വിസ്മയം തീര്‍ത്ത വിസ്മയ തീരത്ത്- പുസ്തകാവലോകനം : രാജു തരകന്‍

Spread the love

പി.ടി.ചാക്കോ

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പ്രസ്സ്സെക്രട്രറിയായിരുന്ന പി.ടി.ചാക്കോ രചിച്ച “വിസ്മയം തീർത്ത വിസ്മയ തീരത്ത്” എന്ന ഉത്തമ കൃതി അനുവാചകരിൽ ജിജ്ഞാസയും അതൊടൊപ്പം ഏറെ രസകരവുമായ വായനനുഭവം പകരുന്നതാണ്.

ഉമ്മന്‍ ചാണ്ടിയുടെ വിയോഗശേഷം അനേകം പുസ്തകങ്ങളും ഓര്‍മക്കുറിപ്പുകളും പ്രവാഹംപോലെയായിരുന്നു. ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഏറ്റവുമധികം എഴുതപ്പെട്ട നേതാവാണ് അദ്ദേഹം. ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് അനേകം പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു. 42ലധികം പുസ്തകങ്ങള്‍ ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് പ്രസിദ്ധീകരിച്ച പുസ്തകങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായത് അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറിയായിരുന്ന പി.ടി ചാക്കോ രചിച്ച വിസ്മയ തീരത്ത് ആണ്. ആദ്യപതിപ്പ് പ്രസിദ്ധീകരിച്ചതിന്റെ ഏഴാം നാള്‍ തന്നെ മൂന്നാം പതിപ്പ് പുറത്തിറങ്ങി. ഡിസി ബുക്‌സാണ് പ്രസാധകര്‍.
തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പുസ്തകം പ്രകാശനം ചെയ്തു. സൂര്യ കൃഷ്ണമൂര്‍ത്തി ഏറ്റുവാങ്ങി.

