പഞ്ചായത്തംഗത്തിന്റെ മരണത്തില്‍ ആത്മഹത്യപ്രേരണ കുറ്റം ചുമത്തി കേസെടുക്കണം – പ്രതിപക്ഷ നേതാവ്

Spread the love

പ്രതിപക്ഷ നേതാവ് കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞത്. (26/08/2025).

സാമ്പത്തിക ബാധ്യതയുള്ളവരെയെല്ലാം പൊതുയോഗം നടത്തി സി.പി.എം അധിക്ഷേപിക്കുമോ?
ദല്ലാള്‍മാരെ ഉപയോഗച്ച് ജി.എസ്.ടി ഇന്റലിജന്‍സ് നടത്തുന്നത് കോടികളുടെ അഴിമതി;സി.പി.എം ശ്രമിക്കുന്നത് എം.വി ഗോവിന്ദന്റെ മകനെതിരായ ആരോപണവും മന്ത്രിമാര്‍ ഉള്‍പ്പെട്ട ഹവാല ഇടപാടുകളും മറച്ചുവയ്ക്കാന്‍; കന്റോണ്‍മെന്റ് ഹൗസിലേക്ക് പ്രകടനം നടത്താന്‍ ഉപയോഗിച്ച കാളയുമായി ബി.ജെ.പിക്ക് രാജീവ് ചന്ദ്രശേഖറിന്റെ വീട്ടിലേക്ക് പ്രകടനം നടത്തേണ്ടി വരും; സി.പി.എമ്മും അധികം കളിക്കരുത്, കേരളം ഞെട്ടിപ്പോകുന്ന വാര്‍ത്തകളുണ്ടാകും; സി.പി.എം ഇപ്പോള്‍ അയ്യപ്പനെ പിടിച്ചിരിക്കുന്നത് ഭൂരിപക്ഷ വര്‍ഗീയ പ്രീണനത്തിനു വേണ്ടി.

കോഴിക്കോട് :  തിരുവനന്തപുരം ആര്യനാട് പഞ്ചായത്തില്‍ വലിയ ഭൂരിപക്ഷത്തിന് വിജയിച്ച ശ്രീജ എന്ന പഞ്ചായത്തംഗം ആസിഡ് കഴിച്ച് ആത്മഹത്യ ചെയതു. ഇന്നലെ അവര്‍ക്കെതിരെ ‘കോട്ടയ്ക്കകത്തെ കുറുവാ സംഘം’ എന്ന പേരില്‍ സി.പി.എം ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തില്‍ പൊതുയോഗം സംഘടിപ്പിച്ചു. സാമ്പത്തിക ബാധ്യത ചൂണ്ടിക്കാട്ടി പരസ്യമായി അധിക്ഷേപിച്ചതില്‍ മനംനൊന്താണ് ശ്രീജ ആത്മഹത്യ ചെയ്തത്. പാവപ്പെട്ട സ്ത്രീകളെ എന്തിനാണ് സി.പി.എം ഇങ്ങനെ വേട്ടയാടുന്നത്? കേരളത്തില്‍ എത്രയോ പേര്‍ക്കാണ് ജപ്തി നോട്ടീസ് വരുന്നത്. സാമ്പത്തിക ബാധ്യതയുള്ളവരെ പരസ്യമായി അപമാനിക്കാന്‍ പൊതുയോഗം ചേരുന്ന പാര്‍ട്ടിയായി സി.പി.എം അധപതിച്ചിരിക്കുകയാണ്. ശ്രീജയുടെ ഭര്‍ത്താവിന്റെയും മകളുടെയും മൊഴി എടുക്കാന്‍ പോലും പൊലീസ് തയാറായില്ല. മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടക്കേണ്ടത്. വേട്ടയാടല്‍ അവസാനിപ്പിക്കാന്‍ സി.പി.എം തയാറാകണം. സാമ്പത്തിക ബാധ്യതയുള്ളവരെയെല്ലാം പൊതുയോഗം നടത്തി സി.പി.എം അധിക്ഷേപിക്കുമോ? എന്തൊരു പാര്‍ട്ടിയാണിത്? സ്ത്രീകളെ വേട്ടയാടുന്ന പാര്‍ട്ടിയായി സി.പി.എം മാറിയിരിക്കുകയാണ്. ശ്രീജയുടെ ആത്മഹത്യയില്‍ ഉത്തരവാദികളായവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി കേസെടുക്കണം. പൊതുയോഗത്തിന്റെ റെക്കോഡുകളും പരിശോധിക്കണം.

