സ്വര്‍ണമോഷണം : ദേവസ്വം മന്ത്രി രാജിവയ്ക്കണം കോണ്‍ഗ്രസ് പ്രതിഷേധ ജാഥകള്‍ 14 മുതല്‍ – കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ

Spread the love

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ കെപിസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനം.

                 

ശബരിമലയില്‍നിന്ന് സ്വര്‍ണം മോഷ്ടിച്ച പ്രതികളെ സംരക്ഷിച്ച ദേവസ്വം മന്ത്രി രാജിവെയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. ഹൈക്കോടതി നിരീക്ഷണത്തില്‍ സിബിഐ അന്വേഷണം വേണം. സ്വര്‍ണ്ണം കളവുപോയ വിഷയം മാത്രമല്ലിത്, ക്ഷേത്ര വിശ്വാസത്തേയും ആചാരത്തേയും ബാധിക്കുന്ന കാര്യം കൂടിയാണ്. അതിനെ കോണ്‍ഗ്രസ് അതീവ ഗൗരവമായി കാണുന്നതിനാല്‍ രാഷ്ട്രീയകാര്യ സമിതിയുടെ തീരുമാന പ്രകാരം ശക്തമായ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

ഒക്ടോബര്‍ 9ന് പത്തനംതിട്ടയില്‍ നടത്തുന്ന പ്രതിഷേധ സംഗമം എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്യും. അന്നു വൈകുന്നേരം കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധ ജ്യോതി തെളിച്ച് പ്രകടനം നടത്തും.

അതിന്റെ തുടര്‍ച്ചയായി നാലു കേന്ദ്രങ്ങളില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കള്‍ നയിക്കുന്ന ജാഥകള്‍ സംഘടിപ്പിക്കും. ഈ മാസം പതിനാലിന് ആരംഭിക്കുന്ന ജാഥകള്‍ 18ന് പന്തളത്ത് സമാപിക്കും. കാസര്‍കോഡ് നിന്ന് മുന്‍ കെപിസിസി പ്രസിഡന്റ് കെ.മുരളീധരനും പാലക്കാട് നിന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കൊടിക്കുന്നില്‍ സുരേഷ് എംപിയും തിരുവനന്തപുരത്ത് നിന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപിയും മൂവാറ്റുപുഴയില്‍ നിന്ന് ബെന്നി ബഹ്നാന്‍ എംപിയും ജാഥകള്‍ക്ക് നേതൃത്വം നല്‍കും. മൂവാറ്റുപുഴയില്‍ നിന്നുള്ള ജാഥ 15നാണ് ആരംഭിക്കുന്നത്.

               

സ്വര്‍ണ്ണം ചെമ്പായതിനെ കുറിച്ച് ഇപ്പോഴത്തെ ദേവസ്വം മന്ത്രിക്ക് അറിവുണ്ടായിരുന്നു.ഇക്കാര്യം അന്വേഷിച്ചില്ലെന്ന് മാത്രമല്ല സ്വര്‍ണ്ണം മോഷ്ടിച്ച വ്യക്തികളെ വീണ്ടും അതിന് നിയോഗിച്ചത് ഇപ്പോഴത്തെ ദേവസ്വം മന്ത്രിയാണ്. അതിനാല്‍ ഉദ്യോഗസ്ഥ തലത്തില്‍ മാത്രം ഒതുങ്ങുന്ന തട്ടിപ്പല്ലിത്. അവരുടെ തലയില്‍ കെട്ടിവെച്ച് തടിതപ്പാന്‍ സര്‍ക്കാരിന് കഴിയില്ല.

ശബരിമലയുടെ പവിത്രതയ്ക്കും പാരമ്പര്യത്തിനും വിശ്വാസത്തിനുമാണ് കളങ്കമുണ്ടായത്. മുഖ്യമന്ത്രിക്കും ഇതില്‍ കൂട്ടുത്തരവാദിത്തമുണ്ട്. കോടതി വിധി ഒരിക്കലെങ്കിലും മുഖ്യമന്ത്രി വായിക്കണം. അപ്പോള്‍ ദേവസ്വം മന്ത്രിയെ ന്യായീകരിക്കാന്‍ കഴിയില്ല. നഷ്ടപ്പെട്ട സ്വര്‍ണ്ണം കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടെന്ന ആശങ്ക ഹൈക്കോടതി തന്നെ രേഖപ്പെടുത്തിയിട്ടുണ്ടെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.

പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം പരിഗണിച്ച് ഹൈക്കോടതിയുടെ നിരീക്ഷണത്തിലുള്ള സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ ആവശ്യപ്പെടണം. സംസ്ഥാന പോലീസിന്റെ അന്വേഷണത്തില്‍ രാഷ്ട്രീയ ഇടപെടലിന് സാധ്യതയുണ്ട്. എഡിജിപി അജിത് കുമാറിന്റെ കേസില്‍ ഉള്‍പ്പെടെ മുഖ്യമന്ത്രി ഓഫീസ് ഇടപ്പെട്ടതിന്റെ മുന്‍കാല അനുഭവം നമ്മുടെ മുന്നിലുണ്ട്. കൂടാതെ, സ്വര്‍ണാപഹരണ കേസില്‍ വിവിധ സംസ്ഥാനങ്ങളിലേക്ക് കൂടി അന്വേഷണം കടക്കേണ്ടതുണ്ട്. അതിനാല്‍ ഹൈക്കോടതി നിരീക്ഷണത്തിലുള്ള കേന്ദ്ര ഏജന്‍സികളുടെ അന്വേഷണമാണ് വേണ്ടത്. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കേന്ദ്രസര്‍ക്കാരിന്റെയും സംസ്ഥാന അന്വേഷണ ഏജന്‍സികള്‍ സംസ്ഥാന സര്‍ക്കാരിന്റെയും ടൂള്‍ ആയതിനാലാണ് ഹൈക്കോടതിയുടെ നിരീക്ഷണത്തില്‍ തന്നെ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നതെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

ശബരിമലയില്‍ കോടിണക്കിന് രൂപ വിലമതിക്കുന്നതും കിലോ കണക്കിന് തൂക്കമുള്ളതുമായ സ്വര്‍ണ്ണപ്പാളികള്‍ കാണാതായ സംഭവത്തില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും പ്രതിക്കൂട്ടിലാണ്. സ്വര്‍ണ്ണപ്പാളി മോഷണത്തില്‍ പ്രതികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുന്നതിനോ സ്വര്‍ണ്ണം വീണ്ടെടുക്കുന്നതിനോ സംസ്ഥാന സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ല.സര്‍ക്കാരിനും മുഖ്യമന്ത്രിക്കും പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ്. ദേവസ്വം ബോര്‍ഡും സര്‍ക്കാരും പരസ്പരം പഴിചാരുക മാത്രമാണ്. ഹൈക്കോടതി ഇടപെട്ടില്ലായിരുന്നെങ്കില്‍ സത്യാവസ്ത പുറത്തുവരില്ലായിരുന്നു. സ്വര്‍ണ്ണപ്പാളി മോഷണത്തില്‍ സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും പങ്കാളിത്തം ഹൈക്കോടതി വിധിയിലൂടെ മറനീക്കി പുറത്തുവന്നെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.

കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായ എപി അനില്‍കുമാര്‍,പിസി വിഷ്ണുനാഥ്, ഷാഫി പറമ്പില്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *