മനുഷ്യ- വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നിയമനിർമ്മാണം നടത്താനുള്ള നടപടികളുമായി സംസ്ഥാനം മുന്നോട്ട് പോവുകയാണെന്നും കരട് ബിൽ നിയമവകുപ്പിൻറെ പരിഗണനയിലാണെന്നും സർക്കാർ എം പിമാരുടെ യോഗത്തിൽ അറിയിച്ചു. പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിന് മുന്നോടിയായി തിരുവനന്തപുരം സർക്കാർ അതിഥി മന്ദിരത്തിലാണ് മുഖ്യമന്ത്രി വിളിച്ച എം പിമാരുടെ യോഗം ചേർന്നത്.വയനാട് ജില്ലയിലെ മേപ്പാടി-ചൂരൽമല പുനരധിവാസവുമായി ബന്ധപ്പെട്ട് Post-disaster Need Assessment നടത്തി കേന്ദ്ര സർക്കാരിന് സമർപ്പിച്ചത് പ്രകാരം മേപ്പാടിക്ക് 2221.10 കോടി രൂപയും കോഴിക്കോട് ജില്ലയിലെ വിലങ്ങാടിന് 98.10 കോടി രൂപയും അനുവദിക്കുന്നതിനായി ഒന്നിച്ച് നിലപാട് സ്വീകരിക്കാൻ യോഗം തീരുമാനിച്ചു.ദേശീയ ദുരന്ത നിവാരണ നിയമത്തിൽ നിന്നും ഒഴിവാക്കിയ ‘സെക്ഷൻ 13’ പുനഃസ്ഥാപിക്കുന്നതിന് കൂട്ടായ ഇടപെടൽ വേണം. വന്യജീവി സംരക്ഷണ നിയമത്തിലെ 11-ാം വകുപ്പിൽ നിഷ്കർഷിച്ചിട്ടുള്ള കാര്യങ്ങളിൽ പ്രാദേശിക ആവശ്യങ്ങൾ കണക്കിലെടുത്ത് ലഘൂകരണം നൽകാൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരം നൽകുന്ന നിയമ
ഭേദഗതി അടിയന്തരമായി വരുത്തുന്നതിനും നഷ്ടപരിഹാരത്തിനുള്ള കേന്ദ്ര വിഹിതം ലഭ്യമാക്കുന്നതിന് ആവശ്യം ഉന്നയിക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
യോഗത്തിൽ മന്ത്രിമാരായ പി പ്രസാദ്, ജി ആർ അനിൽ, എ കെ ശശീന്ദ്രൻ, പി രാജീവ്, കെ എൻ ബാലഗോപാൽ, കെ കൃഷ്ണൻകുട്ടി, സജി ചെറിയാൻ, പി എ മുഹമ്മദ് റിയാസ്, ഒ ആർ കേളു, എം പിമാരായ കെ രാധാകൃഷ്ണൻ, ഇ ടി മുഹമ്മദ് ബഷീർ, പി പി സുനീർ, വി ശിവദാസൻ, ജോൺ ബ്രിട്ടാസ്, ജോസ് കെ മാണി, കൊടിക്കുന്നിൽ സുരേഷ്, രാജ് മോഹൻ ഉണ്ണിത്താൻ, ഡീൻ കുര്യാക്കോസ്, ആന്റോ ആന്റണി, ബെന്നി ബഹന്നാൻ, എം കെ രാഘവൻ, അടൂർ പ്രകാശ്, കെ. ഫ്രാൻസിസ് ജോർജ്, വി. കെ ശ്രീകണ്ഠൻ, ഹാരിസ് ബീരാൻ, ഷാഫി പറമ്പിൽ എന്നിവർ സംസാരിച്ചു.ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ യോഗത്തിന് സ്വാഗതം ആശംസിച്ചു. അഡീഷണൽ ചീഫ് സെക്രട്ടറിമാർ, സംസ്ഥാന പ്ലാനിങ് ബോർഡ് വൈസ് ചെയർപേഴ്സൺ, വകുപ്പ് സെക്രട്ടറിമാർ, ഉയർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.