ഉമ്മന്‍ ചാണ്ടിയോടൊപ്പം ഔദ്യോഗികമായും അനൗദ്യോഗികമായും രണ്ടു ദശാബ്ദത്തോളം പ്രവര്‍ത്തിച്ച ചാക്കോയുടെ അനുഭവങ്ങളിലൂടെയും ഓര്‍മകളിലൂടെയും ഉമ്മന്‍ ചാണ്ടിയെ കൂടുതല്‍ ആഴത്തില്‍ കണ്ടെത്താനുള്ള ശ്രമമാണ് പുസ്തകത്തിലുള്ളത്. ആദ്യം മുഖ്യമന്ത്രിയായ 2004— -2006 , പ്രതിപക്ഷനേതാവായിരുന്ന 2006- 2011, വീണ്ടും മുഖ്യമന്ത്രിയായ 2011- 2016 എന്നീ കാലഘട്ടങ്ങളില്‍ പ്രസ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. പദവികളെല്ലാം ഒഴിഞ്ഞ് ഉമ്മന്‍ ചാണ്ടി പ്രവര്‍ത്തിച്ച പിന്നീടുള്ള കാലഘട്ടത്തിലും കൂടെയുണ്ടായിരുന്നു. കേരള ചരിത്രത്തിലെ ഈ സുപ്രധാന കാലഘട്ടത്തെയും കേരളം കണ്ട ഏറ്റവും ജനകീയനായ നേതാവിനെയും കൂടുതല്‍ അടുത്തറിയാന്‍ പുസ്തകം സഹായിക്കും.
ആദ്യം മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ആഞ്ഞടിച്ച സുനാമിയ നേരിട്ട മനക്കരുത്ത്, ശബരിമലയില്‍ ശരവേഗമെത്തിയത്, സ്മാര്‍ട്ട് സിറ്റി പദ്ധതിക്കുവേണ്ടി ഉശിരന്‍ പോരാട്ടം നടത്തിയത്, ദാവോസില്‍ പോയി ഉരുണ്ടുവീണത് തുടങ്ങിയ സംഭവങ്ങള്‍ പ്രതിപാദിച്ചിട്ടുണ്ട്. ആദ്യത്തെ ജനസമ്പര്‍ക്ക പരിപാടിയും ഈ കാലഘട്ടത്തില്‍ നടന്നു. ഉമ്മന്‍ ചാണ്ടി ജനമധ്യത്തില്‍ ഉണ്ണാതെയും ഉറങ്ങാതെയും ചെലവഴിച്ച മണിക്കൂറുകള്‍ എണ്ണി ജനം അമ്പരന്നു. സോളാര്‍ വിവാദത്തിനു മുമ്പ് മുല്ലപ്പൂ ചൂടിയ മറ്റൊരു വിവാദം ഉയര്‍ന്നപ്പോള്‍ ഒറ്റ പത്രസമ്മേളനത്തിലൂടെ ഉമ്മന്‍ ചാണ്ടി അതിനെ നിര്‍വീര്യമാക്കി. മൂന്നാറിലെ മറയൂരില്‍നിന്ന് കമ്പക്കല്ലിലേക്ക് 27 കിലോമീറ്റര്‍ ജീപ്പിലും നടന്നും 10 മണിക്കൂറോളം യാത്ര ചെയ്തു നടത്തിയ കഞ്ചാവുവേട്ട ദേശീയശ്രദ്ധആകര്‍ഷിച്ചു. പമ്പയില്‍നിന്ന്സ ന്നിധാനത്തെത്താന്‍ സാധാരണക്കാര്‍ക്ക് രണ്ടു മൂന്നു മണിക്കൂര്‍ വേണമെങ്കില്‍ ഉമ്മന്‍ ചാണ്ടിക്ക് ഒരു മണിക്കൂറും പത്തുമിനിറ്റും മതിയായിരുന്നു. മുന്‍ രാഷ്ട്രപത്രി എപിജെ അബുള്‍ കലാം നിയമസഭയില്‍ അവതരിപ്പിച്ച വിഷന്‍ 2010 നടപ്പാക്കാന്‍ റോക്കറ്റ് വേഗത്തിലാണ് തീരുമാനിച്ചത്.
വി.എസ് അച്യുതാനന്ദന്‍ പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ പ്രകൃതി സംരക്ഷണത്തിന് കാടും മലയും കയറിയതിനേക്കാള്‍ കൂടുതല്‍ സ്ഥലങ്ങളില്‍ പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി കയറി. മൂന്നാറില്‍ പല തവണ അദ്ദേഹം കയ്യേറ്റ ഭൂമിയിലെത്തി. ഒരിക്കല്‍ അവിടെനിന്നു തിരികെ തിരുവനന്തപുരത്തേക്കു പോരുമ്പോള്‍ തന്റെ കാറില്‍ കൂടെക്കൂട്ടിയത് പട്ടികജാതി വിഭാഗത്തിലെ രാജന്‍ എന്ന വിദ്യാര്‍ത്ഥിയെയാണ്. ഭൂമി പണയപ്പെടുത്തി ബാങ്ക് വായ്പയെടുക്കാന്‍ ഉമ്മന്‍ ചാണ്ടി അവനെയും കൂട്ടി റവന്യൂ മന്ത്രിയേയും കളക്ടറേയുമൊക്കെ സമീപിച്ചെങ്കിലും നടന്നതില്ല. തുടര്‍ന്ന് സ്വകാര്യ വ്യക്തികളില്‍നിന്ന് പണം സമാഹരിച്ചാണ് രാജനെ യുകെയില്‍ വിട്ടത്. അവിടെ പഠിച്ച് ബിരുദാനന്തര ബിരുദം നേടിയ രാജന്‍ ഇപ്പോള്‍ കുടുംബസമേതം യുകെയില്‍ കഴിയുന്നു. ഇത്തരം നിരവധി ഹൃദയസ്പ്രുക്കായ സംഭവങ്ങളിലേക്കുള്ള തിരനോട്ടം പുസ്തത്തിലുണ്ട്. ആദിവാസികളുടെ ദുരിത ഭൂമികയായ ആറളത്തും ചെങ്ങറയിലുമൊക്കെ അദ്ദേഹം ഓടിയെത്തി. ഭൂമാഫിയ റാഞ്ചിയ പൊന്മുടിയിലെ മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റ് തിരിച്ചുപിടിച്ചു.

വെറും രണ്ടു സീറ്റിന്റെ ഭൂരിപക്ഷത്തില്‍ ഉമ്മന്‍ ചാണ്ടി രണ്ടാമത് മുഖ്യമന്ത്രിയായ 2011-, 2016 കാലഘട്ടം കേരള ചരിത്രത്തില്‍ നിര്‍ണായകമാണ്. ഒരു സുവര്‍ണ കാലഘട്ടമെന്നും മുള്‍മുടി നിറഞ്ഞ കാലമെന്നും അതിനെ വിശേഷിപ്പിക്കാം. ഇടുക്കി അണക്കെട്ടിനും നെടുമ്പാശേരി വിമാനത്താവളത്തിനും ശേഷം വികസനത്തിന്റെ ഇരമ്പല്‍ കേട്ട നാളുകള്‍. വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം ഉള്‍പ്പെടെ ഒരുപിടി വന്‍കിട പദ്ധതികള്‍. അതോടൊപ്പം എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളജുകള്‍, കാരുണ്യ ചികിത്സാ പദ്ധതി, കോക്ലിയര്‍ ഇംപ്ലാന്റേഷന്‍, സൗജന്യ ജനറിക് മരുന്നുകള്‍ തുടങ്ങിയ ക്ഷേമപ്രവര്‍ത്തനങ്ങളുടെ വേലിയേറ്റവും. ജനിച്ചുവീഴുന്ന കുഞ്ഞുമുതല്‍ വയോവൃദ്ധര്‍ വരെയുള്ളവര്‍ക്ക് സംരക്ഷണം. ബാറുകള്‍ അടച്ചുപൂട്ടാനുള്ള ചങ്കൂറ്റം.

