കേരളത്തില്‍ എസ്.ഐ.ആര്‍ ധൃതിപിടിച്ച് നടത്തുന്നതിന് പിന്നില്‍ ദുരുദ്ദേശം : കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

Spread the love

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ തീരുവനന്തപുരത്ത് മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണം (27.10.25 ).

ധൃതിപിടിച്ച് കേരളത്തില്‍ എസ്.ഐ.ആര്‍ നടത്താനുള്ള തീരുമാനം ദുരുദ്ദേശപരമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. ഒരു ചര്‍ച്ചപോലും നടത്താതെ ഏകപക്ഷീയമാണ് ഈ തീരുമാനമെടുത്തത്. ഇത് തിരുത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാകണം. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുമ്പോള്‍ എസ് .ഐ .ആര്‍ നടപ്പാക്കാനുള്ള തീരുമാനം ബുദ്ധിശൂന്യമാണ്. ശക്തമായ പ്രതിഷേധം കോണ്‍ഗ്രസ് രേഖപ്പെടുത്തുന്നുവെന്നും സണ്ണി ജോസഫ് പറഞ്ഞു.

കേരളം തദ്ദേശ തിരഞ്ഞെടുപ്പിലേക്ക് പോകുന്ന സമയത്ത് എസ്.ഐ.ആര്‍ ഒഴിവാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷം ഉന്നയിച്ച പ്രയോഗിക ബുദ്ധിമുട്ടുകള്‍ മനസിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്തുനല്‍കിയത്. അതിന് ഒരുവിലയും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയില്ല. ജനാധിപത്യ പ്രക്രിയയില്‍ പൗരന്റെ അവകാശമായ വോട്ടവകാശം നിഷേധിക്കുന്നതാണിത്. നിലവിലെ വോട്ടര്‍പട്ടികയിലെ അനര്‍ഹരെ ഒഴിവാക്കുകയും അര്‍ഹരെ ഉള്‍പ്പെടുത്തുകയും വേണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. എന്നാല്‍ അതിന് വിരുദ്ധമായി 2002 ലെ വോട്ടര്‍പട്ടികയെ അടിസ്ഥാനമാക്കി എസ്.ഐ.ആര്‍ നടത്തുന്നതിന്റെ യുക്തി മനസിലാകുന്നില്ല. ഇക്കഴിഞ്ഞ 23 വര്‍ഷമായി വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ത്തവര്‍ വീണ്ടും ഇതേ പ്രക്രിയയുടെ ഭാഗമാകണമെന്ന കര്‍ശന നിര്‍ദ്ദേശം എന്തുമാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണെന്നത് മനസിലാക്കുന്നില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.

പിഎം ശ്രീ പദ്ധതിയോടുള്ള എതിര്‍പ്പിന്റെ ഭാഗമായി മന്ത്രിസഭായോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള സിപി ഐ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. അവഹേളിച്ചതിനെതിരെ സിപി ഐ ഇത്രയെങ്കിലും ചെയ്യുന്നതില്‍ സന്തോഷം. ധാരണപത്രം ഒപ്പിട്ട ശേഷം അത് നടപ്പിലാക്കില്ലെന്ന സിപിഎം പ്രചരണം തട്ടിപ്പാണ്. വല്യേട്ടന്‍ പാര്‍ട്ടിയായ സിപിഎമ്മിന്റെ ഇത്തരം കബളിപ്പിക്കലിന് സിപി ഐ വീണ്ടും നിന്നുകൊടുക്കില്ല എന്നാണ് കരുതുന്നതെന്നും സണ്ണി ജോസഫ് പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *