
കെഎസ്ആർടിസിയുടെ എട്ട് പ്രധാന പദ്ധതികളുടെ ഉദ്ഘാടനം കെഎസ്ആർടിസി ചീഫ് ഓഫീസിൽ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ നിർവഹിച്ചു.
ഇന്റഗ്രേറ്റഡ് കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ, എ ഐ ഷെഡ്യൂളിംഗ് സംവിധാനം, തീർത്ഥാടന ടൂറിസം പദ്ധതി, റോളിങ്ങ് ആഡ്സ് പരസ്യ മോഡ്യൂൾ, വാഹന പുക പരിശോധനാ കേന്ദ്രം, ഹാപ്പി ലോംഗ് ലൈഫ് സൗജന്യയാത്ര കാർഡ് വിതരണം, ദീർഘദൂര ബസുകളിലെ യാത്രക്കാരായ കുട്ടികൾക്കുള്ള ഗിഫ്റ്റ് ബോക്‌സ് വിതരണം, കെഎസ്ആർടിസിയിലെ വനിതാ ജീവനക്കാർക്കായി സൗജന്യ ക്യാൻസർ രോഗ നിർണ്ണയം എന്നിവയാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്.

രാജ്യത്ത് ആദ്യമായി സമ്പൂർണ ഡിജിറ്റലൈസേഷൻ നടപ്പിലാക്കുന്ന ട്രാൻസ്പോർട്ട് കോർപ്പറേഷനായി കെഎസ്ആർടിസി മാറിയതായി അദ്ദേഹം പറഞ്ഞു.
കെഎസ്ആർടിസി സാങ്കേതികമായി വൻ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. എ ഐ അധിഷ്ഠിത ഡിജിറ്റലൈസേഷനിലൂടെ കെഎസ്ആർടിസിയിലെ എല്ലാ സംവിധാനങ്ങളും ഒറ്റ ഡാഷ്‌ബോർഡിൽ ഏകോപിപ്പിച്ചു. സ്ഥാപനത്തിന്റെ അക്കൗണ്ട്‌സ്, കൊറിയർ, സ്പെയർ പാർട്‌സ് വാങ്ങൽ, റീ ഓർഡറിങ്, ഡിസ്ട്രിബ്യൂഷൻ, ബജറ്റ് ടൂറിസം, എസ്റ്റേറ്റ് വാടക പിരിക്കൽ തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടും. ഡിജിറ്റൽ യൂണിവേഴ്‌സിറ്റി, സ്റ്റാർട്ടപ്പ് മിഷൻ എന്നിവയുടെ സാങ്കേതിക നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ഇതിനായുള്ള സോഫ്റ്റ്‌വെയർ കെഎസ്ആർടിസിയ്ക്ക് വേണ്ടി പ്രത്യേകമായി വികസിപ്പിച്ചതാണെന്ന് മന്ത്രി പറഞ്ഞു.
കെഎസ്ആർടിസിയിലെ വനിതാ ജീവനക്കാർക്കായി ഓങ്കോളജിസ്റ്റ് ഡോ. ഗംഗാധരന്റെ നേതൃത്വത്തിൽ സൗജന്യ ക്യാൻസർ രോഗ നിർണ്ണയ പദ്ധതി തുടങ്ങുകയാണ്. അടുത്ത ഘട്ടമായി ജീവനക്കാരുടെ ക്യാൻസർ ചികിത്സയ്ക്കുള്ള ചെലവ് കമ്പനികളുടെ സി എസ് ആർ ഫണ്ടിലൂടെ കണ്ടെത്തും. ജീവനക്കാരുടെ ആത്മാർത്ഥ പരിശ്രമത്തിലൂടെയാണ് കെഎസ്ആർടിസി മാതൃകപരമായ ഇത്തരം നേട്ടങ്ങൾ കൈവരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കെഎസ്ആർടിസി സിഎംഡി ഡോ. പി. എസ് പ്രമോജ് ശങ്കർ, വാട്ടർ ട്രാസ്പോർട്ട് വകുപ്പ് ഡയറക്ടർ ഷാജി വി നായർ, കെഎസ്ആർടിസി സാമ്പത്തിക ഉപദേഷ്ടാവും ചീഫ് അക്കൗണ്ട്‌സ് ഓഫീസറുമായ എ ഷാജി, എക്‌സിക്യൂട്ടീവ് ഡയറക്ടർ പി എം ഷറഫ് മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.