കൊച്ചിൻ ഷിപ്പ്‌യാർഡ് നിർമിച്ച ‘ഐഎൻഎസ് മാഹി’ നാവികസേനയ്ക്ക് കൈമാറി

Spread the love

കൊച്ചി: തദ്ദേശീയമായി വികസിപ്പിച്ച് അത്യാധുനിക സാങ്കേതികത്തികവോടെ നിർമിച്ച ‘ഐഎൻഎസ് മാഹി’ അന്തർവാഹിനി ആക്രമണ പ്രതിരോധ കപ്പൽ നാവികസേനയ്ക്ക് കൈമാറി കൊച്ചിൻ ഷിപ്പ്‌യാർഡ്. നാവികസേനയ്ക്കുവേണ്ടി കൊച്ചി കപ്പൽശാല നിർമിക്കുന്ന 8 അന്തർവാഹിനി ആക്രമണ പ്രതിരോധ കപ്പലുകളിൽ ആദ്യത്തേതാണ് ഐഎൻഎസ് മാഹി. കപ്പലുകളുടെ രൂപകൽപ്പന, നിർമാണം, പരിപാലനം എന്നിവയിൽ അന്താരാഷ്ട്ര നിലവാരം ഉറപ്പുവരുത്തുന്ന ഡെറ്റ് നോസ്‌കെ വെരിറ്റസ് (DNV) ഏജൻസിയുടെ സുരക്ഷാ മാനദണ്ഡങ്ങൾക്കനുസൃതമായാണ് ഐഎൻഎസ് മാഹി നിർമിച്ചത്. 78 മീറ്റർ നീളമുള്ള ഐഎൻഎസ് മാഹി രാജ്യത്തെ ഏറ്റവും വലിയ ഡീസൽ എഞ്ചിൻ-വാട്ടർജെറ്റിൽ പ്രവർത്തിക്കുന്ന നാവിക പടക്കപ്പലാണ്. മണിക്കൂറിൽ 25 നോട്ടിക്കൽ മൈൽ വേഗത്തിൽ സഞ്ചരിക്കാൻ ശേഷിയുള്ള കപ്പലിൽ അത്യാധുനിക അണ്ടർവാട്ടർ സെൻസറുകൾ, വെള്ളത്തിൽനിന്നും വിക്ഷേപിക്കാവുന്ന സ്വയം നിയന്ത്രിത ടോർപ്പിഡോകൾ, റോക്കറ്റുകൾ, മൈനുകൾ വിന്യസിക്കാനുള്ള സംവിധാനം എന്നിവ ഒരുക്കിയിട്ടുണ്ട്. കൂടാതെ, സമുദ്രാന്തർ ഭാഗത്തെ അന്തർവാഹിനി സാന്നിധ്യം തിരിച്ചറിയുന്നതിനും തിരച്ചിലിനും രക്ഷാദൗത്യങ്ങൾക്കും ഐഎൻഎസ് മാഹി ഉപകരിക്കും. ശത്രുക്കളിൽനിന്നും സമുദ്രാതിർത്തിയിൽ സംരക്ഷണ കവചമൊരുക്കാൻ നാവിക സേനയ്ക്ക് കരുത്തേകുന്നതാണ് ഐഎൻഎസ് മാഹി. കേന്ദ്രസർക്കാരിന്റെ ആത്മനിർഭർ ഭാരതിനു കീഴിൽ 90 ശതമാനവും തദ്ദേശീയമായി രൂപകൽപ്പനചെയ്തു നിർമിക്കുന്നവയാണ് അന്തർവാഹിനി ആക്രമണ പ്രതിരോധ കപ്പലുകൾ. കൊച്ചിൻ ഷിപ്പ്‌യാർഡിൽ നടന്ന ചടങ്ങിൽ സിഎസ്എൽ ഡയറക്ടർ (ഓപ്പറേഷൻസ്) ഡോ. എസ് ഹരികൃഷ്ണൻ, ഐഎൻഎസ് മാഹിയുടെ കമാൻഡിങ് ഓഫീസർ അമിത് ചന്ദ്ര ചൗബെ, നാവികസേനാ റിയർ അഡ്മിറൽ ആർ ആദിശ്രീനിവാസൻ, കമാൻഡർ അനുപ് മേനോൻ, നാവികസേനയിലെയും കൊച്ചിൻ ഷിപ്പ്‌യാർഡിലെയും ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Picture Caption; നാവികസേനയ്ക്കുവേണ്ടി കൊച്ചിൻ ഷിപ്പ്‌യാർഡ് നിർമിച്ച ആദ്യത്തെ അന്തർവാഹിനി ആക്രമണ പ്രതിരോധ കപ്പൽ ‘ഐഎൻഎസ് മാഹി’ സിഎസ്എൽ ഡയറക്ടർ (ഓപ്പറേഷൻസ്) ഡോ. എസ് ഹരികൃഷ്ണൻ കമാൻഡിങ് ഓഫീസർ അമിത് ചന്ദ്ര ചൗബെയ്ക്ക് ഔദ്യോഗികമായി കൈമാറുന്നു. നാവികസേനാ റിയർ അഡ്മിറൽ ആർ ആദിശ്രീനിവാസൻ, കമാൻഡർ അനുപ് മേനോൻ, നാവികസേനയിലെയും കൊച്ചിൻ ഷിപ്പ്‌യാർഡിലെയും ഉന്നത ഉദ്യോഗസ്ഥർ എന്നിവർ സമീപം.

Julie John

 

Author

Leave a Reply

Your email address will not be published. Required fields are marked *