മാതൃകാപരമായ വിപണി ഇടപെടലിലൂടെ വിലക്കയറ്റം തടയാനായി: മുഖ്യമന്ത്രി

Spread the love

സപ്ലൈകോ ഓണം ഫെയറുകൾക്ക് തുടക്കം, സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു.
സപ്ലൈകോ ഓണം ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം പുത്തരിക്കണ്ടം ഇ കെ നായനാർ പാർക്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.രാജ്യത്താകെ അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുന്ന ഈ കാലഘട്ടത്തിൽ ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിൽ സ്വാഭാവികമായി വിലക്കറ്റം ഉണ്ടാകേണ്ടതാണെങ്കിലും മാതൃകാപരമായ വിപണി ഇടപെടലിലൂടെ വിലക്കയറ്റം പിടിച്ചു നിർത്താനായതായി മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുവിപണിയിൽ വളരെ ശക്തമായ ഇടപെടലാണ് സർക്കാർ നടത്തുന്നത്. വെളിച്ചെണ്ണയുടെ വിലക്കയറ്റത്തെ നിയന്ത്രിക്കാൻ ഫലപ്രദമായ ഇടപെടൽ നടത്താനായി. വെളിച്ചെണ്ണ കിലോയ്ക്ക് അഞ്ഞൂറു രൂപയോളം ആയ ഘട്ടത്തിൽ ശബരി വെളിച്ചെണ്ണ സബ്ഡിയോടെ 349 രൂപയ്ക്കും സബ്ഡി ഇല്ലാതെ 429 രൂപയ്ക്കും നൽകുകയാണ്. വില ഇനിയും കുറയ്ക്കാനുള്ള ഇടപെടൽ നടത്തുമെന്നും ചടങ്ങിൽ സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞു.ഓണം സമൃദ്ധിയുടേയും ക്ഷേമത്തിന്റേയുമാണ്. അതുകൊണ്ട് സാധാരണക്കാരന്റെ കീശകീറാതെ ഓണം ആഘോഷിക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിച്ചത്. രണ്ടരലക്ഷത്തോളം ക്വിന്റൽ ഭക്ഷ്യധാന്യങ്ങൾ സംഭരിച്ചിട്ടുണ്ട്. ഒരു ലക്ഷത്തിലധികം ക്വിന്റൽ അരിയും, പതിനാറായിരത്തോളം ക്വിന്റൽ ഉഴുന്നും നാൽപ്പത്തിഅയ്യായിരത്തോളം ക്വിന്റൽ പഞ്ചസാരയും സമാഹരിച്ചു. സബ്ഡിയായി നൽകുന്ന മുളകിന്റെ അളവ് അരക്കിലോയിൽ നിന്നും ഒരു കിലോആയി ഉയർത്തി.

ഓണം ഫെയറിന്റെ ആദ്യ വിൽപ്പന മുഖ്യമന്ത്രി നിർവഹിച്ചു. നെയ്യാറ്റിൻകര ചെറുവാരക്കോണം സ്വദേശിനി ലില്ലി മുഖ്യമന്ത്രിയിൽ നിന്നും സാധനങ്ങൾ ഏറ്റുവാങ്ങി. ഉപഭോക്തൃകാര്യ വകുപ്പിന്റെ ഉപഭോക്തൃ കേരളം മാസികയുടെ ഓണപ്പതിപ്പ് മുഖ്യമന്ത്രി മേയർ ആര്യാ രാജേന്ദ്രന് നൽകി പ്രകാശനം ചെയ്തു. സഞ്ചരിക്കുന്ന റേഷൻ കട, വൺ നേഷൻ വൺ കാർഡ് എന്നീ പരസ്യ ചിത്രങ്ങളുടെ പ്രകാശനവും സഞ്ചരിക്കുന്ന ഓണച്ചന്തയുടെ ഫ്ളാഗ് ഓഫും മന്ത്രി ജി ആർ അനിൽ നിർവഹിച്ചു.ആന്റണി രാജു എംഎൽഎ, ഡെപ്യൂട്ടി മേയർ പി കെ രാജു, പൊതുവിതരണ വകുപ്പ് സെക്രട്ടറിയും സപ്ലൈകോ ചെയർമാനുമായ എം ജി രാജമാണിക്യം, പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ കെ ഹിമ, സപ്ലൈകോ മാനേജിംഗ് ഡയറക്ടർ ഡോ. അശ്വതി ശ്രീനിവാസ് തുടങ്ങിയവർ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *