നശാമുക്ത് ഭാരത് അഭിയാന്‍ ലഹരിമുക്ത കണ്ണൂര്‍ ക്യാമ്പയിന്റെ ഭാഗമായി ജില്ലാ ഭരണകൂടം, ജില്ലാ സാമൂഹ്യനീതി ഓഫീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ജില്ലയിലെ ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ക്കും സൗഹൃദ കോ ഓര്‍ഡിനേറ്റര്‍മാര്‍ക്കുമുള്ള ഏകദിന ജില്ലാതല പരിശീലന പരിപാടി സംഘടിപ്പിച്ചു. ജില്ലാ പോലീസ് മേധാവി പി നിതിന്‍ രാജ് ഉദ്ഘാടനം ചെയ്തു. തെറ്റുകളെ എതിര്‍ക്കാനുള്ള ആര്‍ജവം നേടുന്ന രീതിയിലേക്ക് കുട്ടികളെ വാര്‍ത്തെടുക്കാന്‍ സാധിക്കണമെന്നും ഇന്റര്‍നെറ്റ് യുഗത്തില്‍ ജീവിക്കുന്ന കുട്ടികള്‍ ലഹരിയുടെ കെണിയില്‍ അകപ്പെടാന്‍ സാധ്യത കൂടുതലാണെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. ലഹരി ഉപയോഗിക്കുന്ന കുട്ടികളുടെ സ്വഭാവത്തിലുണ്ടാകുന്ന മാറ്റം തിരിച്ചറിയാന്‍ അധ്യാപകര്‍ക്ക് സാധിക്കണമെന്നും അത് സജീവമായ ചര്‍ച്ചകള്‍ക്ക് വിധേയമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാപഞ്ചായത്ത് വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്‍ അധ്യക്ഷനായി. ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍, എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പി.കെ സതീഷ് കുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായി. കുട്ടികള്‍ നാടിന്റെ പൊതുസ്വത്താണെന്നും രക്ഷിതാക്കള്‍ക്കും സമൂഹത്തിനും ലഹരിയില്‍ നിന്നും അവരെ സംരക്ഷിക്കണ്ട ഉത്തരവാദിത്തമുണ്ടെന്നും കലക്ടര്‍ പറഞ്ഞു. ലഹരി മാഫിയ സ്‌കൂള്‍ പരിസരങ്ങളില്‍ കുട്ടികളെ കാത്തിരിക്കുന്നുണ്ടെന്നും ഇത്തരം ചതിക്കുഴിയില്‍ വീഴാതിരിക്കാനുള്ള ശ്രദ്ധ അധ്യാപകര്‍ ഏറ്റെടുക്കണമെന്നും എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പി.കെ സതീഷ് കുമാര്‍ പറഞ്ഞു.