മന്ത്രിമാര്‍ അപകടത്തെ ലഘൂകരിക്കാന്‍ ശ്രമിച്ചു, ബിന്ദുവിന്റെ മരണം കൊലപാതകം: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

Spread the love

കോട്ടയം മെഡിക്കല്‍ കോളേജില്‍ അപകടം നടന്ന സ്ഥലം സന്ദര്‍ശിച്ച ശേഷം കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണം –
4.7.25

* രണ്ടേകാല്‍ മണിക്കൂര്‍ ബിന്ദു ശ്വാസംമുട്ടി കിടന്നു,
മന്ത്രിക്ക് സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല.

* ബിന്ദുവിന്റെ നഷ്ടപ്പെടുത്തിയത് സര്‍ക്കാരിനെ സ്വയംന്യായീകരിക്കാനുള്ള മന്ത്രിമാരുടെ വ്യഗ്രത.

സ്വയം ന്യായീകരിക്കാനുള്ള മന്ത്രിമാരുടെ വ്യഗ്രതയാണ് ബിന്ദുവിന്റെ ജീവന്‍ നഷ്ടപ്പെടുത്തിയതെന്നും ഇത് കൊലപാതകമാണെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. കോട്ടയം മെഡിക്കല്‍ കോളേജില്‍ അപകടം നടന്ന സ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സണ്ണി ജോസഫ്.

മന്ത്രിമാര്‍ കാരണമാണ് രണ്ടേകാല്‍ മണിക്കൂറോളം മണ്ണിനടിയില്‍ കിടന്ന് ശ്വാസംമുട്ടി വീട്ടമ്മ മരിക്കാനിടയായത്.അപകട സ്ഥലത്തെത്തിയ മന്ത്രിമാര്‍ മണ്ണിനടിയിലാരെങ്കിലും അകപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കാനും ആവശ്യമായ രക്ഷാപ്രവര്‍ത്തനം നടത്താനും നിര്‍ദേശം നല്‍കുന്നതിന് പകരം ഇവിടെ ആരുമില്ല, ഒന്നും പറ്റിയിട്ടില്ലെന്ന് പറഞ്ഞ് സംഭവത്തെ ലഘൂകരിക്കാനും വൈറ്റ് വാഷ് ചെയ്യാനുമാണ് ശ്രമിച്ചത്. മന്ത്രിമാരും കോളേജ് അധികാരികളും അതിന് ഉത്തരം പറയണം. മന്ത്രിക്ക് ആ സ്ഥാനത്ത് തുടരാന്‍ നിയമപരമായും ധാര്‍മികമായും യാതൊരു അര്‍ഹതയുമില്ല. കെട്ടിടം തകര്‍ന്ന സംഭവത്തില്‍ കളക്ടര്‍ ഉള്‍പ്പെടെ പ്രതിക്കൂട്ടിലാണ്. അദ്ദേഹത്തെ കൊണ്ട് അന്വേഷിപ്പിക്കുന്നത് ഉചിതമല്ല.ഈ സംഭവത്തിലെ എല്ലാ കാര്യങ്ങളും വെളിച്ചത് കൊണ്ടുവരാന്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും സണ്ണി ജോസഫ് പറഞ്ഞു.

അപകടത്തില്‍പ്പെട്ട ബിന്ദുവിനെ തക്കസമയത്ത് രക്ഷിക്കാന്‍ നടപടിയെടുത്തിരുന്നെങ്കില്‍ അവരുടെ ജീവന്‍ രക്ഷിക്കാമായിരുന്നു.അതിന് ശ്രമിക്കാതിരുന്നത് പ്രതിഷേധാര്‍ഹമാണ്. ഗുരുതരമായ കൃത്യവിലോപവും കുറ്റകരമായ അനാസ്ഥയുമാണ് ഉണ്ടായത്. സംഭവം നടന്ന സ്ഥലത്ത് വരാനോ എന്താണ് നടന്നതെന്ന് പ്രാഥമിക അന്വേഷണം നടത്താനോ മുഖ്യമന്ത്രി തയ്യാറായില്ല. മുഖ്യമന്ത്രിയുടെ നടപടി ന്യായീകരിക്കാവുന്നതും നീതികരിക്കാവുന്നതുമല്ല.

