വിജിലന്‍സ് കോടതി വിമര്‍ശനം എഡിജിപിയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിക്കുള്ള താക്കീത് : കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ

Spread the love

ആരോപണ വിധേയനായ എഡിജിപിയും എക്‌സൈസ് കമ്മീഷണറുമായ എംആര്‍ അജിത്കുമാറിനെ സംരക്ഷിക്കാനുള്ള മുഖ്യമന്ത്രിയുടെ നീക്കത്തിനുള്ള ശക്തമായ താക്കീതാണ് അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സിന്റെ ക്ലീന്‍ ചീറ്റ് തള്ളിയ പ്രത്യേക വിജിലന്‍സ് കോടതി നടപടിയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ.

ആഭ്യന്തരവകുപ്പിന്റെ അധികാര ദുര്‍വിനിയോഗം അക്കമിട്ട് നിരത്തുകയാണ് കോടതി ചെയ്തത്. എഡിജിപിയെ രക്ഷപ്പെടുത്താന്‍ ബോധപൂര്‍വ്വമായ ശ്രമം നടന്നെന്നാണ് കോടതി കണ്ടെത്തിയത്. ഈ സാഹചര്യത്തില്‍ വിജിലന്‍സിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണം. ആരോപണ വിധേയനായ എഡിജിപി മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശ പ്രകാരം ആക്ഷേപം ഉന്നയിച്ച പിവി അന്‍വറുമായി അനുനയ ചര്‍ച്ച നടത്തിയെന്ന മൊഴിയിലൂടെ തന്നെ ഈ കേസ് ഒതുക്കാന്‍ നടത്തിയ ബാഹ്യയിടപെടലുകള്‍ വ്യക്തമാണ്.

മുഖ്യമന്ത്രിയുടെ ഓഫീസിനെ കൂടി സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയാണ് പിവി അന്‍വര്‍ അന്ന് ആക്ഷേപം ഉന്നയിച്ചത്.ആര്‍എസ്എസ് നേതാക്കളുമായി സൗഹൃദവും പൂരം കലക്കല്‍, സ്വര്‍ണ്ണം പൊട്ടിക്കല്‍,അനധികൃത സ്വത്തു സമ്പാദനം ഉള്‍പ്പെടെ ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന എഡിജിപിയെ രക്ഷപ്പെടുത്താന്‍ ദുരൂഹമായ ഇടപെടല്‍ ആഭ്യന്തരവകുപ്പ് നടത്തിയത് ആരുടെ നിര്‍ദ്ദേശപ്രകാരമാണ്? ഇതില്‍ നിഷ്പക്ഷമായ അന്വേഷണം നടക്കണമെങ്കില്‍ സ്വതന്ത്ര ഏജന്‍സിയെ കൊണ്ട് വസ്തുതകള്‍ വിശദമായി പരിശോധിക്കണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.

പിണറായി സര്‍ക്കാര്‍ നിയമസംവിധാനത്തെയും നിയമവാഴ്ചയെയും വെല്ലുവിളിക്കുകയാണ്. പരാതിക്കാരനെ പോലും കേള്‍ക്കാതെ ഏകപക്ഷീയമായിട്ടാണ് എഡിജിപിക്കെതിരായ വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയാക്കിയത്. പക്ഷപാതപരമായി നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിന് അംഗീകാരം നല്‍കിയ മുഖ്യമന്ത്രി സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയത്. ഉന്നത പദവിയിലുള്ള ഉദ്യോഗസ്ഥനെതിരായ പരാതി അന്വേഷിക്കാന്‍ കീഴുദ്യോഗസ്ഥനെ നിയോഗിച്ചപ്പോള്‍ മുതല്‍ അസ്വാഭാവികത പ്രതിപക്ഷം ചൂണ്ടിക്കാട്ടിയതാണ്. അത് ശരിവെയ്ക്കുന്നതാണ് കോടതിയുടെ വിമര്‍ശനമെന്നും സണ്ണി ജോസഫ് പറഞ്ഞു.

 

Author

Leave a Reply

Your email address will not be published. Required fields are marked *