സത്യം പറഞ്ഞ ഡോക്ടറെ വിരട്ടാനാണ് മുഖ്യമന്ത്രിയും എം.വി ഗോവിന്ദനും ആരോഗ്യമന്ത്രിയും ശ്രമിക്കുന്നത് : പ്രതിപക്ഷ നേതാവ്

Spread the love

പ്രതിപക്ഷ നേതാവ് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞത്. (02/07/2025).

സത്യം പറഞ്ഞ ഡോക്ടറെ വിരട്ടാനാണ് മുഖ്യമന്ത്രിയും എം.വി ഗോവിന്ദനും ആരോഗ്യമന്ത്രിയും ശ്രമിക്കുന്നത്; ഡോ. ഹാരിസിന്റെ വെളിപ്പെടുത്തല്‍ പ്രതിപക്ഷ ആരോപണങ്ങള്‍ ശരിയാണെന്ന് വ്യക്തമാക്കുന്നത്; ഒരുപാട് സങ്കടങ്ങള്‍ ഇനിയും പുറത്തു വരാനുണ്ട്; നിലമ്പൂരില്‍ സി.പി.എമ്മിനു വേണ്ടി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയ രാജീവ് ചന്ദ്രശേഖര്‍ കോണ്‍ഗ്രസിനെ മതേതരത്വം പഠിപ്പിക്കാന്‍ വരേണ്ട.

തിരുവനന്തപുരം : ഡോ. ഹാരിസിനെതിരെ പരസ്പര വിരുദ്ധമായാണ് മുഖ്യമന്ത്രിയും എം.വി ഗോവിന്ദനും ആരോഗ്യമന്ത്രിയും സംസാരിക്കുന്നത്. ആരോഗ്യമന്ത്രി ആദ്യം പറഞ്ഞതല്ല പിന്നീട് പറഞ്ഞത്. ആരോഗ്യമന്ത്രി പറഞ്ഞതല്ല. മുഖ്യമന്ത്രി പറഞ്ഞത്. ഇപ്പോള്‍ ഇവരെല്ലാം സംസാരിക്കുന്നതില്‍ ഒരു ഭീഷണിയുടെ സ്വരമുണ്ട്. ഇപ്പോള്‍ ഡോ ഹാരിസനിന്റെ ഡിപ്പാര്‍ട്‌മെന്റിലേക്കെങ്കിലും സാധനങ്ങള്‍ വിമാനത്തില്‍ കൊണ്ടുവന്നല്ലോ? അദ്ദേഹം സത്യമാണ് തുറന്നു പറഞ്ഞതെന്നു

വ്യക്തമായല്ലോ. അദ്ദേഹം ഇടത് സഹയാത്രികനാണ്. കഴിഞ്ഞ അഴ്ചയും ഇടതു പക്ഷത്തിന് അനുകൂലമായി ഫേസ്ബുക്കില്‍ പോസ്റ്റിട്ട ആളാണ്. ഇടതപക്ഷ സഹയാത്രികനായ ആള്‍ക്ക് പോലും മെഡിക്കല്‍ കോളജിലും സര്‍ക്കാര്‍ ആശുപത്രിയിലും നടക്കുന്ന കാര്യങ്ങള്‍ നിവൃത്തികേട് കൊണ്ട് തുറന്നു പറയേണ്ടി വന്നു. അദ്ദേഹത്തെ ആദ്യം വിരട്ടി. പിന്നീട് സാന്ത്വനിപ്പിക്കാന്‍ ശ്രമിച്ചു. ഇപ്പോഴും വിരട്ടലിന്റെ ഭാഷയാണ്. അതൊന്നും ശരിയല്ല. ഒരു സത്യം തുറന്നു പറഞ്ഞതിന്

