സുസ്ഥിര കെട്ടിടനിർമ്മാണം: ദക്ഷിണേന്ത്യൻ മേഖലാ ശിൽപശാലക്ക് തിരുവനന്തപുരത്ത് തുടക്കമായി

Spread the love

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഊർജ സംരക്ഷണവും സുസ്ഥിര കെട്ടിടനിർമ്മാണവും പ്രോത്സാഹിപ്പിക്കുന്നതിനായുള്ള മേഖലാ ശിൽപശാലക്ക് തിരുവനന്തപുരത്തെ ഉദയ സ്യൂട്ട്‌സ് ഗാർഡൻ ഹോട്ടലിൽ തുടക്കമായി. എനർജി മാനേജ്മെന്റ് സെന്റർ (EMC) കേരളയും ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസിയും (BEE) സംയുക്തമായി സംഘടിപ്പിച്ച പരിപാടി വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ഊർജ സംരക്ഷണ മേഖലയിൽ കേരളം നടത്തുന്ന മാതൃകാ പ്രവർത്തനങ്ങൾക്ക് ശിൽപ്പശാലയിലെ ആശയങ്ങൾ കരുത്ത് പകരുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു. 2025-ലെ കേരള എനർജി കൺസർവേഷൻആൻറ് സസ്‌റ്റൈനബിൾ ബിൽഡിങ് കോഡ് (KECSBCR) നിയമങ്ങൾ വിജ്ഞാപനം ചെയ്ത രാജ്യത്തെ ആദ്യ സംസ്ഥാനം കേരളമാണ്. കെട്ടിടങ്ങളിലെ ഊർജ ഉപഭോഗ നിയന്ത്രണത്തിനായുള്ള സാങ്കേതിക വിദ്യകൾ വ്യാപിപ്പിക്കുന്നതിൽ സംസ്ഥാനം ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഊർജ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പുനീത് കുമാർ അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ എനർജി മാനേജ്‌മെന്റ് സെന്റർ ഡയറക്ടർ ഡോ ആർ ഹരികുമാർ സ്വാഗതം പറഞ്ഞു. ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി ഡയറക്ടർ പ്രവതനളിനി സമൽ ആമുഖപ്രസംഗം നടത്തി. ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ ജി വിനോദ് ആശംസകളർപ്പിച്ചു. എൻ എം ഇ ഇ ഇ & ഡി എസ് എം വിഭാഗം മേധാവി ജോൺസൺ ഡാനിയൽ നന്ദി അറിയിച്ചു.

സുസ്ഥിര കെട്ടിടനിർമ്മാണ രീതികൾ നടപ്പാക്കുന്നത് ഇന്ത്യയുടെ കാലാവസ്ഥാ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് അത്യന്താപേക്ഷിതമാണെന്ന് ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസിയിലെയും എനർജി മാനേജ്മന്റ് സെൻററിലെയും ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു.രണ്ട് ദിവസം നീണ്ട് നിൽക്കുന്ന ശിൽപ്പശാല നാളെ (ഓഗസ്റ്റ് 13) സമാപിക്കും.

Author

Leave a Reply

Your email address will not be published. Required fields are marked *