ജി.എസ്.ടി വകുപ്പിനെതിരെ വ്യാപക അഴിമതി ആരോപണം ഉയരുകയാണ്. കരിഓയില്‍ കമ്പനിയില്‍ നിന്നും ഇടനിലക്കാരെ ഉപയോഗിച്ച് പണം പിരിച്ചിരിക്കുകയാണ്. ഇത്തരത്തില്‍ വ്യാപക പണപ്പിരിവാണ് നടക്കുന്നത്. ജി.എസ്.ടി വകുപ്പില്‍ നടക്കുന്ന അഴിമതികഥകളുടെ തുടക്കമാണിത്. ദല്ലാള്‍മാരെ ഉപയോഗിച്ചാണ് ജി.എസ്.ടി ഇന്റലിജന്‍സിന്റെ പേരില്‍ തട്ടിപ്പ് നടത്തുന്നത്. സി.പി.എം അനുഭാവികളായ ഉദ്യോഗസ്ഥരെയാണ് വകുപ്പിലെ പ്രധാനപ്പെട്ട തസ്തികകളില്‍ ഇരുത്തിയിരിക്കുന്നത്. അവര്‍ പണം സമ്പാദിക്കുകയാണ്. നികുതി ഭരണം പരിതാപകരമായ അവസ്ഥയിലായ സംസ്ഥാനത്താണ് ഇടനിലക്കാരെ ഉപയോഗിച്ച് കൈക്കൂലി വാങ്ങുന്നത്. നിരവധി കഥകള്‍ പുറത്തു വരാനുണ്ട്. അതിന്റെ തുടക്കമാണ് കാസര്‍കോട്ട് കരിയോയില്‍ കമ്പനിയില്‍ നിന്നും പുറത്തുവരുന്ന കഥകള്‍. ആ കമ്പനി എനിക്കും തെളിവ് സഹിതം പരാതി നല്‍കിയിട്ടുണ്ട്. ഇടനിലക്കാരെ വച്ചാണ് അഴിമതി നടത്തുന്നത്. രാഷ്ട്രീയ നേതൃത്വത്തിന്റെ കൂടി അറിവോടെയാണ് അഴിമതി.

എം.വി ഗോവിന്ദന്റെ മകനെതിരായ ഗുരുതര ആരോപണത്തില്‍ സി.പി.എമ്മിന് മറുപടിയില്ല. സംസ്ഥാനത്തെ ഒരു മന്ത്രിക്ക് ഉള്‍പ്പെടെയാണ് കളങ്കിത വ്യക്തിയായ രാജേഷ് കൃഷ്ണ പണം അയച്ചത്. കേരളത്തിലെ സി.പി.എം നേതാക്കള്‍ക്ക് ഈ കളങ്കിത വ്യക്തിത്വം ഹവാലയിലൂടെയും റിവേഴ്‌സ് ഹവാലയിലൂടെയും ഉണ്ടാക്കിയ പണം കൈമാറിയെന്നത് ഗുരുതര ആരോപണമാണ്. അത് മറച്ചുവയ്ക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറിക്കും മന്ത്രി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കും എതിരെയാണ് ഗുരുതര ആരോപണം ഉയര്‍ന്നിരിക്കുന്നത്. റേപ്പ് കേസിലുള്‍പ്പെട്ടെ എം.എല്‍.എയും ലൈംഗിക ആരോപണ കേസില്‍ ഉള്‍പ്പെട്ട മന്ത്രിമാരുമുണ്ട്. അവിരെയൊക്കെ സി.പി.എം ആദ്യം പുറത്താക്കട്ടെ. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉള്‍പ്പെടെ ലൈംഗികഅപവാദ കേസുകളില്‍ പ്രതികളായവരെ ഇരുത്തിക്കൊണ്ട് എം.വി ഗോവിന്ദനെയും മന്ത്രിമാര്‍ ഉള്‍പ്പെട്ട ഹവാല- റിവേഴ്‌സ് ഹവാല ഇടപാടുകള്‍ മറച്ചു വയ്ക്കാനുമാണ് സി.പി.എം ശ്രമിക്കുന്നത്.

ബി.ജെ.പിക്കാരോട് ഒരു പ്രത്യേക കാര്യം പറയാനുണ്ട്; ഇന്നലെ ഒരു കാളയുമായി കന്റോണ്‍മെന്റ് ഹൗസിലേക്ക് പ്രകടനം നടത്തി. ആ കാളയെ കളയരുത്. അതിനെ പാര്‍ട്ടി ഓഫീസിന്റെ മുറ്റത്ത് കെട്ടിയിടണം. അടുത്ത ദിവസം തന്നെ അതിനെക്കൊണ്ട് ബി.ജെ.പിക്ക് ആവശ്യം വരും. ആ കാളയുമായി രാജീവ് ചന്ദ്രശേഖറിന്റെ വീട്ടിലേക്ക് പ്രകടനം നടത്തേണ്ട സ്ഥിതി ഉടനെയുണ്ടാകും. അതുകൊണ്ട് കാളയെ കളയരുത്. കാളയെ പാര്‍ട്ടി ഓഫീസിന്റെ മുന്നില്‍ തന്നെ കെട്ടിയിടണം. ഭീഷണിപ്പെടുത്തുകയാണെന്ന് കരുതരുത്, സി.പി.എമ്മും അധികം കളിക്കരുത്. കേരളം ഞെട്ടിപ്പോകുന്ന വാര്‍ത്തകളുണ്ടാകും. തിരഞ്ഞെടുപ്പിനൊക്കെ ഇനിയും ഒരുപാട് ദിവസമുണ്ട്.

ഭൂരിപക്ഷ വര്‍ഗീയതയെ പ്രീണിപ്പിക്കുന്നതിനു വേണ്ടിയാണ് സി.പി.എം ആഗോള അയ്യപ്പസംഗമം സംഘടിപ്പിക്കുന്നത്. എന്നുമുതലാണ് സി.പി.എമ്മിന് ശബരിമലയോട് ഈ പ്രേമമുണ്ടായത്. ശബരിമലയുടെ പേരില്‍ ഭൂരിപക്ഷ പ്രീണനത്തിന് ശ്രമിക്കുകയാണ്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷമാണ് ഭൂരിപക്ഷ പ്രീണനം തുടങ്ങിയിരിക്കുന്നത്. ഇപ്പോള്‍ അയ്യപ്പനെ പിടിച്ചിരിക്കുകയാണ്. ഭൂരിപക്ഷ വര്‍ഗീയതയാണ് സി.പി.എം ഇപ്പോള്‍ ഉയര്‍ത്തുന്ന ആയുധം. അതിന് സംഘ്പരിവാറിനെയും ഒപ്പം കൂട്ടട്ടെ. അവര്‍ രണ്ടു പേരും എല്ലാം ഒരുമിച്ചാണല്ലോ ചെയ്യുന്നത്. സി.പി.എം വര്‍ഗീയത കളിക്കുന്നത് തീക്കൊള്ളി കൊണ്ടുള്ള തലചൊറിയലാണെന്ന് പിന്നീട് അവര്‍ക്ക് മനസിലാകും. ബംഗാളില്‍ സംഭവിച്ചതു തന്നെയാണ് കേരളത്തിലും സി.പി.എമ്മിനെ കാത്തിരിക്കുന്നത്. അയ്യപ്പസംഗമത്തെ കുറിച്ച് ഞങ്ങള്‍ക്ക് അറിയില്ല.

ഹൃദയവേദനയോടെ മുഖം നോക്കാതെയാണ് സഹപ്രവര്‍ത്തകനെതിരെ കോണ്‍ഗ്രസ് നടപടി സ്വീകരിച്ചത്. സ്ത്രീപക്ഷ നലപാടാണ് പാര്‍ട്ടി എടുത്തത്. ബോധ്യമുള്ളതു കൊണ്ടാണ് അത്തരമൊരു നിലപാട് എടുത്തത്. സ്ത്രീപീഡന കേസുകളില്‍ ഉള്‍പ്പെട്ടിരിക്കുന്നവരെ ചേര്‍ത്തു പിടിക്കുന്ന പിണറായി വിജയനോടാണ് നിങ്ങള്‍ ഇനി ചോദ്യം ചോദിക്കേണ്ടത്. പക്ഷെ നിങ്ങള്‍ക്ക് അതിന് അവസരം കിട്ടില്ല. പത്രസമ്മേളനം നടത്തിയാലും ആകെ അഞ്ച് ചോദ്യമെ ഉണ്ടാകൂ. അത് കൈരളിയും ദേശാഭിമാനിയും ചോദിക്കും. ഞാന്‍ എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി പറയുന്നുണ്ട്. അവര്‍ ഇനിയും സമരം തുടരണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. കോണ്‍ഗ്രസ് സ്വീകരിച്ച നിലപാട് കേരളത്തിലെ ജനങ്ങള്‍ ആദരവോടെയാണ് നോക്കിക്കാണുന്നത്. ഈ തീരുമാനം കേരള രാഷ്ട്രീയ ചരിത്രത്തില്‍ അടയാളപ്പെടുത്തും. ഐ.എ.എസുകാരിയായ ഉദ്യോഗസ്ഥയെ വരെ അപമാനിച്ചയാള്‍ ഇപ്പോള്‍ മന്ത്രിയായിരിക്കുകയാണ്. അതില്‍ ഒരു ഉളുപ്പുമില്ല. എന്നിട്ടാണ് സമരം നടത്തുന്നത്.

Author

Leave a Reply

Your email address will not be published. Required fields are marked *