ആചാരലംഘനം നടത്താന്‍ സൗകര്യം ചെയ്തുകൊടുക്കുന്ന സത്യവാങ്മൂലം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറുണ്ടോ? : പ്രതിപക്ഷ നേതാവ്

Spread the love

പ്രതിപക്ഷ നേതാവ് കന്റോണ്‍മെന്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനം. (03/09/2025).

തിരുവനന്തപുരം : തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ മുന്നില്‍ നിര്‍ത്തിക്കൊണ്ട് സര്‍ക്കാര്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്ന അയ്യപ്പ സംഗമം രാഷ്ട്രീയ കാപട്യവും രാഷ്ട്രീയ മുതലെടുപ്പും കപട അയ്യപ്പ സ്‌നേഹവുമാണ്. സി.പി.എമ്മും എല്‍.ഡി.എഫുമാണ് ശബരിമലയെ സങ്കീര്‍ണമായ അവസ്ഥയിലെത്തിച്ചത്. സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ട് യു.ഡി.എഫ് സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം തിരുത്തിയാണ് ആചാരലംഘനത്തിന് സര്‍ക്കാര്‍ കൂട്ടുനിന്നത്. അതേ സത്യവാങ്മൂലം ഇപ്പോഴും നിലനില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ യു.ഡി.എഫിന്റെ ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി നല്‍കണം;

1. ആചാരലംഘനം നടത്താന്‍ സൗകര്യം ചെയ്തുകൊടുക്കുന്ന സത്യവാങ്മൂലം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറുണ്ടോ?

2. നാമജപ ഘോഷയാത്ര ഉള്‍പ്പെടെ സമാധാനപരമായി നടത്തിയ സമരങ്ങള്‍ക്ക് എതിരായ കേസുകള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്. ആ കേസുകള്‍ പിന്‍വലിക്കാന്‍ തയാറുണ്ടോ?

3. പണ്ടുകാലത്തുണ്ടാക്കിയ കവനന്റിന്റെ അടിസ്ഥാനത്തില്‍ 48 ലക്ഷം രൂപയാണ് എല്ലാവര്‍ഷവും ദേവസ്വം ബോര്‍ഡിന് സര്‍ക്കാര്‍ നല്‍കേണ്ടത്. എ.കെ ആന്റണി സര്‍ക്കാരിന്റെ കാലത്ത് 82 ലക്ഷം രൂപയാക്കി മാറ്റി. 82 ലക്ഷം കൊടുക്കേണ്ട സ്ഥാനത്ത് പത്ത് കോടി നല്‍കുമെന്നാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്. എന്നിട്ടും കഴിഞ്ഞ മൂന്നു വര്‍ഷമായി സര്‍ക്കാര്‍ ശബരിമലയ്ക്ക് വേണ്ടി ഒരു കോടി പോയിട്ട് 82 ലക്ഷം രൂപ പോലും നല്‍കിയിട്ടില്ല. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 112 ഏക്കറാണ് കേന്ദ്രാനുമതിയോടെ ശബരിമല വികസനത്തിനു വേണ്ടി ഏറ്റെടുത്തത്. ഈ ഭൂമിക്ക് പകരമായി ഇടുക്കിയില്‍ 112 ഏക്കര്‍ വനംവകുപ്പിന് കൈമാറുകയും ചെയ്തു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് ആശുപത്രികളും ട്രീറ്റ്‌മെന്റ് പ്ലാന്റും ഉള്‍പ്പെടെ ശബരിമലയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. എന്നാല്‍ കഴിഞ്ഞ ഒന്‍പതര വര്‍ഷം ശബരിമലയുടെ വികസനത്തിന് വേണ്ടി ചെറുവിരല്‍ അനക്കാന്‍ തയാറാകാത്ത സര്‍ക്കാരാണ് തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ അയ്യപ്പ സംഗമവുമായി വരുന്നത്.

ഈ ചോദ്യങ്ങള്‍ക്കെല്ലാം മുഖ്യമന്ത്രിയും സര്‍ക്കാരും മറുപടി പറയണം.

