ഹരിപ്പാട്ടടക്കം 90 പദ്ധതികൾ അവതാളത്തിൽ , മുഖ്യമന്ത്രിക്കു ചെന്നിത്തലയുടെ കത്ത്

Spread the love

ജൽ ജീവൻ മിഷൻ കുടിവെള്ള പദ്ധതി: മുഖ്യമന്ത്രിക്കു ചെന്നിത്തലയുടെ കത്ത്


കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ സംസ്ഥാനത്തു നടപ്പാക്കുന്ന ജൽജീവൻ മിഷൻ പദ്ധതി അതീവ ​ഗുരുതരമായ പ്രതിസന്ധി നേരിടുകയാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എംഎൽഎ മുഖ്യമന്ത്രി പിണറായി വിജയനു നൽകിയ കത്തിൽ ചൂണ്ടിക്കാട്ടി. പദ്ധതിയിൽ ഉൾപ്പെടുത്തി ജലശുദ്ധീകരണ ശാലകൾ, അനുബന്ധ പ്ലാന്റുകൾ, ഉപരിതല ജലസംഭരണികൾ, റോ വാട്ടർ സോഴ്സിഗ് കിണറുകൾ, പൈപ്പ് ലൈനുകൾ എന്നിവ വിവിധ ഘട്ടങ്ങളിലായി പലേടത്തും. കേന്ദ്രാനുമതി വൈകുന്നത് കാരണം ഈ നിർമ്മാണങ്ങൾക്ക് അനുബന്ധമായി നടക്കേണ്ട പ്രവർത്തനങ്ങൾ സ്തംഭിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം.
ജൽജീവൻ മിഷൻ പദ്ധതികളുടെ നിർവഹണ കാലാവധി 2024 ഓ​ഗസ്റ്റ് 16 ന് അവസാനിച്ചിരുന്നു. എന്നാൽ പദ്ധതി പ്രകാരം ടെണ്ടർ ചെയ്ത് വർക്കുകൾക്ക് കരാറുകാർക്ക് ലെറ്റർ ഓഫ് അക്സപ്റ്റൻസ് നൽകാൻ സാധിക്കുന്നില്ല. ഇതുമൂലം മിക്കയിടത്തും പണം പാതി വഴിക്കു നിലച്ച മട്ടാണ്. തന്റെ മണ്ഡലമായ ഹരിപ്പാട് കുടിവെള്ള പദ്ധതി മൂന്ന് ഘട്ടമായാണ് വിഭാവനം ചെയ്തിട്ടുള്ളതെന്ന് കത്തിൽ ചെന്നിത്തല ചൂണ്ടിക്കാട്ടി. ഒന്നാം ഘട്ടമായി 2014 മാർച്ച് നാലിന് 35 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. രണ്ടാം ഘട്ടത്തിന് 2017 മാർച്ച് 30ന് വേറെയും 35 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. ഹരിപ്പാട് നഗരസഭയ്ക്കും, കാർത്തികപ്പള്ളി, ചിങ്ങോലി, ചേപ്പാട്, പള്ളിപ്പാട്, കുമാരപുരം, ചെറുതന , കരുവാറ്റ, തൃക്കുന്നപ്പുഴ, ആറാട്ടുപുഴ, മുതുകുളം എന്നീ പഞ്ചായത്തുകൾക്കും വേണ്ടി വിഭാന ചെയ്തിട്ടുള്ളതാണ് ഹരിപ്പാട് കുടിവെളള പദ്ധതി. 585കോടിരൂപയാണ് പ്രതീക്ഷിത ചെലവ്. 2,25,553 പേർക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.