മൂന്നു തവണ കൂടി ജനസമ്പര്‍ പരിപാടി നടത്തി ഉമ്മന്‍ ചാണ്ടി പാവപ്പെട്ട 12 ലക്ഷത്തോളം പേര്‍ക്ക് 243 കോടി /രൂപയുടെ സഹായം വിതരണം ചെയ്തു. ലോകത്താര്‍ക്കും നടപ്പാക്കാന്‍ കഴിയാത്ത ജനസമ്പര്‍ക്ക പരിപാടിക്കാണ് ഐക്യരാഷ്ട്രസംഘടനയുടെ പൊതുജന സേവനത്തിനുള്ള അവാര്‍ഡ് ലഭിച്ചത്. അവാര്‍ഡ് റദ്ദാക്കാന്‍ ഇടതുപക്ഷം യുഎന്‍ ആസ്ഥാനത്തേക്ക് ഇ മെയില്‍ ബോംബിംഗ് തന്നെ നടത്തി. ലോകത്തിന്റെ നെറുകയില്‍നിന്ന് അവാര്‍ഡുമായി തിരിച്ചെത്തിയ ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞും കരിങ്കൊടി വീശിയുമാണ് ഇടതുപക്ഷം എതിരേറ്റത്. കണ്ണൂരില്‍വച്ച് അദ്ദേഹത്തെ അവര്‍ കല്ലെറിഞ്ഞു. അവരോട് അദ്ദേഹം ക്ഷമിച്ചത് മറ്റൊരു കഥ.

ബാര്‍ കോഴക്കേസും സോളാര്‍ കേസും കൂടാതെ അരഡസനോളം കേസുകള്‍ ഉണ്ടാക്കി ഉമ്മന്‍ ചാണ്ടിയെ വരിഞ്ഞുമുറുക്കി. അദ്ദേഹത്തിനെതിരേ ബലാല്‍സംഗക്കേസുവരെ എടുത്തു. മൂന്നു ദൗത്യസംഘങ്ങളെ അറസ്റ്റ് ചെയ്യാന്‍ നിയോഗിച്ചു. ജാമ്യം പോലും എടുക്കാതെ അദ്ദേഹം നെഞ്ചുവിരിച്ചു നിന്നു. കേരള പോലീസിനു കഴിയാതെ വന്നപ്പോള്‍ കേസ് സിബിഐക്കു വിട്ടു. പീഡനാനുഭവ കാലമായിരുന്നു അത്. ഇതിന്റെയെല്ലാം ഫലമായി അദ്ദേഹം രോഗിയായി. 13 ആശുപത്രികളില്‍ ചികിത്സ തേടി. 8 വര്‍ഷം രോഗിയായിരുന്നു. ചികിത്സ സംബന്ധിച്ചു വിവാദമുയര്‍ന്നു. മരണത്തിന്റെ മുന്നിലും അദ്ദേഹം കയ്യും കെട്ടിനിന്നു. അദ്ദേഹത്തിന്റെ അവസാന യാത്രയും ചരിത്രത്തില്‍ ഇടംപിടിച്ചു.

ഉമ്മന്‍ ചാണ്ടിയുടെ ജീവിതം സിനിമയാണോ,കെട്ടുകഥയാണോയെന്ന് സംശയം തോന്നും. എന്നാല്‍ ഇത് ഒരു പച്ചമനുഷ്യന്റെ പച്ചയായ ജീവിതമാണ്. ഇങ്ങനെയൊരു മനുഷ്യന്‍ നമ്മുടെ ഇടയില്‍ ജീവിച്ചിരുന്നെന്നു വരുംതലമുറയ്ക്ക് സംശയം തോന്നും. പച്ചയായ ജീവിതത്തിലെ അറിയപ്പെടാത്ത ഏടുകളാണ് പുസ്തകത്തിന്റെ ഇതിവൃത്തം. ഉമ്മന്‍ ചാണ്ടി ഇപ്പോഴും ജനങ്ങളുടെ ഇടയില്‍ ജീവിക്കുന്നു എന്നതിന്റെ തെളിവാണ് ഈ പുസ്തകത്തിനു ലഭിച്ചിരിക്കുന്ന ഊഷ്മളമായ സീകരണം.

ഉമ്മന്‍ ചാണ്ടിയെക്കുറിച്ച് പി.ടി ചാക്കോ എഴുതിയ ആറാമത്തെ പുസ്തകമാണിത്.

Author

Leave a Reply

Your email address will not be published. Required fields are marked *