കെ.പി.സിസി ആസ്ഥാനത്തു നടത്തിയ പത്രസമ്മേളനത്തില്‍ നിന്ന്.
തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമം അയ്യപ്പഭക്തന്മാരെ കബളിപ്പിക്കാനുള്ള ഒരു പദ്ധതിയാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. കെ.പിസിസി ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തിനിടെ ഇതുസംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ശബരിമലയ്ക്കു ഭൂമി നല്‍കിയതും സന്നിധാനത്ത് കുടിവെള്ളം എത്തിച്ചതും പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയതും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ്. അന്നു മാസ്റ്റര്‍ പ്‌ളാന്‍ കൊണ്ടുവന്നു. അത് കഴിഞ്ഞ പത്തു വര്‍ഷമായിട്ടും നടപ്പാക്കിയില്ല. എന്നിട്ട് കാലാവധി കഴിയാറായപ്പോള്‍ അതേക്കുറിച്ച് പഠിക്കാന്‍ എന്ന പേരില്‍ അയ്യപ്പസംഗമം നടത്തുന്നുവെന്നു പറഞ്ഞാല്‍ ആരു വിശ്വസിക്കും. അയ്യപ്പഭക്തന്മാരെ കബളിപ്പിക്കാനുള്ള ശ്രമമാണ്. വോട്ടു തട്ടാനുള്ള കുതന്ത്രമാണ്. സംഗമം നടത്തുന്നതിനു മുമ്പ് നാല് കോടി രൂപ വിലയുള്ള സ്വര്‍ണപാളികള്‍ക്ക് എന്തു സംഭവിച്ചു വെന്നു സർകാര്‍ വിശദീകരിക്കട്ടെ. ഹൈക്കോടതിയുടെ അനുവാദമില്ലാതെയാണ് സ്വര്‍ണപ്പാളികള്‍ തമിഴ്‌നാട്ടില്‍ കൊണ്ടുപോയിരിക്കുന്നത്. എത്ര കൊണ്ടുപോയി, എത്ര കൊണ്ടു വന്നു എന്നു ആര്‍ക്കും വിവരമില്ല.
സന്നിധാനവും പൂങ്കാവനവും തകര്‍ക്കാന്‍ നോക്കിയ ഇവര്‍ ആദ്യം അയ്യപ്പന്റെ സ്വര്‍ണത്തിന്റെ കാര്യത്തില്‍ വിശദീകരണം തരട്ടെ. പിന്നെ യുവതീപ്രവേശനം നടത്താം എന്നു പറഞ്ഞു നല്‍കിയ സത്യവാങ്മൂലം തിരുത്തട്ടെ. നാമജപഘോഷയാത്രയില്‍ പങ്കെടുത്ത ആയിരക്കണക്കിന് ആളുകളുടെ പേരില്‍ എടുത്ത കേസുകള്‍ പിന്‍വലിക്കട്ടെ. അയ്യപ്പസംഗമം ഉദ്ഘാടനം ചെയ്യുമ്പോള്‍ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി തെറ്റാണെന്നു പറയാന്‍ മുഖ്യമന്ത്രി തയ്യാറാകുമോ.. തന്റെ മുന്‍നിലപാടുകള്‍ തിരുത്താന്‍ തയ്യാറാണോ – രമേശ് ചെന്നിത്തല ചോദിച്ചു.