ശബരിമലയില്‍ ആചാരലംഘനം നടത്തണമെന്നതാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെയും നിലപാട്. കപട അയ്യപ്പഭക്തിയും രാഷ്ട്രീയ മുതലെടുപ്പും അയ്യപ്പ ഭക്തരെ പരിഹസിക്കുന്നതിന് തുല്യമാണ്. അയ്യപ്പ ഭക്തരുടെ അഭിപ്രായങ്ങള്‍ക്കൊപ്പം പരസ്യമായി യു.ഡി.എഫ് നിലപാടെടുത്തിട്ടുണ്ട്. അതിന് എതിരെ നവോത്ഥാന സമിതി ഉണ്ടാക്കിയവരാണ് സി.പി.എമ്മുകാര്‍. ആചാരലംഘനം നടത്തിയത് ശരിയാണെന്നു വാദിച്ചുകൊണ്ടാണ് നവേത്ഥാന സമിതിയുണ്ടാക്കിയതും മതില്‍ തീര്‍ത്തതും. ആകാശം ഇടിഞ്ഞു വീണാലും അഭിപ്രായം മാറ്റില്ലെന്നാണ് പറഞ്ഞത്. ആ അഭിപ്രായത്തില്‍ ഇപ്പോള്‍ മാറ്റം വരുത്തിയിട്ടുണ്ടോ? എന്നിട്ടാണ് തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ 9 കൊല്ലമായി നടക്കാത്താത്ത അയ്യപ്പ സംഗമം ഇപ്പോള്‍ നടത്തുന്നത്. പത്താം വര്‍ഷത്തില്‍ അയ്യപ്പനോടുള്ള ഈ ഭക്തി എവിടെ നിന്നാണ് ഉണ്ടായത്? കേസുകള്‍ പോലും പിന്‍വലിച്ചിട്ടില്ല. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും അടൂര്‍ പ്രകാശും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഇപ്പോഴും കേസുണ്ട്. യു.ഡി.എഫ് ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി നല്‍കട്ടെ. യു.ഡി.എഫ് പങ്കെടുക്കുമോ ഇല്ലയോ എന്നു പറയാന്‍ അവിടെ രാഷ്ട്രീയ സമ്മേളനമല്ലല്ലോ നടക്കുന്നത്. ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയ ശേഷം ഞങ്ങളെ ക്ഷണിച്ചാല്‍ മതി. ഏത് മതസംഘടനകള്‍ പങ്കെടുക്കുന്നതിലും ഞങ്ങള്‍ക്ക് അഭിപ്രായം പറയില്ല. സി.പി.എമ്മിന്റെയും സര്‍ക്കാരിന്റെയും കാപട്യം അയ്യപ്പ ഭക്തര്‍ തിരിച്ചറിയും. ആചാരലംഘനത്തിന് കൂട്ടു നില്‍ക്കുന്ന സത്യവാങ്മൂലം ഇപ്പോഴും സുപ്രീം കോടതിയിലുണ്ട്. അത് പിന്‍വലിക്കാന്‍ തയാറുണ്ടോയെന്ന് പറയണം. ഇതെല്ലാം കാപട്യമാണ്.

എന്റെ അനുവാദമില്ലാതെയാണ് സംഘാടക സമിതിയില്‍ പേര് വച്ചത്. സ്ഥലത്ത് ഉണ്ടാകുമോയെന്ന് ചോദിച്ചിട്ടല്ല ദേവസ്വം പ്രസിഡന്റ് വന്നത്. കത്ത് നല്‍കി പുറത്ത് പോയശേഷമാണ് കാണാന്‍ കൂട്ടാക്കിയില്ലെന്ന വാര്‍ത്ത നല്‍കിയത്. കാണാന്‍ ആവശ്യപ്പെട്ടിട്ടുള്ള ആരോടും കാണാന്‍ പറ്റില്ലെന്നു പറഞ്ഞിട്ടില്ല. എന്നിട്ടും കാണാന്‍ കൂട്ടാക്കിയില്ലെന്നു പറയുന്നത് മര്യാദകേടാണ്. മുന്‍കൂട്ടി ആവശ്യപ്പെട്ടു വന്നാല്‍ ഇനിയും കാണാന്‍ തയാറാണ്.

ദേവസ്വം ബോര്‍ഡിന് പകരം അവരെ മുന്നില്‍ നിര്‍ത്തി സര്‍ക്കാരാണ് സംഗമം സംഘടിപ്പിക്കുന്നത്. ശബരിമലയിലെ എല്ലാ കുഴപ്പങ്ങള്‍ക്ക് പിന്നിലും സര്‍ക്കാരായിരുന്നു. യു.ഡി.എഫ് പിന്തിരിപ്പന്മാരും ഫ്യൂഡലിസ്റ്റുകളുമാണെന്നാണ് അന്ന് ആക്ഷേപിച്ചത്. നവോത്ഥാനത്തിന്റെ വക്താക്കളെന്നു പറഞ്ഞവരാണ് മതില്‍ കെട്ടിയതും നവോത്ഥാന സമിതിയുണ്ടാക്കിയതും. അങ്ങനെയുള്ളവര്‍ മറുപടി പറയണം. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സംഗമം സം ഘടിപ്പിക്കുന്നത് എന്തിനു വേണ്ടിയാണെന്ന് സാമാന്യയുക്തിയുള്ളവര്‍ക്ക് ബോധ്യപ്പെടും.

സര്‍ക്കാര്‍ വര്‍ഗീയവാദികള്‍ക്ക് ഇടം ഉണ്ടാക്കിക്കൊടുക്കുകയാണ്. മനുഷ്യന്റെ സാമാന്യ ബുദ്ധിയെയാണ് സര്‍ക്കാര്‍ ചോദ്യം ചെയ്യുന്നത്. മുഖ്യമന്ത്രിക്ക് അയ്യപ്പ കോപമുണ്ടോയെന്ന വാര്‍ത്ത ഞങ്ങള്‍ക്ക് അറിയില്ല. അത്തരം ആരോപണങ്ങളൊന്നും ഞങ്ങള്‍ ഉന്നയിക്കില്ല. അതില്‍ എന്തെങ്കിലും സത്യമുണ്ടോയെന്ന് മാധ്യമങ്ങള്‍ അന്വേഷിക്കട്ടെ. പത്താമത്തെ വര്‍ഷം, തിരഞ്ഞെടുപ്പിന്റെ സായാഹ്നത്തിലുള്ള പ്രത്യേക ഭക്തി പയ്യന്നൂരില്‍ നിന്നും വന്നതാണോ ആകാശത്ത് നിന്നും പൊട്ടിവീണതാണോ രാഷ്ട്രീയ കുബുദ്ധി കേന്ദ്രങ്ങളില്‍ നിന്നും ഉദയം കൊണ്ടതാണോ എന്ന് അന്വേഷിക്കണം. വിശ്വാസികളെ മുന്‍നിര്‍ത്തിയുള്ള കാപട്യത്തെയാണ് യു.ഡി.എഫ് ചോദ്യം ചെയ്തത്. സര്‍ക്കാരിന്റെ കാപട്യം തുറന്നുകാട്ടാനുള്ള ഉത്തരവാദിത്തം യു.ഡി.എഫിനുണ്ട്. അതിനെയാണ് യു.ഡി.എഫ് ചോദ്യം ചെയ്യുന്നത്. മൂവായിരം പേര്‍ ചേര്‍ന്നാണോ മാസ്റ്റര്‍ പ്ലാന്‍ ചര്‍ച്ച ചെയ്യുന്നത്? ഇങ്ങനെയൊന്നും പൊതുജനത്തെ കളിയാക്കരുത്.

രാവിലെയും വൈകുന്നേരവും അഭിപ്രായം മാറ്റിപ്പറയുന്ന ആളാണ് എം.വി ഗോവിന്ദന്‍. രാജേഷ് കൃഷ്ണയും അദ്ദേഹത്തിനും മകനും തമ്മില്‍ എന്ത് ബന്ധമാണെന്ന ചോദ്യത്തിന് അദ്ദേഹം ഇതുവരെ മറുപടി പറഞ്ഞിട്ടില്ല.

തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് വിനിയോഗിച്ച് വികസനസദസ് നടത്തമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. അതുമായി യു.ഡി.എഫ് സഹകരിക്കില്ല. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 90000 കോടി നല്‍കേണ്ട സ്ഥാനത്ത് 6000 കോടിയാണ് സര്‍ക്കാര്‍ നല്‍കിയത്. ഫണ്ട് വെട്ടിക്കുറച്ചും വൈകിപ്പിച്ചും അധികാര വികേന്ദ്രീകരണം നടപ്പാക്കിയ ശേഷം പ്രദേശിക സര്‍ക്കാരുകളെ കഴുത്ത് ഞെരിച്ചു കൊന്ന സര്‍ക്കാരാണിത്. എന്നിട്ടാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സ്വന്തം ഫണ്ടില്‍ നിന്നും പണമെടുത്ത് വികസന സദസ് നടത്താന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുന്‍പ് നടത്തിയ പ്രഹസനമായി മാറിയ നവകേരള സദസിന്റെ കണക്ക് പോലും പുറത്തുവിട്ടിട്ടില്ല. ഉദ്യോഗസ്ഥരെ വച്ച് കോടിക്കണക്കിന് രൂപയാണ് നവകേരള സദസിനു വേണ്ടി പിരിച്ചെടുത്തത്. കണക്ക് ഹാജരാക്കാതെ കോടികള്‍ വിഴുങ്ങിയ നവകേരള സദസിന് സമാനമായി സാധാരണക്കാര്‍ നല്‍കിയ പണം ഉപയോഗിച്ച് എന്ത് വികസന സദസാണ് നടത്താന്‍ പോകുന്നത്? രാഷ്ട്രീയ പ്രചരണത്തിന് വേണ്ടി പണം ദുര്‍വ്യയം ചെയ്യുന്ന വികസന സദസുമായി യു.ഡി.എഫിന് യോജിക്കാനാകില്ല.

സംസ്ഥാനത്ത് രൂക്ഷമായ വിലക്കയറ്റമാണ് നിലനില്‍ക്കുന്നത്. കഴിഞ്ഞ ഏഴു മാസമായി റീടെയില്‍ പണപ്പെരുപ്പം ഏറ്റവും കൂടുതലുള്ള ഒന്നാമത്തെ സംസ്ഥാനമാണ് കേരളം. ജൂണിലെ 6.71 ശതമാനത്തില്‍ നിന്ന് ജൂലൈയില്‍ കേരളത്തിലെ പണപ്പെരുപ്പം 8.89 ശതമാനത്തിലേക്ക് കുതിച്ചു കയറി. അരി, പച്ചക്കറി, പലവ്യഞ്ജനം തുടങ്ങിയ എല്ലാ സാധനങ്ങള്‍ക്കും വില വര്‍ധിച്ചു. വെളിച്ചെണ്ണ വില വര്‍ധിച്ചതോടെ പലരും വെളിച്ചെണ്ണയുടെ സബ്സ്റ്റിട്യൂട്സ് ഉപയോഗിക്കുകയാണ്.

സംസ്ഥാനത്ത് വ്യാപകമായി റേഷന്‍ വിതരണം മുടങ്ങി. മഞ്ഞ കാര്‍ഡ് ഉടമകള്‍ക്കുള്ള സൗജന്യ ഓണക്കിറ്റ് വിതരണവും മുടങ്ങി. റേഷന്‍ കാര്‍ഡ് വിതരണവുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്ക് ഫീസ് ഈടാക്കില്ലെന്നാണ് ആറു മാസം മുന്‍പ് ഭക്ഷ്യ വകുപ്പ് അഭിമാനത്തോടെ പറഞ്ഞിരുന്നത്. എന്നാല്‍ ഇന്നലെ മുതല്‍ വീണ്ടുംഫീസ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. ഓണക്കാലത്ത് വിലക്കയറ്റം ഇല്ലെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നിരക്കാത്തതാണ്. ഇന്ത്യയില്‍ ഏറ്റവും വിലക്കയറ്റവും നാണ്യപ്പെരുപ്പവുമുള്ള സംസ്ഥാനമാണ് കേരളം. ഓണക്കാലത്ത് വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

Author

Leave a Reply

Your email address will not be published. Required fields are marked *