെതാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
യുഡിഎഫിലേക്ക് ഏതെങ്കിലും പാര്‍ട്ടിയുമായി ചര്‍ച്ച നടത്തുകയോ ക്ഷണിക്കുകയോ ചെയ്തിട്ടില്ല. ജനകീയ അടിത്തറ വികസിപ്പിക്കുമെന്നാണ് യുഡിഎഫ് വ്യക്തമാക്കിയത്. അതിന് തെളിവാണ് നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പ് ഫലം. മുന്നണിയുടെ ജനകീയ അടിത്തറ വികസിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ തുടരും.എല്‍ഡിഎഫിന്റെ ജനവിരുദ്ധ നയങ്ങളെ എതിര്‍ക്കുന്ന ആര്‍ക്കും ഉചിതസമയത്ത് വ്യക്തവും ശക്തവുമായ നിലപാട് സ്വീകരിക്കാം. താന്‍ കോണ്‍ഗ്രസിന്റെ സോള്‍ജിയര്‍ മാത്രമാണെന്നും സണ്ണി ജോസഫ് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ചരമദിനമായ ജൂലൈ 18 കോണ്‍ഗ്രസ് ആചരിക്കും. കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കികൊണ്ടുള്ള പരിപാടികളായിരിക്കും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളുടെയും പാര്‍ട്ടിയുടെ വിവിധ ഘടകങ്ങളുടെയും നേതൃത്വത്തില്‍ നടത്തുക.
സമരപരിപാടികളും മറ്റും ചര്‍ച്ച ചെയ്യുന്നതിനായി ജൂലൈ രണ്ടിന് കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും യോഗം ചേരും.
സംസ്ഥാന സര്‍ക്കാര്‍ അവരുടെ തെറ്റായ നയങ്ങള്‍ തിരുത്തണം. അനുദിനം വര്‍ധിക്കുന്ന വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം.മലയോര ജനതയുടെയും കാര്‍ഷിക മേഖലയുടെയും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകണം. വന്യജീവി ആക്രമണം തടയാന്‍ നടപടിയെടുക്കണം. തീരദേശ മേഖലയിലെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് ശാശ്വത പരിഹാരം വേണം.അതിജീവന സമരം നടത്തിയ ആശാവര്‍ക്കര്‍മാരെ പുച്ഛിച്ച് തള്ളിയ സര്‍ക്കാരിനെയും സിപിഎമ്മിനെയും ജനം നിലമ്പൂരില്‍ തള്ളി. ആശാവര്‍ക്കര്‍മാരുടെ സമരം ഇനിയും നീണ്ടുപോകാന്‍ സര്‍ക്കാര്‍ ഇടവരുത്തത്. ജനവിധി ഉള്‍ക്കൊണ്ട് ആശാവര്‍ക്കര്‍മാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കര്‍ അടിയന്തര നടപടി സ്വീകരിക്കണം.
ലഹരിയുടെ വ്യാപനം കേരളത്തിലെ വീട്ടമ്മമാരെ ആശങ്കയിലാഴ്ത്തിയ സാഹര്യത്തില്‍ അതിനെതിരായ പ്രചരണത്തിന്റെ ഭാഗമായി കോണ്‍ഗ്രസിന്റെ യുവജന വിദ്യാര്‍ത്ഥി മഹിളാ സംഘടനകളുടെ നേതൃത്വത്തില്‍ ആഗസ്റ്റ് 9 ക്വിറ്റ് ഇന്ത്യാ ദിനത്തില്‍ ക്വിറ്റ് ഡ്രഗ്സ്സ് എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട് കൊച്ചിയില്‍ വിപുലമായ പരിപാടി സംഘടിപ്പിക്കും. ലഹരിമാഫിയെ സഹായിക്കുന്ന സര്‍ക്കാര്‍ നിലപാട് തിരുത്തണം.
തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ഇപ്പോള്‍ തന്നെ പരാജയം സമ്മതിച്ചിരിക്കുകയാണ്. അതിന് ഉദാഹരണമാണ് മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി അശാസ്ത്രീയമായി നടത്തുന്ന വാര്‍ഡ് വിഭജനം. പോളിംഗ് സ്‌റ്റേഷന്‍ ക്രമീകരണത്തില്‍ പ്രകടമായ പക്ഷപാതവും അനീതിയുമാണ് നടക്കുന്നത്. ഗ്രാമപഞ്ചായത്തില്‍ 1300 ഉം മുനിസിപ്പാലിറ്റിയിലും കോര്‍പ്പറേഷനിലും 1600 ഉം വോട്ടര്‍മാര്‍ക്ക് ഒരു പോളിംഗ് സ്‌റ്റേഷനാക്കി നിശ്ചയിച്ചത് അതിന് തെളിവ്.
പഞ്ചായത്തിലെ വോട്ടര്‍മാര്‍ക്ക് മൂന്ന് വോട്ടാണുള്ളത്. 1300 വോട്ടര്‍മാര്‍ക്ക് മൂന്ന് വോട്ടുകള്‍ ചെയ്യാന്‍ സമയപരിധിയുണ്ട്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാനദണ്ഡ പ്രകാരം ഒരു പോളിംഗ് സ്‌റ്റേഷനില്‍ 1100 വോട്ടര്‍മാരാണുള്ളത്. ഒരു വോട്ട് മാത്രം ചെയ്യേണ്ട നിയമസഭയില്‍ 1100 വോട്ടര്‍മാര്‍ക്ക് ഒരു പോളീംഗ് സ്‌റ്റേഷന്‍ എന്ന മാനദണ്ഡം പാലിക്കുമ്പോള്‍ തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടര്‍മാരുടെ എണ്ണം വര്‍ധിപ്പിച്ചത് പോളീംഗ് സ്‌റ്റേഷനില്‍ അനിയന്ത്രിതമായി തിരക്കുണ്ടാക്കി വോട്ട് രേഖപ്പെടുത്താന്‍ കഴിയാതെ മടങ്ങിപോകണമെന്ന ഗൂഢോദ്ദേശ്യമാണ്. ഒരു പോളിംഗ് സ്‌റ്റേഷനില്‍ പരമാവധി 1100 വോട്ടര്‍മാരാക്കി നിശ്ചയിക്കാനുള്ള നടപടിയെടുക്കണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
പിഎസ് സിയെ നോക്കുകുത്തിയാക്കി സര്‍ക്കാര്‍ നിയമനങ്ങള്‍ വളഞ്ഞവഴിയിലൂടെ പാര്‍ട്ടിക്കാര്‍ക്ക് നല്‍കുന്ന ഈ സര്‍ക്കാരിന്റെ നടപടി അവസാനിപ്പിക്കണം. അഭ്യസ്തവിദ്യാരായ യുവത തൊഴിലിനായി രാജ്യം വിടുകയാണ്. വിദ്യാഭ്യാസ യോഗ്യതയുടെയും കഴിവിന്റെയും അടിസ്ഥാനത്തില്‍ ജോലി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.