
വികസന പ്രവർത്തനങ്ങളിൽ, പുതിയ ഒരു ഘട്ടത്തിലേക്ക് കേരളം കടക്കുമ്പോൾ നമുക്ക് സുസ്ഥിരമായ മാതൃകകൾ ഏറെ ആവശ്യമാണെന്നും വികസനത്തിനൊപ്പം പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് നിർമിച്ച പച്ചത്തുരുത്തുകളിൽ മികച്ചവയ്ക്കുള്ള പുരസ്‌കാരങ്ങളുടെ വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. പരിസ്ഥിതി സംരക്ഷണ രംഗത്ത് കൂടുതൽ മികവുറ്റ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ പുരസ്‌കാരങ്ങൾ പ്രചോദനമായി മാറട്ടെയെന്നും പുരസ്‌കാര ജേതാക്കളുടെ പ്രവർത്തനങ്ങൾ മറ്റുള്ളവർക്ക് മാതൃകയായിത്തീരട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് ലോക ഓസോൺ ദിനമാണ്. ഓസോൺ പാളിയെ സംരക്ഷിക്കുന്നതിൽ മുഖ്യ പങ്കുവഹിക്കുന്ന ഒന്നാണ് ഹരിതാവരണ വർദ്ധനവ്. അതിനുതകുന്ന ഒരു പദ്ധതിയാണ് ‘പച്ചത്തുരുത്ത്’. ഈ പച്ചത്തുരുത്ത് പുരസ്‌കാരങ്ങൾ ലോക ഓസോൺ ദിനത്തിൽ തന്നെ വിതരണം ചെയ്യുന്നതിൽ തികഞ്ഞ ഔചിത്യ ഭംഗിയുണ്ട്. സവിശേഷമായ ഭൂപ്രകൃതിയുള്ള നാടാണ് കേരളം. ഒരു വശത്ത് പശ്ചിമഘട്ടം, മറുവശത്ത് വിശാലമായ തീരദേശം, അതാണ് നമ്മുടെ ഭൂ പ്രകൃതി. അത് നമ്മുടെ സാമൂഹിക സാമ്പത്തിക മുന്നേറ്റങ്ങളിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. പരിസ്ഥിതി സംരക്ഷണം ലക്ഷ്യം വച്ചുകൊണ്ടാണ് നമ്മൾ നവകേരള കർമ്മ പദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷന് രൂപം നൽകിയത്. കഴിഞ്ഞ ഒരു പതിറ്റാണ്ടോളം രാജ്യത്തിനാകെ മാതൃകയാകുന്ന പല പ്രവർത്തനങ്ങളും ഏറ്റെടുക്കാൻ ഹരിത കേരളം മിഷന് കഴിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അധ്യക്ഷനായിരുന്ന ചടങ്ങിൽ എ എ റഹിം എം.പി., ആന്റണി രാജു എം.എൽ.എ., പദ്ധതി നിർവഹണ വിലയിരുത്തൽ നിരീക്ഷണ വകുപ്പ് സെക്രട്ടറി എസ് ഹരികിഷോർ, നവകേരളം കർമപദ്ധതി സംസ്ഥാന കോർഡിനേറ്റർ ടി. എൻ. സീമ, സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ ജിജു പി അലക്‌സ്, സംസ്ഥാന പുരസ്‌കാര നിർണ്ണയ സമിതി ചെയർപേഴ്‌സൻ പ്രൊഫ ഇ കുഞ്ഞികൃഷ്ണൻ, അഡിഷണൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്‌ററ് ഡോ ജെ ജസ്റ്റിൻമോഹൻ, കില ഡയറക്ടർ ജനറൽ നിസാമുദ്ദിൻ, ജൈവവൈവിധ്യ ബോർഡ് ചെയർപേഴ്സൺ എൻ അനിൽകുമാർ, എം.ജി.എൻ.ആർ.ഇ.ജി.എസ് മിഷൻ ഡയറക്ടർ രഞ്ജിത് ഡി തുടങ്ങിയവർ പങ്കെടുത്തു.