നിര്‍ണയ ലാബ് നെറ്റ് വര്‍ക്ക്, എം.ബി.എച്ച്.എഫ്.ഐ. അവാര്‍ഡ് വിതരണം, നഴ്‌സസ് അവാര്‍ഡ് വിതരണം, പി.എച്ച്. ആപ്പ്, കാസ്പ് ഹെല്‍ത്ത് മൊബൈല്‍ ആപ്പ് & വെബ് പോര്‍ട്ടല്‍, ശ്രുതി തരംഗം ലോഗോ – വൈബ്‌സൈറ്റ് പ്രകാശനം.
ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും
തിരുവനന്തപുരം: സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ആര്‍ദ്രകേരളം, കായകല്‍പ്പ് പുരസ്‌കാരങ്ങളുടെ വിതരണം ഒക്ടോബര്‍ 29ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം ടാഗോര്‍ തിയറ്ററില്‍ വെച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കുന്നു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. 2022-23, 2023-24 വര്‍ഷങ്ങളിലെ ആര്‍ദ്രകേരളം പുരസ്‌കാരവും, 2022-2023, 2023-2024, 2024-2025 വര്‍ഷങ്ങളിലെ കായകല്‍പ്പ് പുരസ്‌കര വിതരണവും കൂടാതെ നിര്‍ണയ ഹബ് ആന്റ് സ്‌പോക്ക് മോഡല്‍ സംസ്ഥാനതല ഉദ്ഘാടനം, എം.ബി.എച്ച്.എഫ്.ഐ. അവാര്‍ഡ് വിതരണം, 2022-2023, 2023-2024 വര്‍ഷങ്ങളിലെ നഴ്‌സസ് അവാര്‍ഡ് വിതരണം, പി.എച്ച്. ആപ്പ്, കാസ്പ് ഹെല്‍ത്ത് മൊബൈല്‍ ആപ്പ് & വെബ് പോര്‍ട്ടല്‍, ശ്രുതി തരംഗം പദ്ധതിയുടെ ലോഗോ- വെബ് പോര്‍ട്ടല്‍ പ്രകാശനം എന്നിവയും നടക്കും.
മാതൃകാപരമായ നൂതന പദ്ധതികള്‍ക്കൊപ്പം, കാലാനുസൃതമായി ആരോഗ്യ സ്ഥാപനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതും, പൊതുജന പങ്കാളിത്തത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് തനതായ ആരോഗ്യ സംസ്‌കാരം രൂപപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളും കേരളത്തിന്റെ ആരോഗ്യ മേഖലയിലെ സുപ്രധാനമായ ഇടപെടലുകളാണ്. ഇത്തരം ജനകീയ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരാനും വേണ്ട പ്രോത്സാഹനം നല്‍കുന്നതിനുമായാണ് ആര്‍ദ്രകേരളം പുരസ്‌കാരവും, കായകല്‍പ്പ് പുരസ്‌കാരവും നടപ്പിലാക്കി വരുന്നത്.
ആരോഗ്യ, ആരോഗ്യാനുബന്ധ മേഖലകളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തുന്ന മികവുറ്റ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ആര്‍ദ്ര കേരള പുരസ്‌കാരം. പൊതുജനാരോഗ്യ കേന്ദ്രങ്ങളിലെ ശുചിത്വം, അണുബാധാ നിയന്ത്രണം, മാലിന്യ പരിപാലനം എന്നിവയുടെ മികവ് കണക്കാക്കി പ്രോത്സാഹിപ്പിക്കുന്നതിലൂടെ ആരോഗ്യകരമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള അംഗീകാരമായാണ് കായകല്‍പ്പ് പുരസ്‌കാരം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
സ്തുത്യര്‍ഹമായ സേവനം കാഴ്ചവച്ച ആരോഗ്യവകുപ്പിലെ ജനറല്‍ നഴ്‌സിംഗ്, പബ്ലിക് ഹെല്‍ത്ത് നഴ്‌സിംഗ്, ആരോഗ്യ വിദ്യാഭ്യാസ വകുപ്പിലെ ജനറല്‍ നഴ്‌സിംഗ് എന്നീ വിഭാഗങ്ങളില്‍ നിന്നുള്ള 2023, 2024 വര്‍ഷങ്ങളിലെ നഴ്‌സസ് അവാര്‍ഡുകളാണ് നല്‍കുന്നത്.
എം.ബി.എച്ച്.എഫ്.ഐ.
രാജ്യത്ത് ആദ്യമായാണ് ഈ സര്‍ക്കാരിന്റെ കാലത്ത് മാതൃശിശു സൗഹൃദ ആശുപത്രി ഇനിഷ്യേറ്റീവ് പദ്ധതി ആവിഷ്‌ക്കരിച്ചത്. സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ ഡെലിവറി പോയിന്റുകളെ മാതൃശിശു സൗഹൃദമാക്കാനാണ് ഈ പദ്ധതി ആവിഷ്‌ക്കരിച്ചത്. ഇതുവരെ 59 ആശുപത്രികള്‍ക്കാണ് എം.ബി.എച്ച്.എഫ്.ഐ. ലഭിച്ചിട്ടുള്ളത്. പുതിയ 15 സ്ഥാപനങ്ങള്‍ക്കാണ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നത്.
നിര്‍ണയ ലാബ് നെറ്റ് വര്‍ക്ക്
സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖലയിലെ ലാബുകളെ ബന്ധിപ്പിച്ചു കൊണ്ടുള്ള സമഗ്ര ലബോറട്ടറി ശൃംഖലയാണ് നിര്‍ണയ ലാബ് നെറ്റ് വര്‍ക്ക്. സമഗ്ര ലബോറട്ടറി പരിശോധനകള്‍ താഴെത്തട്ടില്‍ ഉറപ്പ് വരുത്തുന്നതിനായി സര്‍ക്കാര്‍ മേഖലയിലെ ലാബുകളെ ബന്ധിപ്പിച്ചുകൊണ്ടാണ് ഇത് യാഥാര്‍ത്ഥ്യമാകുന്നത്.
ജനകീയ ആരോഗ്യ കേന്ദ്രം: പബ്ലിക് ഹെല്‍ത്ത് ആപ്പ്
ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ വഴിയുള്ള പൊതുജനാരോഗ്യ സേവനങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനാണ് JAK-PH മൊബൈല്‍ അപ്ലിക്കേഷന്‍ സജ്ജമാക്കിയത്. ഓരോ ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെയും പരിധിയില്‍ വരുന്ന പ്രദേശങ്ങളിലെ പൊതുജനാരോഗ്യ വിവരശേഖരണം, പകര്‍ച്ചവ്യാധി നിയന്ത്രണം, പൊതുജനാരോഗ്യ പ്രാധാന്യമുള്ള സര്‍വേകള്‍, ജീവിതശൈലി രോഗ നിയന്ത്രണ പരിപാടികള്‍, വ്യക്ത്യാധിഷ്ഠിത സേവനങ്ങള്‍ തുടങ്ങിയവ കാര്യക്ഷമമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
കാസ്പ് ഹെല്‍ത്ത് മൊബൈല്‍ ആപ്പ് & വെബ് പോര്‍ട്ടല്‍
കാസ്പ് പദ്ധതിയുടെ വിവരങ്ങള്‍, ഇന്‍ഷുറന്‍സ് പദ്ധതിയിലേക്കുള്ള യോഗ്യത, സമീപത്തെ എംപാനല്‍ ചെയ്ത ആശുപത്രികള്‍, ചികിത്സാ വിഭാഗം എന്നിങ്ങനെയുള്ള വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കാനാണ് ‘കാസ്പ് ഹെല്‍ത്ത്’ എന്ന മൊബൈല്‍ ആപ്പ് സജ്ജമാക്കിയത്.
ശ്രുതി തരംഗം ലോഗോ – വൈബ് സൈറ്റ് പ്രകാശനം പ്രകാശനം
ഗുരുതരമായ ശ്രവണ വൈകല്യമുളള കുട്ടികള്‍ക്ക് സൗജന്യ കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയയും അനുബന്ധ സേവനങ്ങളും സൗജന്യമായി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് ‘ശ്രുതിതരംഗം’. ആരോഗ്യ വകുപ്പിന് കീഴില്‍ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി വഴിയാണ് നടപ്പിലാക്കി വരുന്നത്. ശ്രുതിതരംഗത്തിന് ആദ്യമായാണ് ലോഗോ തയ്യാറാക്കിയിരിക്കുന്നത്. വിശദ വിവരങ്ങളറിയാന്‍ വെബ്‌സൈറ്റ് സഹായിക്കും.