
രജത ജൂബിലി നിറവിലെത്തിയ കേരളാ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിന്റെ (കിഫ്ബി) ആഘോഷ പരിപാടികൾ നവംബർ 4 വൈകിട്ട് 6 ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കിഫ്ബിയുടെ നേട്ടങ്ങൾ വിശദീകരിക്കുന്ന സുവനീറും ഇംഗ്ലീഷ്-മലയാളം കോഫി ടേബിൾ ബുക്കും മുഖ്യമന്ത്രി പ്രകാശനം ചെയ്യും. മികച്ച പ്രവർത്തനം കാഴ്ചവച്ച പദ്ധതി നിർവഹണ ഏജൻസികൾ, കരാറുകാർ, മത്സര വിജയികൾ തുടങ്ങിയവർക്കുള്ള പുരസ്‌കാരങ്ങളും മുഖ്യമന്ത്രി വിതരണം ചെയ്യുമെന്ന് ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ മസ്കറ്റ് ഹോട്ടലിൽ നടന്ന വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ധനകാര്യ മന്ത്രി കെ. എൻ. ബാലഗോപാൽ അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ വിവിധ മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, എം.പിമാർ, എം.എൽ.എമാർ, ചീഫ് സെക്രട്ടറി, അഡീഷണൽ ചീഫ് സെക്രട്ടറി (ഫിനാൻസ്), പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ, മേയർ ആര്യാ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി സുരേഷ് കുമാർ തുടങ്ങിയവർ സംബന്ധിക്കും. കിഫ്ബി അഡീഷണൽ സി.ഇ.ഒ. മിനി ആന്റണി സ്വാഗതം ആശംസിക്കും. സി.ഇ.ഒ. ഡോ. കെ.എം. എബ്രഹാം ‘നവകേരള ദർശനവും കിഫ്ബിയും’ എന്ന വിഷയം അവതരിപ്പിക്കും. കിഫ്ബി എക്സിക്യുട്ടീവ് ഡയറക്ടർ കെ.പി പുരുഷോത്തമൻ നന്ദി പറയും. ഉച്ചയ്ക്ക് 2 മുതൽ 4 വരെ കനകക്കുന്ന് കൊട്ടാരത്തിൽ സെമിനാർ സെഷൻ ഉണ്ടായിരിക്കും. ഉദ്ഘാടനത്തെ തുടർന്ന് 7.30 മുതൽ റിമി ടോമി നയിക്കുന്ന സംഗീത നിശ അരങ്ങേറും.
ഇന്ത്യയിലെ ഏറ്റവും വലിയ മദർഷിപ്പ് പോർട്ടായ വിഴിഞ്ഞം അന്താരാഷ്ട്ര ട്രാൻസ്ഷിപ്മെന്റ് തുറമുഖത്തിന്റെ സാധ്യതകൾ കേരളത്തിന് പ്രയോജനപ്പെടുത്തുന്നതിനാണ് ഈ പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈപദ്ധതി തെക്കൻ കേരളത്തിലെ സാമ്പത്തിക വളർച്ചയിൽ ഒതുങ്ങാതെ, തീരപ്രദേശങ്ങളെയും, മധ്യ മേഖലയെയും, മലയോര മേഖലയെയും പ്രധാന റോഡ് റെയിൽ ഇടനാഴികൾ വഴി വ്യവസായ ഇടനാഴിയുടെ ഭാഗമാക്കി കേരളത്തിന്റെ സമ്പൂർണ്ണ വികസനം ആണ് ലക്ഷ്യംവയ്ക്കുന്നത്. പദ്ധതി യാഥാർഥ്യമാക്കുന്നതിനായി പ്രാരംഭഘട്ടമായുള്ള ഉചിതമായ ഭൂമി കണ്ടെത്തലുകളും അതിനാവശ്യമായ പഠനങ്ങളും സമാന്തരമായി ആരംഭിച്ചുകഴിഞ്ഞു.ഇത് കൂടാതെ കൊട്ടാരക്കര, കൊല്ലം എന്നിവിടങ്ങളിൽ ഐ.ടി പാർക്കുകൾ, വർക്ക് നിയർ ഹോം പദ്ധതി എന്നിവയുടെ അംഗീകാരം നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചു, കൂടാതെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഹോസ്റ്റൽ പദ്ധതികൾ തുടങ്ങി ഉന്നത വിദ്യാഭ്യാസ മേഖലയിൽ 2227 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് കിഫ്ബി നടപ്പിലാക്കി വരുന്നത്. ഉന്നതവിദ്യാഭ്യാസത്തിനായി പുറം രാജ്യങ്ങളിലേക്ക് പോകുന്ന വിദ്യാർഥികളിൽ ഗണ്യമായ കുറവാണ് ഇപ്പോൾ വന്നിട്ടുള്ളത്. മാത്രമല്ല പുറം രാജ്യങ്ങളിൽ നിന്നുമുള്ള പൗരന്മാർ നമ്മുടെ സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസത്തിനായി വരുന്നതിന്റെ ഒഴുക്ക് വർധിച്ചുവരികയും ചെയ്യുന്നത് നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാനസൗകര്യമികവും പഠന നിലവാരവുമാണ് എടുത്തുകാണിക്കുന്നത്. നമ്മുടെ വിദ്യാഭ്യാസമേഖലയുടെ നിലവാരം ഉയരുന്നത് ദേശീയ തലത്തിൽ തന്നെ അസൂയയോടെയാണ് നോക്കി കാണുന്നത്.യൂണിവേഴ്സിറ്റികളിലും മൈക്രോബയോം, ന്യൂട്രാസ്യൂട്ടികൽ, സ്‌കൂൾ ഓഫ് മാത്തമാറ്റിക്സ്, ക്ലൈമറ്റ് ചേഞ്ച് സ്റ്റഡീസ് എന്നിവിടങ്ങളിൽ മികവിന്റെ കേന്ദ്രങ്ങൾ ഉൾപ്പെടെ നിരവധി പദ്ധതികളാണ് കിഫ്ബിയിലൂടെ തുടർന്നുവരുന്നത്. വ്യത്യസ്ത മേഖലകളിലെ കിഫ്ബിയുടെ വികസന പ്രവർത്തനങ്ങൾ സംസ്ഥാനത്തിന്റെ അടിസ്ഥാനസൗകര്യ, സാമ്പത്തിക, വിദ്യാഭ്യാസ, വ്യവസായ മേഖലകളിൽ അഭിവാജ്യമായ പരിവർത്തനങ്ങൾ യാഥാർഥ്യമാക്കുന്നതിന് കാരണമാകുമെന്നതിൽ സംശയമില്ല. കിഫ്ബിയുടെ വികസനലക്ഷ്യങ്ങൾ ഇനിയും വളർന്നുകൊണ്ടിരിക്കും. ഇനിയും മുന്നോട്ടു സാഭിമാനം സഞ്ചരിക്കുവാൻ കേരളത്തിനൊപ്പം കിഫ്ബിയും ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.