“മാഗ്” തിരഞ്ഞെടുപ്പ് ആവേശപ്പോരാട്ടത്തിലേക്ക് ? രണ്ടു ശക്തമായ പാനലുകൾ !!! ഒഴിവാകുമോ മത്സരം ? ഒരുമിക്കൂ മാഗിന് വേണ്ടി

Spread the love

ഹൂസ്റ്റൺ: ഡിസംബർ രണ്ടാം വാരത്തിൽ നടക്കാനിരിക്കുന്ന അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (MAGH) ഡയറക്ടർ ബോർഡ് തിരഞ്ഞെടുപ്പിനായി ഹൂസ്റ്റൺ മലയാളികളും അമേരിക്കയിലെ മലയാളി സമൂഹവും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

നോർത്ത് അമേരിക്കയിലെ ഏറ്റവും പഴക്കമുള്ളതും ശക്തമായ ഘടനയുള്ളതുമായ, നിരവധി അംഗീകാരങ്ങളും അവാർഡുകളും നേടിയിരിക്കുന്ന സജീവ പ്രസ്ഥാനമാണ് മാഗ് ഹൂസ്റ്റൺ. നഗരത്തിന്റെ ഹൃദയഭാഗത്ത് വിശാലമായ പാർക്കിംഗ് സൗകര്യത്തോടുകൂടിയ രണ്ട് മിനി ഹാളുകളും, സ്പോർട്സ് പരിപാടികൾക്കുള്ള പ്രത്യേക സൗകര്യങ്ങളും ഇവിടെയുണ്ട്. അതിനൊപ്പം തന്നെ, വിശാലമായ ഓഡിറ്റോറിയം നിർമ്മിക്കുന്നതിനുള്ള സ്ഥലം വാങ്ങിയതും അതിന്റെ വിജയത്തിനായി മുൻകാല ബോർഡുകളും നിലവിലെ കമ്മിറ്റി അംഗങ്ങളും ഉത്സാഹത്തോടെ പ്രവർത്തിച്ചുവരുന്നതും ശ്രദ്ധേയമാണ്.

പ്രശസ്ത കവി വൈലോപ്പിള്ളി ശ്രീധരമേനോൻ പറഞ്ഞത് പോലെ —

“മത്സരിക്കുന്നത് എന്തിന് നാം, വ്യഥാ!”
എന്ന ഈ വരികൾ ഈ സാഹചര്യത്തിലും അത്ര തന്നെ പ്രസക്തമാണ്.

റോയി മാത്യുയും ചാക്കോ തോമസും നേതൃത്വത്തിലുള്ള രണ്ട് പാനലുകൾ തിരഞ്ഞെടുപ്പിനായി രംഗത്തുണ്ട്. സാമൂഹിക ബന്ധങ്ങളും പ്രവർത്തനപരമായ പാരമ്പര്യങ്ങളും ഇരുപാനലുകളിലും കാണാം. എങ്കിലും പാനൽ നിറയ്ക്കാനുള്ള തിരക്കിൽ ചിലരെയെങ്കിലും തള്ളിക്കയറ്റിയെന്ന അഭിപ്രായവുമുണ്ട്.

മാഗിന്റെ പുതിയ നിർമ്മാണവും ഭാവി പദ്ധതികളും മുന്നോട്ട് കൊണ്ടുപോകാൻ ഇരുപാനലുകളിലുമുള്ള മികച്ച സ്ഥാനാർത്ഥികളെ ചേർത്തെടുത്ത ഏകകണ്ഠമായ ഒരു പാനൽ രൂപീകരിക്കണമെന്നതാണ് ഹൂസ്റ്റണിലെ ഭൂരിഭാഗം മലയാളികളുടെയും ആഗ്രഹം.

മാഗിന്റെ സ്ഥാപക നേതാക്കളുടെയും മുതിർന്ന അംഗങ്ങളുടെയും ഉപദേശത്തോടെ ഇത്തരമൊരു ഏകപാനൽ രൂപീകരണം നടപ്പിലാക്കണമെന്ന് ശക്തമായ അഭിപ്രായമുണ്ട്.

പതിനാറ് ബോർഡ് അംഗങ്ങളെ തുല്യമായി ഇരുപാനലിലും പങ്കിട്ടും, പ്രസിഡൻറ് സ്ഥാനം ഒരു പാനലിന് നൽകി ആ പാനലിൽ നിന്ന് ഏഴും മറ്റേ പാനലിനു ഒൻപതും ആയി വിഭജിച്ചാൽ ഒരു സമവാക്യം കണ്ടെത്താൻ കഴിയും.

നാട്ടിലെ പഞ്ചായത്ത് മുനിസിപ്പൽ കോർപ്പറേഷൻ തല മത്സരങ്ങളുടെതു പോലെ അനാവശ്യമായ സാമ്പത്തികവും സമയ നഷ്ടവുമുള്ള മത്സരങ്ങൾ ഒഴിവാക്കി ആ ഊർജ്ജവും തുകയും മാഗിന്റെ പുതിയ നിർമ്മാണത്തിനായി വിനിയോഗിക്കുന്നത് തന്നെ ഉത്തമം. ഹൂസ്റ്റണിലെ മിക്കവാറും ദേവാലയങ്ങളും അമ്പലങ്ങളും സന്ദർശിക്കുന്ന തിരക്കിലാണ് രണ്ടു പാനലംഗങ്ങളും. അതോടൊപ്പം ഒക്ടോബർ മാസം മുതൽ തിരഞ്ഞെടുപ്പ് വരെ ഹൂസ്റ്റണിൽ നടക്കുന്ന എല്ലാ അസ്സോസിയേഷൻ യോഗങ്ങളിലും മീറ്റിംഗുകളിലും കൂട്ടായ്മകളിലും പങ്കെടുക്കണം.മിക്കവാറും യോഗങ്ങളിൽ രണ്ടു പാനലംഗങ്ങളൂം തമ്മിൽ കണ്ടുമുട്ടും. ജോലിയിൽ നിന്ന് അവധിയെടുത്തും കുടുംബത്തിന് നൽകേണ്ട സമയത്തിൽ നിന്ന് സമയം കടമെടുത്തും എങ്ങനെയും മത്സരിച്ചു ജയിച്ചു കയറാനുള്ള തയ്യാറെടുപ്പാണ് നടക്കുന്നത്.

രണ്ട് പാനലുകളിലുമുള്ള സ്ഥാനാർത്ഥികളുടെ സാന്നിധ്യം മൂലം, സാധാരണയായി ആളുകൾ കുറവായിരുന്ന മലയാളി യോഗങ്ങളിൽ ഇപ്പോൾ കൂടുതൽ പേർ എത്തുന്നതും ഒരു സാന്നിധ്യാനുഭവമാണ്.

മാഗിന്റെ പുരോഗതിക്കായി ഒറ്റപാനൽ എന്ന ആശയം നടപ്പിലാകട്ടെ — അതാണ് ഗ്രേറ്റർ ഹൂസ്റ്റൺ മലയാളികളുടെ ആഗ്രഹം.

Author

Leave a Reply

Your email address will not be published. Required fields are marked *