കോട്ടയം മെഡിക്കല്‍ കോളേജില്‍ കാലപ്പഴക്കം ചെന്ന കെട്ടിടത്തിന് പകരം പണി പൂര്‍ത്തിയാക്കിയ എല്ലാ സജ്ജീകരണങ്ങളോടും കൂടിയ സര്‍ജിക്കല്‍ ബ്ലോക്ക് പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുക്കാതിരുന്നത് എന്തുകൊണ്ടാണ്? അപകടമുണ്ടായപ്പോള്‍ ധൃതിപിടിച്ചാണ് രോഗികളെ മാറ്റിയത്. നേരത്തെ ഇതാകാമായിരുന്നു. എന്തിനായിരുന്നു കാലതാമസം? ഉദ്ഘാടന മാമാങ്കത്തിന് കാത്തുനില്‍ക്കാതെ പുതിയ കെട്ടിടം പൊതുജനത്തിന് തുറന്ന് കൊടുക്കുകയും രോഗികളെ നേരത്തെ മാറ്റുകയും ചെയ്തിരുന്നെങ്കില്‍ ബിന്ദുവിന് ഈ ഗതിയുണ്ടാകില്ലായിരുന്നു. അവരുടെ കുടുംബത്തിന് ഉണ്ടായ നഷ്ടം നികത്താനാകത്തതാണ്. മതിയായ നഷ്ടപരിഹാരവും ബിന്ദുവിന്റെ മകള്‍ക്ക് ജോലിയും സര്‍ക്കാര്‍ നല്‍കണം.ഈ കുടുംബത്തെ സംരക്ഷിക്കാനും സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട്. ഈ കുടുംബത്തിന് ഭവനം നിര്‍മ്മിച്ച് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.

ബിന്ദുവിന്റെ കുടുംബത്തിന് വേണ്ടി പ്രതിഷേധിച്ച ചാണ്ടി ഉമ്മന്‍ എംഎല്‍എക്കെതിരെ കേസെടുത്ത സര്‍ക്കാരിന്റെ നടപടി തിരുത്തണം. വാദിയെ പ്രതിയാക്കുന്ന നടപടിയെ നഖശിഖാന്തം എതിര്‍ക്കും.വീട്ടമ്മ മരിക്കാനിടയായ ദാരുണസംഭവം എല്ലാവരെയും വേദനിപ്പിക്കുന്നതാണ്. രോഗികളും അവരോടൊപ്പം വന്ന കൂട്ടിരിപ്പുകാരും ഉപയോഗിച്ചിരുന്ന കെട്ടിടമാണ് തകര്‍ന്നത്. അങ്ങനെയല്ലെന്ന ആരോഗ്യമന്ത്രിയുടെയും സഹകരണമന്ത്രിയുടെ വാദം തെറ്റാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

കേരളത്തിലെ ആരോഗ്യമേഖലയുടെ ദയനീയസ്ഥിതി ഗുരുതരമാണ്. അത് ഓരോ ദിവസവും പുറത്തുവരുന്നു. സര്‍ക്കാര്‍ ആശുപത്രികളുടെ അവസ്ഥ പരിതാപകരമാണ്. അത് വേദനയോടെ വെളിപ്പെടുത്തിയ ഡോ.ഹാരീസ് ഹസനെ മന്ത്രിമാര്‍ ഉള്‍പ്പെടെ സിപിഎം ആക്രമിക്കുകയാണ്. മുഖ്യമന്ത്രി തന്നെ അതിന് നേതൃത്വം നല്‍കി.ഡോ.ഹാരിസ് ഹസന്റെ വെളിപ്പെടുത്തലിനെ ലഘൂകരിക്കാനും ഭീഷണിപ്പെടുത്താനുമാണ് മുഖ്യമന്ത്രി ശ്രമിച്ചത്.

ആരോഗ്യമേഖലയെ സംക്ഷിക്കണമെന്ന ജനങ്ങളുടെ ന്യായമായ ആവശ്യം ഏറ്റെടുത്ത് കോണ്‍ഗ്രസ് പ്രതിഷേധം ശക്തിപ്പെടുത്തും. ആദ്യഘട്ടം മെഡിക്കല്‍ കോളേജുകള്‍ക്ക് മുന്നില്‍ ധര്‍ണ്ണ നടത്തി. രണ്ടാംഘട്ടം സമരം താലൂക്ക് ജില്ലാ ആശുപത്രികള്‍ക്ക് മുന്നില്‍ 8ന് നടത്തും. അതിനിടെയാണ് കോട്ടയം അപകടം. അതില്‍ പ്രതിഷേധിച്ച് ജൂലൈ 4ന് പഞ്ചായത്ത് അടിസ്ഥാനത്തില്‍ മണ്ഡലം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധിച്ചു.

കോട്ടയം മെഡിക്കല്‍ കോളേജില്‍ അപകടം നടന്ന സ്ഥലം സന്ദര്‍ശിച്ച ശേഷം ആശുപത്രി കെട്ടിടം തകര്‍ന്ന് വീണ് മരിച്ച ബിന്ദുവിന്റെ തലയോലപ്പറമ്പിലെ വീട്ടിലെത്തി അന്ത്യോപചാരം അര്‍പ്പിക്കുകയും കുടുംബാങ്ങളെ സന്ദര്‍ശിക്കുകയും ചെയ്തു.കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായ എപി അനില്‍കുമാര്‍ എംഎല്‍ എ, പിസി വിഷ്ണുനാഥ് എംഎല്‍എ തുടങ്ങിയവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

 

Author

Leave a Reply

Your email address will not be published. Required fields are marked *