മുഖ്യമന്ത്രി പിണറായി വിജയൻ്റെ വാർത്താസമ്മേളനത്തിൽ നിന്നും 29.10. 2025

Spread the love

നമ്മുടെ സംസ്ഥാനം ഉൾപ്പെടെയുള്ള രാജ്യത്തെ സംസ്ഥാനങ്ങളിൽ വോട്ടർപട്ടിക പ്രത്യേക തീവ്ര പുനഃപരിശോധന (എസ് ഐ ആർ) തിടുക്കപ്പെട്ടു നടപ്പാക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം വലിയ ആശങ്കയാണ് ഉണ്ടാക്കിയിട്ടുള്ളത്. നമ്മുടെ രാജ്യത്തെ ജനാധിപത്യ പ്രക്രിയയ്ക്ക് തന്നെ വെല്ലുവിളി ഉയർത്തുന്ന ഈ നീക്കത്തിന്റെ അപകടം ചൂണ്ടിക്കാട്ടി കേരള നിയമസഭ ഐകകണ്ഠ്യേന നേരത്തെ പ്രമേയം അം​ഗീകരിച്ചതാണ്. എസ് ഐ ആർ നടപ്പാക്കുന്നതിൽ നിന്ന് പിന്തിരിയണമെന്നും സുതാര്യമായ വോട്ടർ പട്ടിക പുതുക്കൽ നടക്കണമെന്നുമാണ് നിയമസഭ ആവശ്യപ്പെട്ടത്.

രാഷ്ട്രീയപാർട്ടികളുടെയും സംസ്ഥാനതെരഞ്ഞെടുപ്പ് ഓഫീസറുടെ തന്നെയും അഭിപ്രായം അവഗണിച്ച് എസ്ഐആർ നടപ്പാക്കും എന്ന തീരുമാനമാണ് ഇപ്പോൾ എടുത്തിട്ടുള്ളത്. സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ ഇത് ഇപ്പോൾ പ്രാവർത്തികമല്ലയെന്ന് സംസ്ഥാനത്തെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷ്ണർ തന്നെ അഭിപ്രായപ്പെട്ടതാണ്. ഈ തീരുമാനം ശക്തമായി എതിർക്കപ്പെടേണ്ടതുണ്ട്. അതിന്റെ ഭാഗമായി സർവ്വകക്ഷി യോഗം വിളിച്ചു തുടർന്ന് നടപടികൾ ആലോചിക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. നവംബർ 5ന് 4 മണിക്ക് സർവ്വകക്ഷിയോഗം ചേരും.

അഗ്നിരക്ഷാ സേവന വകുപ്പിൽ സ്റ്റേഷൻ ഓഫീസർ തസ്തികയിൽ വനിതകളെ നിയമിക്കുന്നതിന് പുതിയതായി 12 വനിതാ സ്റ്റേഷൻ ഓഫീസർ തസ്തികകൾ സൃഷ്ടിക്കും. ഇപ്രകാരം സൃഷ്ടിക്കുന്ന തസ്തികകളിൽ 50 ശതമാനത്തിൽ പി എസ് സി വഴി നേരിട്ടും, 50 ശതമാനത്തിൽ ഇപ്പോൾ സർവ്വീസിലുള്ള വനിതാ ഫയർ ഓഫീസർമാരിൽ നിന്നും നിയമനം നടത്തും.

കോട്ടയം ജില്ലയിലെ കൂട്ടിക്കലിൽ ഉണ്ടായ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട 25 പേർക്ക് ഒരാൾക്ക് വീട് ഉൾപ്പെടെ പരമാവധി എഴ് സെന്റ് എന്ന വ്യവസ്ഥയിൽ സൗജന്യമായി കൈമാറുന്ന വസ്തുവിന്റെ രജിസ്ട്രേഷന് മുദ്രവിലയിലും രജിസ്ട്രേഷൻ ഫീസിലും ഇളവ് നൽകും. 26,78,739 രൂപയുടെ ഇളവാണ് നൽകുക.

പി.എം ശ്രീ

പി.എം ശ്രീ പദ്ധതി സംബന്ധിച്ച ധാരണാപത്രം ഒപ്പിട്ടതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളും ആശങ്കകളും കണക്കിലെടുത്ത് പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് റിവ്യൂ നടത്താൻ തീരുമാനിച്ചു. ഇക്കാര്യങ്ങൾ പരിശോധിച്ച് റിപ്പോർട്ട് ലഭ്യമാക്കാൻ ഏഴം​ഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു. വ്യദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാകും. കെ രാജൻ, പി പ്രസാദ്, റോഷി അഗസ്റ്റിൻ, പി രാജീവ്, എ കെ ശശീന്ദ്രൻ, കെ കൃഷ്ണൻകുട്ടി, എന്നിവർ അംഗങ്ങളായിരിക്കും. സബ് കമ്മിറ്റി റിപ്പോർട്ട് ലഭിക്കുന്നത് വരെ സംസ്ഥാനത്ത് പി എം ശ്രീ നടപ്പാക്കുന്ന കാര്യങ്ങളുമായി മുന്നോട്ട് പോകില്ലെന്ന് കേന്ദ്ര സർക്കാരിനെ കത്ത് മുഖേന അറിയിക്കും.

നെല്ല് സംഭരണം

നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യാൻ മില്ലുടമകളുമായി ഒരു ചർച്ച ഇന്ന് നടന്നിരുന്നു. നെല്ല് സംസ്ക്കരണ മില്ലുടമകൾക്ക് 2022-23 സംഭരണ വർഷം ഔട്ട് ടേൺ റേഷ്യോയുമായി ബന്ധപ്പെട്ട് നൽകാനുള്ള നഷ്ടപരിഹാര തുകയായ 63.37 കോടി രൂപ അനുവദിക്കുന്ന കാര്യം മന്ത്രിസഭ പരിഗണിക്കും. കേന്ദ്രം നിശ്ചയിച്ച 68 ശതമാനമെന്ന ഔട്ട് ടേൺ റേഷ്യോയിൽ മാറ്റം വരുത്താൻ സംസ്ഥാനത്തിന് അധികാരമില്ല. കേരളത്തിന്റെ പ്രത്യേക സാഹചര്യത്തിൽ കേന്ദ്രം നിശ്ചയിച്ച മാനദണ്ഡങ്ങൾ പ്രകാരം നെല്ല് സംഭരിക്കാൻ പ്രയാസം അനുഭവിക്കുകയാണ്. അതിനാൽ ഈ പ്രശ്നങ്ങൾ പരിഹരിക്കാനാവശ്യമായ തീരുമാനം കൈക്കൊള്ളാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടും. എന്നാൽ ഇതുമായി ബന്ധപ്പെട്ട് മില്ലുടമകൾക്ക് നഷ്ടം ഉണ്ടാവുകയാണെങ്കിൽ സംസ്ഥാന സർക്കാർ ധനസഹായം നൽകുന്നതിൽ ഇടപെടുകയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ 2025-26 സംഭരണവർഷം മുതൽ ഔട്ട് ടേൺ റേഷ്യോയിലെ വ്യത്യാസം മൂലം മില്ലുടമകൾക്കുണ്ടാകുന്ന നഷ്ടം പരിഹരിക്കുന്നതിന് ന്യായമായ നടപടി സർക്കാർ കൈക്കൊള്ളും. നെല്ല് കടത്തുന്നതുമായി ബന്ധപ്പെട്ട ട്രാൻസ്പോർട്ടേഷൻ ചാർജ് അനുവദിച്ചു നൽകാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ലഭിക്കുന്ന മുറയ്ക്ക് പൂർണമായും മില്ലുടമകൾക്ക് നൽകാനും ധാരണയായി.

RH

Author

Leave a Reply

Your email address will not be published. Required fields are marked *