ഒന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തി 28 കോടി ചെലവഴിച്ച് പള്ളിപ്പാട് 50 എംഎൽഡി ജലശുദ്ധീകരണ ശാലയുടെ പ്രവൃത്തി പൂർത്തീകരിച്ചു. മാന്നാർ മുല്ലശ്ശേരി കടവിൽ 3.41 കോടി രൂപ മുടക്കി ഇൻടേക്ക് കിണറും നിർമ്മിച്ചു. രണ്ടാം ഘട്ടമായി പള്ളിപ്പാട് ജലശുദ്ധീകരണ ശാലയ്ക്ക് സമീപം 4.76 കോടി രൂപ മുടക്കി 14 ലക്ഷം ലിറ്റർ ശേഷിയുള്ള ഉന്നതതല ജലസംഭരണിയും നിർമ്മിച്ചു. എന്നാൽ മാന്നാർ മുല്ലശ്ശേരി കടവ് മുതൽ പള്ളിപ്പാട് ജലശുദ്ധീകരണ ശാല വരെ ഒൻപത് കിമീറ്റർ നീളം 900 എച്ച്എംഎച്ച്ഡിപി ഇ റോവാട്ടർ പമ്പിംഗ് മെയിൻ സ്ഥാപിക്കുന്ന ജോലി ഇനിയും കേന്ദ്രാനുമതി കാത്തു കിടക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട ഹൈക്കോടതിയിൽ നിലനിന്നിരുന്ന കേസിൽ വാട്ടർ അതോറിറ്റിക്ക് അനുകൂലമായി വിധി വന്നിട്ടും പണി തുടങ്ങിയില്ല. ഹരിപ്പാട് നഗരസഭയിലേയും 10 പഞ്ചായത്തുകളിലേയും വിതരണ ശൃംഖലകളും, ഓവർഹെഡ് ടാങ്കുകളും സ്ഥാപിക്കുന്നതിനുള്ള ജോലികളും സമാന പ്രതിസന്ധി നേരിടുകയാണ്. ഇതുമൂലം തീരദേശ മണ്ഡലമായ ഹരിപ്പാട്ടെ ജനങ്ങൾ വർഷങ്ങളായി അനുഭവിക്കുന്ന കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാൻ കഴിയാത്ത സ്ഥിതിയാണ്.
ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ വിവിധ നിയോജക മണ്ഡലങ്ങളിലായി 90 ലധികം ജൽജീവൻ മിഷൻ പദ്ധതികളാണ് തടസ്സപ്പെട്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി ഇടപെട്ട് കേന്ദ്രാനുമതി ലഭ്യമാക്കുുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് രമേശ് ചെന്നിത്തല കത്തിൽ ആവശ്യപ്പെട്ടു. ഇതിനായി സംസ്ഥാനത്തു നിന്നുള്ള പ്രത്യേക പ്രതിനിധി സംഘത്തെ നിയോഗിക്കണമെന്നും, കേന്ദ്രാനുമതി ലഭ്യമാകുന്നത് വരെ കാത്തു നിൽക്കാതെ ജൽജീവൻ മിഷൻ പദ്ധതി പ്രകാരം നിലവിൽ ടെണ്ടർ ചെയ്ത വർക്കുകളുടെ നിർവ്വഹണവുമായി മുന്നോട്ട് പോകാൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
ജൽജീവൻ പദ്ധതി പ്രകാരം ഇനിയും 33.68 ലക്ഷം ഗാർഹിക കണക്ഷനുകൾ കൂടി സംസ്ഥാനത്ത് നൽകേണ്ടതുണ്ട്. ഈ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ സാധിക്കാത്ത അവസ്ഥയാണ്. വിവിധ ഘട്ടങ്ങളിലായാണ് ജൽജീവൻ പദ്ധതി പ്രകാരമുള്ള പ്രവർത്തനങ്ങളും, കരാർ ജോലികളും നടക്കുന്നതെരിക്കെ, മിക്ക പദ്ധതികളും കാലഹരണപ്പെട്ട് പാതിവഴി ഉപേക്ഷിക്കുന്ന നിലയുണ്ടാവുമെന്നും അതൊഴിവാക്കാൻ മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണമെന്നും ചെന്നിത്തല കത്തിലൂടെ അഭ്യർഥിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *