കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് എംഎൽഎ എറണാകുളത്ത് മാധ്യമങ്ങൾക്ക് നൽകിയ പ്രതികരണം .

പോലീസ് നടത്തുന്ന ക്രൂരമർദ്ദനങ്ങളും ഭരണപരാജയങ്ങളും ജനദ്രോഹ നയങ്ങളും ഉയർത്തി കാട്ടിയുള്ള പ്രതിപക്ഷ ആക്ഷേപങ്ങളിൽ സർക്കാരിന് ഉത്തരം മുട്ടിയെന്നും അതിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് തട്ടിക്കുട്ട് സമ്മേളനങ്ങൾ സർക്കാർ സംഘടിപ്പിക്കുന്നതെന്ന് കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് എംഎൽഎ.

എംഎൽഎ എന്ന നിലയിൽ രാഹുൽ മാങ്കുട്ടത്തിന് സഭയിൽ പങ്കെടുക്കുന്നതിന് ഒരു അയോഗ്യതയുമില്ല. തീരുമാനം അദ്ദേഹത്തിൻറെതാണ്. സംരക്ഷണം നൽകേണ്ടത് സ്പീക്കറാണ്.രാഹുൽ മാങ്കൂട്ടത്തിനെതിരായ അച്ചടക്കനടപടി പാർട്ടി നേതൃത്വം യോജിച്ചെടുത്തതാണ്. കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങൾ, മുൻ കെപിസിസി പ്രസിഡൻ്റുമാർ ഉൾപ്പെടെ കേരളത്തിലെ കോൺഗ്രസിന്റെ പ്രധാനപ്പെട്ട 25 ഓളം നേതാക്കളുമായി താനും പ്രതിപക്ഷ നേതാവും ആശയ വിനിമയം നടത്തിയ ശേഷമാണ് അത്തരമൊരു തീരുമാനമെടുത്തത്. ആ തീരുമാനത്തെ കോൺഗ്രസിന്റെ ഒരു ഘടകവും ചോദ്യം ചെയ്തിട്ടില്ല. ആരും ആക്ഷേപവും ഉന്നയിച്ചിട്ടില്ല. ആരുടെയും പൂർണ്ണ നിയന്ത്രണത്തിൽ അല്ലാത്ത സാമൂഹ്യ മാധ്യമങ്ങൾ അത്തരത്തിലുള്ള തെറ്റായ പ്രചരണങ്ങൾ നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ഉയർത്തി കാട്ടേണ്ടതെന്നാണ് ഇത്തരത്തിൽ പ്രവർത്തിക്കുന്നവരോട് പറയാനുള്ളത്. അതല്ലാതെ ചേരിതിരിവുണ്ടാക്കാനുള്ള ബോധപൂർവ്വമായ എതിർപക്ഷത്തിന്റെ ശ്രമങ്ങളിൽ പെട്ടു പോയിട്ടുണ്ടെങ്കിൽ അവരത് തിരുത്തണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
വീട്ടില്‍നിന്നു മദ്യവും സ്ഫോടക വസ്തുക്കളും പിടിച്ച കേസില്‍ അന്യായമായി തടങ്കലില്‍ കഴിഞ്ഞ വയനാട് പുൽപ്പള്ളി സ്വദേശി തങ്കച്ചൻ നിരപരാധിയാണ്. തങ്കച്ചന്റെ പരാതിയിൽ ആരുടെയും പേരില്ല. തങ്കച്ചനെതിരെ പോലീസിന് ലഭിച്ച സന്ദേശത്തിൻ്റെ ആധികാരികത അവർ പരിശോധിച്ചില്ല. തങ്കച്ചന്റെ വീടിനുള്ളിൽ നിന്നല്ല മദ്യം പോലീസ് കണ്ടെടുത്തത്. കാർപോർച്ചിൽ നിന്നാണ്. അദ്ദേഹത്തെ അറസ്റ്റ് ചെയ്തു 17 ദിവസത്തോളം ജയിലിൽ അടച്ചത് തെറ്റാണ്. ഈ സംഭവത്തിൽ ഒന്നാമത്തെ ഉത്തരവാദിത്വം പോലീസിനാണ്. വസ്തുതകൾ അന്വേഷിക്കാതെ പോലീസാണ് തങ്കച്ചനെ അറസ്റ്റ് ചെയ്തത് . തങ്കച്ചനെ കുടുക്കുന്നതിനു സാഹചര്യം ഒരുക്കിയവർക്കെതിരെ നിയമനടപടി സ്വീകരിക്കണം. ഈ സംഭവവുമായി ബന്ധപ്പെട്ട് ഏതെങ്കിലും ഒരു കോൺഗ്രസുകാരന് ബന്ധമുണ്ടെങ്കിൽ സംഘടന അതിനെ ഗൗരവമായി കാണും. തങ്കച്ചനുമായി താൻ ആശയവിനിമയം നടത്തിയിരുന്നു. അദ്ദേഹത്തിന് പ്രതികളിലേക്ക് എത്താനുള്ള ഒരു വിവരങ്ങളുമില്ലെന്നാണ് ഞാൻ മനസ്സിലാക്കിയത്. പ്രതികളിലേക്ക് എത്തേണ്ടത് അന്വേഷണ ഉദ്യോഗസ്ഥരാണ്. ആരൊക്കെയാണ് പ്രതികളെന്ന് പോലീസ് വ്യക്തമാക്കണമെന്നും സണ്ണി ജോസഫ് പറഞ്ഞു.