ഒരാളെ പീഡിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്നത് ശരിയായ രീതിയല്ല. ഇത് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മാത്രമല്ല കേരളത്തിലെ എല്ലാ മെഡിക്കല്‍ കോളജുകളിലും സര്‍ക്കാര്‍ ആശുപത്രികളിലും സ്ഥിതി ദയനീയമാണ്. കഴിഞ്ഞ വര്‍ഷം മരുന്ന് വാങ്ങാന്‍ 936 കോടി രൂപ ആവശ്യമുണ്ടായിരുന്നതില്‍ 428 കോടി നല്‍കാനുണ്ട്. ഈ വര്‍ഷം 1015 കോടി നല്‍കേണ്ട സ്ഥാനത്ത് 315 കോടി മാത്രമാണ് വകയിരുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും മാത്രം മരുന്ന് 1100 കോടി രൂപയാണ് സര്‍ക്കാര്‍ നല്‍കാനുള്ളത്. കുടിശിക വരുത്തിയതിനെ തുടര്‍ന്ന് മരുന്ന് വിതരണം ചെയ്യുന്ന കമ്പനികള്‍ ഇപ്പോള്‍ അതിന് തയാറാകുന്നില്ല. ഇപ്പോള്‍ രോഗികള്‍ നൂലുമായി മെഡിക്കല്‍ കോളജിലേക്ക് പോകേണ്ട അവസ്ഥയാണ്. ആരോഗ്യ കേരളം വെന്റിലേറ്ററിലാണ്. പകര്‍ച്ച വ്യാധികള്‍ വ്യാപകമായി. ഇതൊന്നും തടയാനുള്ള ഒരു ശ്രമവുമില്ല. പി.ആര്‍ വര്‍ക്ക് മാത്രമാണ് ആരോഗ്യ വകുപ്പ് ചെയ്യുന്നത്. എന്ത് ചോദിച്ചാലും പതിനഞ്ച് വര്‍ഷം മുന്‍പുള്ള കാര്യമാണ് മന്ത്രി പറയുന്നത്. അങ്ങനെയെങ്കില്‍ 25 വര്‍ഷത്തെ കണക്കെടുക്കട്ടെ. സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ് വര്‍ധിച്ചപ്പോഴാണ് സാധാരണക്കാര്‍ സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്നത്. എന്താണ് സര്‍ക്കാരിന്റെ മുന്‍ഗണന? പാവങ്ങള്‍ക്ക് മരുന്ന് വാങ്ങി നല്‍കുന്നത് മുന്‍ഗണനയില്‍ ഇല്ലേ? മരുന്നില്ലെങ്കില്‍ പിന്നെ എന്തിനാണ് സര്‍ക്കാര്‍ ആശുപത്രികളും മെഡിക്കല്‍ കേളജുകളും പ്രവര്‍ത്തിക്കുന്നത്? സത്യം തുറന്നു പറഞ്ഞവരെ ഭീഷണിപ്പെടുത്തരുത്. ഭീഷണിയുടെ സ്വരം മുഖ്യമന്ത്രിയുടെയും എം.വി ഗോവിന്ദന്റെയും സംസാരത്തിലുണ്ട്. അത് ശരിയല്ല.

ഡോക്ടറെ ചേര്‍ത്ത് പിടിക്കുകയും അദ്ദേഹം പറഞ്ഞ കാര്യത്തെ നിരാകരിക്കുകയും ചെയ്യാനാണ് ശ്രമിക്കുന്നത്. ആരോഗ്യരംഗത്ത് കേരളത്തിന് പണ്ടു മുതല്‍ക്കെ ഉണ്ടായിരുന്ന നല്ല പേരാണ് ഇപ്പോള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്. കോവിഡ് കഴിഞ്ഞതിനു ശേഷം കേരളത്തിലെ ആരോഗ്യ രംഗത്തെ പ്രശ്‌നങ്ങള്‍ പ്രതിപക്ഷം നിയമസഭയിലും പുറത്തും ഗൗരവത്തോടെ ഉന്നയിക്കുന്നുണ്ട്. അത് ശരിയാണെന്ന് വ്യക്തമാക്കുന്നതാണ് ഡോ ഹാരിസിന്റെ വെളിപ്പെടുത്തല്‍. ഇതിന് മുന്‍പ് അവിടെയുണ്ടായിരുന്ന ഡോക്ടര്‍ പി.എഫില്‍ നിന്നും വായ്പയെടുത്താണ് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ വാങ്ങിയത്. മരുന്ന് ക്ഷാമം ഉണ്ടെന്നത് ഇപ്പോഴും സമ്മതിക്കാന്‍ മന്ത്രി തയാറല്ല. പതിനഞ്ചും ഇരുപതും വര്‍ഷം മുന്‍പുള്ള കണക്കാണ് മന്ത്രി പറയുന്നത്. ഇപ്പോഴത്തെ കണക്കാണ് ജനങ്ങള്‍ക്ക് അറിയേണ്ടത്. ഉമ്മന്‍ ചാണ്ടിയുടെ കാലത്തുണ്ടായിരുന്ന കാരുണ്യ പദ്ധതി ഉള്‍പ്പെടെയുള്ളവ ഇല്ലാതായി. സ്വകാര്യ ആശുപത്രികളെ പോലെ സര്‍ക്കാരിന് മരുന്ന് വാങ്ങാന്‍ പറ്റില്ലെന്നു പറയുന്നിതില്‍ ഒരു അര്‍ത്ഥവുമില്ല. അതിനാണ് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ രൂപീകരിച്ചത്. എപ്പോള്‍ എങ്ങനെയാണ് കുഴപ്പമുണ്ടായത്? ഇനി ആരും പരാതി പറയാതിരിക്കാനാണ് ഭയപ്പെടുത്തുന്നത്. ഒരുപാട് സങ്കടങ്ങള്‍ ഇനിയും പുറത്തു വരാനുണ്ട്. സര്‍ക്കാരിന് എതിരെയല്ല പറഞ്ഞതെങ്കില്‍ എം.വി ഗോവിന്ദനും മുഖ്യമന്ത്രിയും ഡോക്ടറെ വിരട്ടുന്നത് എന്തിനാണ്?

നിലമ്പൂരില്‍ ബി.ജെ.പി സി.പി.എമ്മുമായി ധാരണയുണ്ടാക്കി കോണ്‍ഗ്രസിന്റെ വോട്ട് പിടിക്കാനും എല്‍.ഡി.എഫിന് വേട്ടു നല്‍കാനുമുള്ള സ്ഥാനാര്‍ത്ഥിയെയാണ് നിര്‍ത്തിയത്. രാജീവ് ചന്ദ്രശേഖര്‍ കോണ്‍ഗ്രസിനെ മതേതരത്വം പഠിപ്പിക്കാന്‍ വരേണ്ട. മതേതരത്വം, സോഷ്യലിസം എന്ന വാക്ക് ഭരണഘടനയില്‍ നിന്നും എടുത്ത് കളയണമെന്ന് പറയുന്ന ആര്‍എസ്.എസിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ആള്‍ കോണ്‍ഗ്രസിനെ മതേതരത്വം പഠിപ്പിക്കേണ്ട.

വസ്ത്രധാരണത്തില്‍ ഒരു നിയന്ത്രണവും ഏര്‍പ്പെടുത്താനാകില്ല. ഇപ്പോള്‍ സ്വാതന്ത്ര്യ സമരമൊന്നും നടക്കുന്നില്ലല്ലോ. അന്നത്തെ കാലത്ത് ഒരു പ്രതീകമായിട്ടാണ് ഖദര്‍ ധരിച്ചത്. ഖദര്‍ ധരിക്കുന്നതും ധരിക്കാത്തതുമായ ചെറുപ്പക്കാരുണ്ട്. വസ്ത്രധാരണത്തില്‍ ഒരു നിയന്ത്രണവും ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ല. ഞാനും എല്ലാത്തരത്തിലുള്ള വസ്ത്രവും ഉപയോഗിക്കുന്നുണ്ട്.

 

Author

Leave a Reply

Your email address will not be published. Required fields are marked *